കൊഴിഞ്ഞാമ്പാറ ∙ പ്രത്യേക ഗ്രാമസഭ ചേർന്നെടുത്ത തീരുമാനപ്രകാരം സ്റ്റോപ് മെമ്മോ നൽകിയ കരിങ്കൽ ക്വാറി വീണ്ടും പ്രവർത്തനമാരംഭിച്ചു. ക്വാറിയിൽ നടത്തുന്ന സ്ഫോടനത്തിൽ കരിങ്കൽ പാളികൾ വീടുകൾക്കു സമീപം വന്നു വീഴുന്നതായും ഇത് അപകടത്തിനു വഴി വയ്ക്കുന്നതായും പരാതി.
പഞ്ചായത്തിനു നൽകിയ ഉറപ്പു ലംഘിച്ചു പഞ്ചായത്ത് റോഡിലൂടെ കരിങ്കല്ല് കയറ്റിയ വാഹനങ്ങളും ഓടുന്നതു പതിവായതായും നാട്ടുകാർ. പഞ്ചായത്തിലെ മലയാണ്ടി കൗണ്ടന്നൂരിലാണ് ഒരു മാസത്തിലേറെയായി കരിങ്കൽ ക്വാറി പ്രവർത്തിച്ചുവരുന്നത്.
ക്വാറിക്കെതിരെ വാർഡിൽ പ്രത്യേക ഗ്രാമസഭ ചേരുകയും സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തതാണ്.
എന്നാൽ, ഈ സ്റ്റോപ് മെമ്മോ മരവിപ്പിച്ചു കൊണ്ടുള്ള കോടതി ഉത്തരവു ലഭിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണു വീണ്ടും ക്വാറി പ്രവർത്തിച്ചു തുടങ്ങിയത്. എന്നാൽ, മലയാണ്ടി റോഡിലൂടെ കരിങ്കല്ല് കയറ്റിയ വാഹനങ്ങൾ കൊണ്ടുപോകരുതെന്ന നിബന്ധനയിലാണ് മുൻപു പഞ്ചായത്ത് ഭരണസമിതി ക്വാറിക്ക് അനുമതി നൽകിയത്. ഈ നിബന്ധന മറികടന്നു കൊണ്ടാണ് ഇപ്പോൾ കരിങ്കല്ല് കൊണ്ടുപോകുന്നത്.
ക്വാറി പ്രവർത്തിക്കുന്നതിന്റെ 100 മീറ്റർ ചുറ്റളവിനകത്തു വീടുകൾ ഉണ്ടായിട്ടും ഇതെല്ലാം മറികടന്നാണു ക്വാറിയുടെ പ്രവർത്തനം. എരുത്തേമ്പതി-കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളുടെ അതിർത്തിയായ മലയാണ്ടി കൗണ്ടന്നൂരിൽ വർഷങ്ങൾക്കു മുൻപ് അപകടകരമായ രീതിയിൽ പ്രവർത്തിച്ചിരുന്ന കരിങ്കൽ ക്വാറിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നതിനെത്തുടർന്നു നിർത്തലാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ നാട്ടുകാരുടെ എതിർപ്പു മറികടന്നാണു ക്വാറി പ്രവർത്തനമാരംഭിച്ചിട്ടുള്ളതെന്നു നാട്ടുകാർ ആരോപിച്ചു.
അതേസമയം, മലയാണ്ടി കൗണ്ടന്നൂരിലൂടെയുള്ള പഞ്ചായത്ത് റോഡിലൂടെ കരിങ്കല്ല് കയറ്റിയ ലോറികൾ ഓടിക്കില്ലെന്ന നിബന്ധന ലംഘിച്ചതു ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ഇന്നു ചേരുന്ന ഭരണസമിതി യോഗത്തിൽ ക്വാറിയുടെ അനുമതി റദ്ദാക്കുന്നതു സംബന്ധിച്ച് അജൻഡ വച്ചിട്ടുണ്ട് എന്നും ഭരണസമിതിയുടെ തീരുമാനപ്രകാരം തുടർ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

