കാഞ്ഞിരപ്പള്ളി∙ ‘വവ്വാൽ ശല്യം രൂക്ഷമാകുന്നു നടപടിയെടുക്കണം’, കപ്പാട് കോഴിയാനി പൗരസമിതി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയാണിത്. വവ്വാലിനെതിരെ പരാതിയോ എന്ന് കരുതി കേൾക്കുന്നവർക്കു കൗതുകം തോന്നുമെങ്കിലും ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ.
കാരണം അത്രമാത്രം വവ്വാൽ ശല്യത്താൽ പൊറുതി മുട്ടുകയാണ് പ്രദേശത്തെ കർഷകരും ജനങ്ങളും. ഒപ്പം മുള്ളൻപന്നി, കാട്ടുകോഴി എന്നിവയുടെ ശല്യവും വ്യാപകമാകുന്നു.
വിലയില്ലാത്ത കാലത്ത് വില്ലനായി വവ്വാൽ
ഏത്തവാഴക്കുലകൾ ഉൾപ്പെടെ കായുടെ പുറംതോട് വരഞ്ഞ് കീറിയ നിലയിലാണ്.
വാഴക്കുല വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ കൃഷി നശിപ്പിക്കപ്പെടുന്ന സാഹചര്യവും നിലനിൽക്കുന്നതോടെ കർഷകർ ഇരട്ടി ദുരിതത്തിലായി. അറിയാവുന്ന പൊടിക്കൈകൾ ഒക്കെ ഉപയോഗിച്ച് വവ്വാലുകളെ തുരത്താൻ ശ്രമങ്ങൾ നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെട്ടപ്പോഴാണ് പരാതിയുമായി അധികൃതരെ സമീപിച്ചിരിക്കുന്നതെന്ന് പൗരസമിതി പ്രസിഡന്റ് ജോസഫ് നെല്ലിയാനി, സെക്രട്ടറി സോമൻ പൊട്ടനാനി എന്നിവർ പറഞ്ഞു.
ഏത്തക്കായ മാത്രമല്ല പേരയ്ക്ക, ചക്ക തുടങ്ങിയ ഫലങ്ങളും വവ്വാൽ തിന്നുകയാണ്.
രോഗ ഭീതിയും
നിപ്പ ഉൾപ്പെടെയുള്ള രോഗങ്ങൾ വവ്വാൽ മൂലം ഉണ്ടാകുന്നു എന്നതിനാൽ ജനങ്ങൾ ഭീതിയിലാണ്. കപ്പാട്, കാളകെട്ടി, മാഞ്ഞുക്കുളം, തമ്പലക്കാട് എന്നീ പ്രദേശങ്ങളിലാണ് വവ്വാൽ ശല്യം രൂക്ഷമാണ്.
രാത്രി, പകൽ വ്യത്യാസം ഇല്ലാതെ വലിയ ശബ്ദം ഉണ്ടാക്കി വവ്വാലുകൾ ജനവാസ മേഖലയിൽ വട്ടമിട്ട് പറക്കുന്നതോടെ കുട്ടികൾ ഉൾപ്പെടെ വീടിന് പുറത്തിറങ്ങാൻ ഭയക്കുന്ന അവസ്ഥയാണ്. ഗവ.സ്കൂൾ ഉൾപ്പെടെയുള്ള പ്രദേശത്തും വവ്വാലുകളുടെ ശല്യമുണ്ട്.
പ്രദേശത്ത് കാട് പിടിച്ചുകിടക്കുന്ന സ്വകാര്യ പുരയിടങ്ങളിലാണു വവ്വാലുകളുടെ താവളം.
കൂട്ടിന് കാട്ടുകോഴിയും മുള്ളൻപന്നിയും
പറന്നുവന്ന് ദുരിതം വിതയ്ക്കുന്ന വവ്വാലുകൾക്ക് പുറമേ, പറമ്പുകളിൽ മുള്ളൻപന്നിയും കാട്ടുകോഴിയും വരുത്തുന്ന നാശവും ചില്ലറയല്ല. പ്രദേശത്തെ പല സ്ഥലങ്ങളും കാട് കയറി വനം പോലെ ആയതാണ് ഇത്തരം ജീവികളുടെ ശല്യമുണ്ടാകാൻ കരണം.
മുള്ളൻപന്നിയുടെ മാളങ്ങൾ കൃഷിയിടങ്ങളിൽ വർധിച്ചു വരികയാണ്. ഒപ്പം കൂട്ടമായി എത്തുന്ന കാട്ടുകോഴികൾ ചെറിയ വിളകൾക്കും നാശം വരുത്തുന്നുണ്ട്.
വന്യജീവി ശല്യത്തിന് ഒരു സാധ്യതയും ഇല്ലാത്ത പ്രദേശത്ത് സമാധാനത്തോടെ കൃഷി ചെയ്തിരുന്ന കർഷകർക്ക് ചെറുജീവികൾ ഇപ്പോൾ പേടി സ്വപ്നമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

