ന്യൂഡൽഹി∙ മലയാളി ഉടമസ്ഥതയിലുള്ള ‘ഫ്ലൈ91’ വിമാനക്കമ്പനി ആദ്യമായി കേരളത്തിൽ സർവീസ് ആരംഭിക്കുന്നു. ഫെബ്രുവരി 9 മുതൽ കൊച്ചിക്കും ലക്ഷദ്വീപിലെ അഗത്തിക്കുമിടയിൽ പ്രതിദിന സർവീസ് ആരംഭിക്കും.
കൊച്ചിക്കു പിന്നാലെ കണ്ണൂരും പരിഗണനയിലുണ്ട്. കുന്നംകുളത്ത് കുടുംബവേരുകളുള്ള മനോജ് ചാക്കോയുടെ കമ്പനി 2024ലാണ് ഗോവ കേന്ദ്രമായി സർവീസ് ആരംഭിച്ചത്.
നിലവിൽ 3 വിമാനങ്ങളുപയോഗിച്ച് പുണെ, ഹൈദരാബാദ്, ബെംഗളൂരു അടക്കം 8 ഇടങ്ങളെ ബന്ധിപ്പിച്ച് പ്രതിമാസം 600 സർവീസുകളാണ് നടത്തുന്നത്.
ഡിജിസിഎയുടെ കണക്കുപ്രകാരം 2025 ജനുവരി മുതൽ നവംബർ വരെ മാത്രം 2.59 ലക്ഷം യാത്രക്കാരാണ് ‘ഫ്ലൈ91’ സർവീസിൽ യാത്ര ചെയ്തത്. 2024ൽ 1.27 ലക്ഷം യാത്രക്കാരും സേവനമുപയോഗിച്ചു.
72 പേരെ വഹിക്കാവുന്ന എടിആർ 72–600 ടർബോപ്രോപ് വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. രാവിലെ 9.30ന് അഗത്തിയിൽ നിന്ന് പുറപ്പെടുന്ന വിമാനം 10.50ന് കൊച്ചിയിലെത്തും.
കൊച്ചിയിൽ നിന്ന് 11.20ന് പുറപ്പെടുന്ന വിമാനം തിരിച്ച് 12.45ന് അഗത്തിയിലെത്തും.
നിലവിൽ മലയാളി ഉടമസ്ഥതയിലുള്ള ഏക വിമാനക്കമ്പനിയാണ് ‘ഫ്ലൈ91’. ഹുബ്ബള്ളി (കർണാടക), രാജ്മുണ്ഡ്രി, വിജയവാഡ (ആന്ധ്രപ്രദേശ്), നന്ദേഡ് (മഹാരാഷ്ട്ര), ദബോലിം (ഗോവ) എന്നീ നഗരങ്ങളെയും വൈകാതെ ബന്ധിപ്പിക്കും.
നിലവിൽ മൂന്നൂറിലേറെ ജീവനക്കാരുണ്ട്. കമ്പനി സിഇഒ മാനേജ് ചാക്കോ ‘മനോരമ’യോടു സംസാരിക്കുന്നു.
എന്തുകൊണ്ട് കൊച്ചി?
നിലവിൽ 8 നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസുകൾ 7 ഇടങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുകയാണ്. നിലവിലുള്ള 3 വിമാനങ്ങൾക്കു പുറമേ മൂന്നെണ്ണം കൂടി ഉടനെത്തും.
പുതിയ 7 നഗരങ്ങളിൽ ആദ്യത്തേത് കൊച്ചിയാണ്. ഗോവയ്ക്കും അഗത്തിക്കുമിടയിൽ നിലവിൽ ഞങ്ങൾക്ക് സർവീസുണ്ട്.
അടുത്തഘട്ടമെന്ന നിലയിൽ കൊച്ചി–അഗത്തി സർവീസ് വേണമെന്ന് ഒട്ടേറെപ്പേർ ആവശ്യപ്പെട്ടിരുന്നു. പ്രദേശവാസികൾക്കു പുറമേ ടൂറിസ്റ്റുകളും കാര്യമായി യാത്ര ചെയ്യുന്ന റൂട്ടാണിത്.
യാത്രക്കാർ എന്തിന് ‘ഫ്ലൈ91’ തിരഞ്ഞെടുക്കണം?
കാൻസലേഷനുകൾ തീർത്തും കുറവാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
പ്രവർത്തനമാരംഭിച്ച് 2 വർഷത്തിനിടെ രണ്ടേ രണ്ട് ഫ്ലൈറ്റുകളാണ് റദ്ദാക്കേണ്ടി വന്നത്. ഇതിനു പുറമേ, കാര്യമായ പ്രധാന്യം ലഭിക്കാതിരുന്ന പല വിമാനത്താവളങ്ങളും ഞങ്ങളെത്തിയതിനു പിന്നാലെ സജീവമായി.
മഹാരാഷ്ട്രയിലെ ജൽഗാവ് വിമാനത്താവളം സർവീസ് ഇല്ലാതെ അടച്ചിടുന്ന ദിവസങ്ങളുണ്ടായിരുന്നു. ഇപ്പോൾ ഞങ്ങൾ പ്രതിവാരം 21 സർവീസുകൾ ജൽഗാവിലേക്ക് നടത്തുണ്ട്.
ചെറുനഗരങ്ങളെ വലിയ നഗരങ്ങളുമായി ബന്ധിപ്പിക്കുയാണ് ലക്ഷ്യം.
വിമാനയാത്രാക്കൂലി കൂടുന്നുവെന്ന പരാതികൾ ശക്തമാണ്. എങ്ങനെയായിരിക്കും നിരക്കുകൾ?
ദീർഘകാലത്തേക്ക് ഉപയോക്താക്കളെ ചേർത്തുപിടിക്കാൻ, യാഥാർഥ്യവുമായി പൊരുത്തപ്പെടുന്ന നിരക്കുകൾ ഈടാക്കുകയെന്ന നയമാണ് പിന്തുടരുന്നത്.
ഡിസംബറിൽ ഇൻഡിഗോ പ്രതിസന്ധി വന്നപ്പോൾ മറ്റ് കമ്പനികളെപ്പോലെ ഞങ്ങളും അധികസർവീസുകൾ നടത്തി. മറ്റ് കമ്പനികൾ 23,000 രൂപയ്ക്ക് മേൽ ഈടാക്കി റൂട്ടുകളിൽ 8,000 രൂപയിൽ കൂടുതൽ ഈടാക്കില്ലെന്നു തീരുമാനിച്ചു.
വേണമെങ്കിൽ ഞങ്ങൾക്കും നിരക്ക് ഉയർത്താമായിരുന്നു. യാത്രക്കാർ അവർ നേരിട്ട
അനുഭവം എക്കാലവും ഓർമിക്കും. പ്രതിസന്ധികളിൽ അവരെ സഹായിച്ചത് ആരെന്ന് അവരോർക്കും.
എന്താണ് ഭാവി പദ്ധതി?
അടുത്ത 4 വർഷത്തിനിടെ വിമാനങ്ങളുടെ ആകെ എണ്ണം 30 ആകും.
5 ബേസുകൾ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. നിലവിൽ ഗോവ (മനോഹർ വിമാനത്താവളം,മോപ), ഹൈദരാബാദ് എന്നിവ ബേസുകളാണ്.
വരും വർഷങ്ങളിൽ നോയിഡയും നവി മുംബൈയും ബേസ് ആകും. ഒരു ബേസിൽ 6 വിമാനമുണ്ടാകും.
ഓരോ ബേസും 10 നഗരങ്ങളെ ബന്ധിപ്പിക്കും. അങ്ങനെ 50 നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും.
ഗോവ ബേസിനു കീഴിലായിരിക്കും കൊച്ചി ഓപ്പറേഷൻസ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

