ചിറ്റൂർ ∙ മൂലത്തറ വലതുകര കനാൽ വരട്ടയാർ മുതൽ വേലന്താവളം വരെ ദീർഘിപ്പിക്കുന്നതിന് മന്ത്രിസഭാ യോഗത്തിന്റെ അനുമതി. താലൂക്കിലെ കാർഷിക മേഖലയിൽ വലിയ മാറ്റംവരുത്താൻ ലക്ഷ്യമിട്ട
പദ്ധതിയുടെ രണ്ടാംഘട്ടമാണു യാഥാർഥ്യമാകുന്നത്. കിഴക്കൻ മേഖലയിലെ കർഷകരുടെ ദീർഘകാല സ്വപ്നമാണ് ഈ പദ്ധതി.
ചിറ്റൂർ താലൂക്കിലെ മഴനിഴൽ പ്രദേശങ്ങളായ കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളും സമീപപ്രദേശങ്ങളും നേരിടുന്ന ജലക്ഷാമം അവിടത്തെ കർഷകരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഉയർത്തിയിരുന്നത്.മൂലത്തറ റഗുലേറ്ററിലെ വലതുകര കനാലിലൂടെ വെള്ളം എത്തിച്ചാൽ മാത്രമേ ഈ പ്രദേശത്ത് ജലസേചനം സാധ്യമാകൂ എന്ന തിരിച്ചറിവോടെയാണ് ഈ കനാൽ നീട്ടുന്നതിനുള്ള പദ്ധതിക്കു രൂപം നൽകുന്നത്.
നിലവിൽ കോരയാർ വരെ മാത്രം എത്തിനിൽക്കുന്ന കനാൽ കോരയാറിൽ നിന്നു വരട്ടയാർ വരെയും തുടർന്ന് വരട്ടയാറിൽ നിന്നു വേലന്താവളം വരെയും എത്തിച്ചാൽ മാത്രമാണ് ഈ സ്വപ്ന പദ്ധതി യാഥാർഥ്യമാകുക. പദ്ധതി രണ്ടു ഘട്ടങ്ങളായി പൂർത്തിയാക്കാൻ വിഭാവനം ചെയ്യുകയും അതനുസരിച്ച് പ്രവർത്തനങ്ങൾ തുടരുകയും ചെയ്തു. കോരയാർ മുതൽ വരട്ടയാർ വരെയുള്ള ഒന്നാം ഘട്ടത്തിന് 6.43 കിലോമീറ്റർ ദൈർഘ്യമുണ്ട്.
നിലവിൽ ഒന്നാംഘട്ടത്തിന്റെ 78.5 ശതമാനം പണികൾ പൂർത്തിയായിട്ടുണ്ട്. ഒന്നാംഘട്ടം ഉപയോഗിച്ച് ഏകദേശം 6000 ഏക്കർ സ്ഥലത്തെ മൈക്രോ ഇറിഗേഷൻ സാധ്യമാകും.
ഈ മൈക്രോ ഇറിഗേഷൻ പദ്ധതിയുടെ ടെൻഡർ നടപടികളും ഇപ്പോൾ പുരോഗമിച്ചു വരികയാണ്.
രണ്ടാംഘട്ട കനാൽ 8.2 കിലോമീറ്റർ
∙ ഇപ്പോൾ അനുമതി ലഭിച്ച വരട്ടയാർ മുതൽ വേലന്താവളം വരെയുള്ള രണ്ടാംഘട്ടത്തിന് 8.2 കിലോമീറ്റർ നീളമുണ്ട്.
ഇതിനായി താലൂക്കിലെ എരുത്തേമ്പതി, ഒഴലപ്പതി, വടകരപ്പതി എന്നീ വില്ലേജുകളിലെ 1584 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിന് 2020ലെ ഉത്തരവ് പ്രകാരം 12 കോടി രൂപയ്ക്ക് ഭരണാനുമതി നൽകിയിരുന്നു. എന്നാൽ തുടർന്ന് കനാൽ അലൈൻമെന്റിൽ ചില മാറ്റങ്ങൾ വരുത്തേണ്ട
സാഹചര്യം ഉണ്ടായി. അതനുസരിച്ച് 2087.97 സെന്റ് ഭൂമി ഏറ്റെടുക്കേണ്ടതുണ്ടെന്നു കണക്കാക്കി.
ഇതിന് 35.43 കോടി രൂപ ആവശ്യമായിരുന്നു.
തുടർന്നു നടത്തിയ ശക്തമായ ഇടപെടലിനെ തുടർന്നാണ് 35.43 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിക്കു മന്ത്രിസഭ ശുപാർശ ചെയ്തതും അത് ഇപ്പോൾ അംഗീകരിക്കുകയും ചെയ്തിട്ടുള്ളത്. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഏകദേശം 15,000 ഏക്കർ സ്ഥലത്ത് കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ സാധ്യമാകും. ഒന്നും രണ്ടും ഘട്ടങ്ങളിലൂടെ മൊത്തം 21,000 ഏക്കർ സ്ഥലത്താണു ജലസേചനം ഉറപ്പാക്കുക.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തെ ഏറ്റവും നന്നായി ചെറുത്തു തോൽപിക്കാൻ കഴിയുന്ന കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ നടപ്പിലാക്കുമ്പോൾ അത് ഇത്തരത്തിലുള്ള പദ്ധതിയുടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ മാതൃകയാകുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

