നെയ്യാറ്റിൻകര∙ ഒരു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ, പിതാവിനെ 18 മണിക്കൂർ ചോദ്യംചെയ്ത ശേഷം പൊലീസ് വിട്ടയച്ചു. കുഞ്ഞിന്റെ മാതാവിനെ 2 തവണയായി 6 മണിക്കൂറോളം ചോദ്യംചെയ്തു.
കാഞ്ഞിരംകുളം തവ്വാവിള ഷിജിൽ ഭവനിൽ ഷിജിൽ–കൃഷ്ണപ്രിയ ദമ്പതികളുടെ ഏകമകൻ ഇഹാൻ(അപ്പു) ആണ് വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ മരിച്ചത്. ബിസ്കറ്റും മുന്തിരിയും കഴിച്ചതിനു പിന്നാലെയാണു കുഞ്ഞു മരിച്ചതെന്ന് രക്ഷിതാക്കൾ പൊലീസിനു മൊഴിനൽകിയിരുന്നു.
തുടർന്നുണ്ടായ സംശയങ്ങൾ മാറ്റാനാണു കുഞ്ഞിന്റെ പിതാവിനെയും മാതാവിനെയും ചോദ്യം ചെയ്തത്. ഇവരെ ഒരുമിച്ചിരുത്തിയും പ്രത്യേകമായും വിവരങ്ങൾ ചോദിച്ചറിഞ്ഞു.
മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടോയെന്നും പരിശോധിച്ചു.
ശനിയാഴ്ച ഇഹാന്റെ സംസ്കാരം കഴിഞ്ഞശേഷമാണ് കൃഷ്ണപ്രിയയെ ചോദ്യംചെയ്തത്. രാത്രി ഒൻപതരയോടെ വിട്ടയച്ചു.
പൊലീസിന്റെ നിർദേശമനുസരിച്ച് ഇന്നലെ രാവിലെ പത്തോടെ കൃഷ്ണപ്രിയ സ്റ്റേഷനിലെത്തി.നെയ്യാറ്റിൻകര ഡിവൈഎസ്പി, നെയ്യാറ്റിൻകരയുടെ ചുമതല വഹിക്കുന്ന ബാലരാമപുരം എസ്എച്ച്ഒ, നെയ്യാറ്റിൻകര എസ്ഐ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാൽ മാത്രമേ അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കഴിയൂവെന്ന് ഡിവൈഎസ്പി പി.അനിൽ കുമാർ അറിയിച്ചു.
പൊലീസ് കൃഷ്ണപ്രിയയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.ഷിജിലിനെതിരെ കൃഷ്ണപ്രിയയുടെ ബന്ധുക്കൾ മുൻപ് പൂവാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
പിണക്കത്തിലായിരുന്ന ഭാര്യയെ, ഒന്നര മാസം മുൻപാണ് ഷിജിൽ വീട്ടിലേക്കു വിളിച്ചുകൊണ്ടു പോയത്. കുഞ്ഞ് നിലത്തു വീണോയെന്ന് ഡോക്ടർമാർ ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു രക്ഷിതാക്കളുടെ മറുപടി. ഇടക്കാലത്ത് ഇഹാൻ വീണു വലതുകൈ ഒടിഞ്ഞിരുന്നു. മരിക്കുമ്പോഴും വലതു കയ്യിൽ പ്ലാസ്റ്റർ ഉണ്ടായിരുന്നു.
കുഞ്ഞ് കഴിച്ചതെന്നു കരുതുന്ന ഭക്ഷണത്തിന്റെ സാംപിൾ, ഫൊറൻസിക് വിദഗ്ധർ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെയും ഫലവും വരാനുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

