പാറശാല∙ ടൂറിസ്റ്റുകൾക്കും യാത്രക്കാർക്കും വിശ്രമിക്കുന്നതിന് തദ്ദേശ ഭരണ വകുപ്പ് നിർദ്ദേശിച്ച പ്രകാരം ലക്ഷങ്ങൾ ചിലവിട്ട് നിർമിച്ച കൊല്ലയിൽ പഞ്ചായത്തിന്റെ ‘വഴിയിടം’ ഉദ്ഘാടനം കഴിഞ്ഞ് രണ്ടരമാസത്തിനു ശേഷവും നോക്കുകുത്തിയായി തുടരുന്നു. കരമന–കളിയിക്കാവിള പാതയിൽ കൊറ്റാമത്ത് കൊല്ലയിൽ പഞ്ചായത്ത് 2023–24 ലെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച വഴിയോര വിശ്രമ കേന്ദ്രമാണ് ആർക്കും പ്രയോജനമില്ലാതെ പൂട്ടിയിട്ടിരിക്കുന്നത്. ഇതു വഴിയുളള വിനോദ സഞ്ചാരികൾക്കും മറ്റ് യാത്രക്കാർക്കും പ്രാഥമിക കൃത്യം നിർവഹിക്കുന്നതിനായി താഴത്തെ നിലയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ ശുചിമുറികളും അവശ്യം വേണ്ട
സാധനങ്ങൾ ലഭ്യമാവുന്ന ഒരു കടമുറിയും, ഒന്നാം നിലയിൽ താമസസൗകര്യമുളള രണ്ടു മുറികളും ഏറ്റവും മുകളിലായി ഒരു കോൺഫറൻസ് ഹാളും അടങ്ങിയതാണ് വഴിയിടം.
തദ്ദേശ ഭരണ വകുപ്പിന്റെ ലോഗോയും സഞ്ചാരികളെ ഉദ്ദേശിച്ചുളള ‘ടേക്ക് എ ബ്രേക്ക്’ എന്ന പഞ്ച് വാക്യവും കെട്ടിടത്തിനു മുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്. പ്രധാന പാതയുടെ വശത്താകയാലും സ്വകാര്യ വാഹനങ്ങളിലെത്തുന്നവർക്ക് അത്യാവശ്യം പാർക്കിംഗ് സൗകര്യം ഉളളതിനാലും ടൂറിസ്റ്റുകൾക്ക് ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയായിരുന്നു.
തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് നവംബർ 5 ന് കൊട്ടിഘോഷിച്ച് നടത്തിയ ചടങ്ങിൽ സി.കെ.ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തതാണ്.എന്നാൽ ഉദ്ഘാടന ദിവസം പൂട്ടിയ ഗേറ്റ് പിന്നെ തുറന്നിട്ടില്ല. ഉദ്ഘാടനച്ചടങ്ങിന്റെ െഫ്ലക്സ് ബോർഡ് ഇപ്പോഴും കെട്ടിടത്തിനു മുന്നിൽ തന്നെയുണ്ട്. കെട്ടിടത്തിനുളളിൽ ഒട്ടേറെ പണികൾ ഇനിയും ചെയ്യേണ്ടതുണ്ട്.
മുറ്റത്ത് ഇന്റർലോക്ക് ഇടുന്നത് ഉൾപ്പെടെയുളള നിർമാണ പ്രവൃത്തികളും ബാക്കിയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തിരക്കായതിനാലാണ് വഴിയിടം തുറക്കാതിരുന്നതെന്നും ചില്ലറ പണികൾ കൂടി പൂർത്തിയാക്കി മുറികൾക്കുളള വാടകയും നിശ്ചയിച്ചാൽ പ്രവർത്തനസജ്ജമാകുമെന്നും കൊല്ലയിൽ പഞ്ചായത്ത് അസി.എഞ്ജിനീയർ സൗമ്യ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

