ന്യൂഡൽഹി∙ തട്ടിപ്പ് വായ്പാ ആപ്പുകൾ നേരിടാൻ ആപ് സ്റ്റോറുകൾ, കേന്ദ്രസർക്കാർ, റിസർവ് ബാങ്ക് എന്നിവ ഒരു വർഷത്തിലേറെയായി പ്രഖ്യാപനങ്ങൾ പലതു നടത്തുന്നുണ്ടെങ്കിലും നടപടി ഇനിയും അകലെ. ജൂലൈയ്ക്കു ശേഷം മാത്രം ഗൂഗിൾ, ആപ്പിൾ പ്ലേ സ്റ്റോറുകളിൽ നിന്ന് 231 തട്ടിപ്പ് വായ്പാ ആപ്പുകളാണ് നീക്കം ചെയ്തത്. ഇതിൽ ഗൂഗിൾ പ്ലേ സ്റ്റോറിലെ 133 എണ്ണവും ആപ്പിൾ സ്റ്റോറിലെ 98 എണ്ണവും ഉൾപ്പെടും. ഇവയോരോന്നും ഉപയോഗിച്ചിരുന്നത് ലക്ഷക്കണക്കിനാളുകൾ. വ്യാജമെന്ന് കണ്ടെത്തി നീക്കം ചെയ്താൽ തൊട്ടടുത്ത ദിവസം പുതിയ പേരിലും പുതിയ രൂപത്തിലും ‘പുനർജനിക്കുന്നവയാണ്’ ആപ് സ്റ്റോറുകളിലെ തട്ടിപ്പ് ആപ്പുകൾ ഏറെയും.
ഇന്നലെ മാത്രം നടത്തിയ പരിശോധനയിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇപ്പോൾ ലഭ്യമായിരിക്കുന്നത് ഏറ്റവും കുറഞ്ഞത് 77 തട്ടിപ്പ് ലോൺ ആപ്പുകളാണ്. യഥാർഥ സ്ഥാപനങ്ങളുടെ പേര് അനധികൃതമായി ഉപയോഗിച്ചാണ് പ്രവർത്തനം. ഇതിൽ 20 ദിവസം മാത്രം പഴക്കമുള്ള കാഷ്പോക്കറ്റ് എന്ന ആപ്പിന് ഒരു ലക്ഷത്തിലേറെ ഡൗൺലോഡുകളാണുള്ളത്. ഗൂഗിൾ പ്ലേ സ്റ്റോർ ഫിനാൻസ് വിഭാഗത്തിൽ 19–ാം സ്ഥാനത്താണ് കാഷ് പോക്കറ്റ്. ഇത് ഭീം യുപിഐ, എസ്ബിഐ യോനോ ലൈറ്റ് അടക്കമുള്ള ബാങ്കിങ് ആപ്പുകളേക്കാൾ മുന്നിലാണെന്ന് ഓർക്കണം!
മുൻപ് നീക്കം ചെയ്യപ്പെട്ടവയുടെ പുതുരൂപം മാത്രമാണ് ഈ 77 ആപ്പുകൾ. എല്ലാം നിയന്ത്രിക്കുന്നത് ഒരേ തട്ടിപ്പുശൃംഖലകൾ തന്നെ. ആപ് പ്രവർത്തനം നിലച്ചാലും അതിലൂടെ വായ്പയെടുത്തവർക്കുമേലുള്ള ഭീഷണി തുടരും. 60 ദിവസത്തിൽ കുറവ് തിരിച്ചടവ് കാലാവധിയുള്ള വായ്പാ ആപ്പുകൾ അനുവദിക്കില്ലെന്നാണ് ഗൂഗിൾ പ്ലേ സ്റ്റോറിന്റെ നയം. അങ്ങനെയെങ്കിൽ 7 ദിവസം തിരിച്ചടവ് കാലാവധിയുള്ള വായ്പാ ആപ്പുകൾ പ്ലേ സ്റ്റോറിൽ ഹിറ്റായി ഓടുന്നതെങ്ങനെയെന്ന ചോദ്യം ബാക്കി. ആപ്പുകൾക്ക് ഫോണുകളിലെ കോൺടാക്ട് ലിസ്റ്റ്, ഗാലറി, സ്റ്റോറേജ് തുടങ്ങിയവയുടെ പെർമിഷനുകൾ ഉപയോഗിക്കാനാവില്ലെന്ന വ്യവസ്ഥയുണ്ട്. ഇതും പാലിക്കപ്പെടുന്നില്ല.
ഇൻസ്റ്റഗ്രാമിലെ പരസ്യങ്ങളിലൂടെയാണ് തട്ടിപ്പ് ആപ്പുകളിൽ എത്തിപ്പെട്ടതെന്ന് ഇരകളായ 4 പേർ ‘മനോരമ’യോടു വെളിപ്പെടുത്തിയിരുന്നു. ഒരു തവണ വായ്പയെടുത്തിട്ട് തിരിച്ചടച്ചാലും, നമ്മൾ ആവശ്യപ്പെടാതെ തന്നെ വലിയ തുകകൾ വീണ്ടുമെത്തിക്കൊണ്ടിരിക്കും. എത്രയടച്ചാലും പുറത്തുകടക്കാനാവാത്ത വിധം ഇവരുടെ വലയിൽ കുടുങ്ങും. തട്ടിപ്പ് വായ്പകൾ സിബിൽ സ്കോറിനെ ബാധിക്കില്ല. cybercrime.gov.in വഴി പരാതിയും നൽകുക.
‘സുരക്ഷിതമായ ആപ്പുകൾ ആപ് സ്റ്റോറുകളിൽ ഉറപ്പുവരുത്തേണ്ടതിന്റെ പ്രധാന ഉത്തരവാദിത്തം ഗൂഗിളിനും ആപ്പിളിനുമാണ്. ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ അത്തരം ആപ്പുകൾ നീക്കം ചെയ്യാൻ സർക്കാർ ഉത്തരവിടാറുണ്ട്. വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാരിനുള്ളത്. വരാനിരിക്കുന്ന ഡിജിറ്റൽ ഇന്ത്യ നിയമം ഇത്തരം വിഷയങ്ങൾ നേരിടാൻ പര്യാപ്തമായിരിക്കും.’– കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ‘മനോരമ’യോട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]