കൽപറ്റ ∙ രാത്രിയിൽ ദീർഘദൂര ബസുകൾ നഗരത്തിലെ ബസ് സ്റ്റാൻഡുകളിൽ കയറാത്തത് യാത്രക്കാരെ വലയ്ക്കുന്നു. രാത്രിയായാൽ ദീർഘദൂര യാത്രക്കാർ ബസുകൾക്കായി റോഡരികിലും നടപ്പാതയിലുമായി കാത്തുനിൽക്കേണ്ട
അവസ്ഥയാണ്. പുതിയ ബസ്റ്റാൻഡിലും പഴയ ബസ്റ്റാൻഡിലും വൈകിട്ട് 6 കഴിഞ്ഞാൽ സ്വകാര്യ-കെഎസ്ആർടിസി ബസുകൾ പ്രവേശിക്കില്ല.
പഴയ ബസ് സ്റ്റാൻഡിൽ നിന്നു കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രക്കാർ രാത്രിയിൽ ബസ് സ്റ്റാൻഡിനു പുറത്ത് റോഡരികിലും സമീപത്തെ കടകൾക്കു മുന്നിലും നടപ്പാതയിലുമൊക്കെയാണ് ബസുകൾക്കായി കാത്തുനിൽക്കുന്നത്.
പുതിയ ബസ് സ്റ്റാൻഡിൽ നിന്നുള്ള ദീർഘദൂര യാത്രക്കാർക്കും സമാനമായ അവസ്ഥയാണ്. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിൽ പെട്ട് ബസുകൾ മണിക്കൂറുകൾ വൈകുമ്പോഴും സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ പ്രാഥമിക കാര്യങ്ങൾക്കു പോലും സൗകര്യമില്ലാതെ റോഡരികിൽ നിൽക്കണം.
പുതിയ ബസ് സ്റ്റാൻഡിൽ ആവശ്യത്തിന് ഇരിപ്പിടങ്ങൾ, ശുചിമുറികൾ, വാഹനപാർക്കിങ് തുടങ്ങിയ സൗകര്യങ്ങളുണ്ടായിട്ടും രാത്രിയായാൽ ഇവിടം വിജനമാകും.
കെഎസ്ആർടിസി റിസർവേഷൻ കൗണ്ടർ പ്രവർത്തിക്കുന്നതു പുതിയ ബസ് സ്റ്റാൻഡിലാണെങ്കിലും ബോർഡിങ് പോയിന്റായി കാണിച്ചിരിക്കുന്നത് പഴയ ബസ് സ്റ്റാൻഡാണ്. ഇതും യാത്രക്കാരെ വലയ്ക്കുകയാണ്.
പുതിയ ബസ് സ്റ്റാൻഡ് നിലവിൽ വരുന്നതിനു മുൻപ് റിസർവേഷൻ കൗണ്ടർ പ്രവർത്തിച്ചിരുന്നത് പഴയ ബസ് സ്റ്റാൻഡിലാണ്.
എന്നാൽ, പുതിയ ബസ് സ്റ്റാൻഡ് പ്രവർത്തനം തുടങ്ങി 10 വർഷത്തിലധികമായിട്ടും കെഎസ്ആർടിസിയിൽ സീറ്റ് റിസർവ് ചെയ്യുന്നവരുടെ ബോർഡിങ് പോയിന്റ് മാറ്റിയിട്ടില്ല. കൂടുതൽ ദീർഘദൂര ബസുകൾ കൽപറ്റ വഴി കടന്നു പോകുന്നത് രാത്രി സമയത്താണ്.
മൈസൂരു, ബെംഗളൂരൂ ഭാഗത്തേക്കും എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്കും ദിവസേന നൂറുകണക്കിനാളുകൾ യാത്ര ചെയ്യുന്നുണ്ട്.
സ്ത്രീകളും പ്രായമായവരും കുട്ടികളും കൈകുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവരും വിനോദ സഞ്ചാരികളും അയൽ സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുമടക്കം രാത്രിയിൽ റോഡരികിലും മറ്റും മണിക്കൂറുകൾ കാത്തു നിൽക്കണം. യാത്രക്കാരുമായി വരുന്ന വാഹനങ്ങൾ റോഡിനു ഇരുവശത്തും നിർത്തിയിടുന്നത് ഗതാഗതക്കുരുക്കും രൂക്ഷമാക്കുകയാണ്.
നിവേദനം നൽകി
കൽപറ്റ ∙ രാത്രിയിൽ ദീർഘദൂര ബസുകൾ ബസ്സ്റ്റാൻഡുകളിൽ കയറാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ചോലവയൽ അർപ്പിതയിൽ എം.പി.പ്രേംജി വകുപ്പ് മന്ത്രി, കെഎസ്ആർടിസി അധികൃതർ തുടങ്ങിയവർക്ക് നിവേദനം നൽകി. കെഎസ്ആർടിസി റിസർവേഷനിലെ ബോർഡിങ് പോയിന്റ് പുതിയ സ്റ്റാൻഡിലേക്ക് മാറ്റണമെന്നും നി വേദനത്തിൽ ആവശ്യപ്പെട്ടു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

