ഇന്ത്യ–യുഎസ് വ്യാപാര കരാർ ചർച്ചകളിൽ കുരുക്കായി മറ്റൊരു തടസം കൂടി. ഒരു വര്ഷത്തോളമായി പരിഹാരമാകാതെ തുടരുന്ന ചർച്ചകൾ ഇരുരാജ്യങ്ങളും അടുത്തിടെയാണ് പുനരാരംഭിച്ചത്.
എന്നാൽ കൂടുതൽ അമേരിക്കൻ ഉൽപന്നങ്ങൾക്ക് തീരുവ കുറയ്ക്കാൻ ഇന്ത്യയോട് ആവശ്യപ്പെടാൻ രണ്ട് സെനറ്റർമാർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കത്തെഴുതിയതാണ് പുതിയ ആശങ്കയ്ക്ക് ഇടയാക്കിയത്. യുഎസ് നിർമിത പയർ വർഗങ്ങൾ തീരുവ രഹിതമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
കാർഷിക മേഖലയെ സാരമായി ബാധിക്കാൻ ഇടയുള്ളതിനാൽ ഇക്കാര്യം ഇന്ത്യ പരിഗണിക്കാൻ ഇടയില്ല. ഇത് വ്യാപാര കരാർ കൂടുതൽ വൈകിപ്പിക്കുമെന്ന ആശങ്കയും ശക്തമാക്കി.
യുഎസിൽ പയർ വർഗങ്ങൾ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന രണ്ട് സ്റ്റേറ്റുകളാണ് മൊണ്ടാനയും നോർത്ത് ഡക്കോട്ടയും.
പയർ ഉൽപന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്ന തീരുവ അന്യായമാണെന്ന് ഇവിടുത്തെ റിപബ്ലിക്കൻ പാർട്ടി സെനറ്റർമാരായ സ്റ്റീവ് ഡെയിൻസും കെവിൻ ക്രാമറും ആരോപിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ പയർ ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ആഗോള ഉപഭോഗത്തിന്റെ 27 ശതമാനവും ഇന്ത്യയിലാണ്. ഇത്രയും വലിയ വിപണിയായിട്ടും യുഎസിലെ കർഷകർക്ക് ഇന്ത്യയിലേക്ക് പ്രവേശനം ലഭിക്കുന്നില്ലെന്നും ഇവർ ട്രംപിന് അയച്ച കത്തിൽ ആരോപിക്കുന്നു.
കഴിഞ്ഞ നവംബർ ഒന്ന് മുതൽ മഞ്ഞ പരിപ്പിന് ഇന്ത്യ 30 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയുമായുള്ള ചർച്ചകളിൽ പയർ വര്ഗങ്ങളുടെ കാര്യം ഉന്നയിക്കണമെന്നും സെനറ്റർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ട്രംപിന്റെ ആദ്യ ടേമിലും സമാന ആവശ്യങ്ങൾ ഇവർ ഉന്നയിച്ചിരുന്നു.
യുഎസിൽ നിന്നടക്കമുള്ള മഞ്ഞ പരിപ്പിന്റെ തീരുവ രഹിത ഇറക്കുമതി ഇക്കൊല്ലം മാർച്ച് 31 വരെ ഇന്ത്യ അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം മാത്രമാണ് 30 ശതമാനം ഇറക്കുമതി തീരുവ നൽകേണ്ടത്.
10 ശതമാനം തീരുവയും 20 ശതമാനം അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് സെസും അടക്കമാണ് 30 ശതമാനം നികുതി. എന്നാലിത് ഏതെങ്കിലും രാജ്യത്തിന് എതിരായ നീക്കമല്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്.
പകരം രാജ്യത്തെ കർഷക മേഖലയെ സംരക്ഷിയ്ക്കാൻ വേണ്ടിയാണെന്നാണ് വിശദീകരണം. കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി വർധിച്ചതോടെ രാജ്യത്തെ കർഷകർ ഉൽപാദിപ്പിക്കുന്ന മഞ്ഞ പരിപ്പിന് ലഭിക്കുന്ന വില കുത്തനെ ഇടിഞ്ഞിരുന്നു.
ഇത് ഉത്തരേന്ത്യയിൽ വലിയ രാഷ്ട്രീയ പ്രതിഷേധത്തിനും കാരണമായി. തുടർന്നാണ് സർക്കാർ ഇടപെട്ടത്.
ആത്മനിർഭരത
പയർ വർഗങ്ങളുടെ കാര്യത്തിൽ സ്വയം പര്യാപ്തതയിലെത്താൻ ലക്ഷ്യമിട്ട് കൂടിയാണ് ഇന്ത്യയുടെ നീക്കമെന്നും വിദഗ്ധർ പറയുന്നു.
കഴിഞ്ഞ ഒക്ടോബറിൽ ഇക്കാര്യത്തിനായി 11,440 കോടി രൂപയുടെ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിരുന്നു. ആറു വർഷത്തെ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്.
നടപ്പുസാമ്പത്തിക വർഷത്തിൽ 270 ലക്ഷം ടൺ പയർ വർഗങ്ങളുടെ ഉൽപാദനമാണ് ലക്ഷ്യം വെച്ചിരുന്നത്.
ഇതിനോടകം 250 ലക്ഷം ടണ്ണിലെത്തിയെന്നും കണക്കുകൾ പറയുന്നു. 2022-23ലെ കണക്ക് പ്രകാരം മധ്യ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പയർ വർഗങ്ങൾ ഉൽപാദിപ്പിക്കുന്നത്.
അതേസമയം, രാജ്യത്ത് ആവശ്യമായ പയർ ഉൽപന്നങ്ങളുടെ 15–18 ശതമാനം വരെയും ഇറക്കുമതിയിലൂടെയാണ് ഇന്ത്യ കണ്ടെത്തുന്നത്. ആഫ്രിക്ക, മ്യാന്മർ, കാനഡ, റഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് സാധാരണ ഇറക്കുമതി നടക്കുന്നത്.
ഇതിനോടകം ക്ഷീര ഉൽപന്നങ്ങളുടെ ഇറക്കുമതിയെച്ചൊല്ലി ഇന്ത്യയും യുഎസും തർക്കം തുടരുകയാണ്.
ഇതിനിടയിലാണ് പുതിയ തർക്ക വിഷയം ഉയർന്ന് വന്നത്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ–യുഎസ് വ്യാപാര കരാറിന് ഇത് തടസമല്ല.
എന്നാൽ, കരാർ വൈകിക്കാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ. യൂറോപ്യൻ യൂണിയനുമായുള്ള കരാർ അന്തിമ ഘട്ടത്തിലാണെങ്കിലും യുഎസ് കരാർ വൈകുന്നത് ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് തിരിച്ചടിയാണെന്നും വിദഗ്ധർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

