രാജപുരം ∙ സംസ്ഥാന ക്ഷീര കർഷക പുരസ്കാരങ്ങളിൽ മികച്ച ക്ഷീരകർഷകയ്ക്കുള്ള ജില്ലാതല അവാർഡിന് എണ്ണപ്പാറ ക്ഷീര സംഘത്തിലെ വലിയവീട്ടിൽ സി.എം.കല്യാണി അർഹയായി. 56,414 ലീറ്റർ പാലാണ് കല്യാണി ഒരുവർഷം ക്ഷീരസംഘത്തിൽ നൽകുന്നത്. 20 വർഷം മുൻപ് താൻ ജോലിക്കുനിന്ന വീട്ടിൽനിന്ന് വളർത്താൻ നൽകിയ പശുവിൽനിന്നാണ് കല്യാണിയുടെ ക്ഷീര കൃഷിയുടെ തുടക്കം. പശുവളർത്തൽ നല്ലൊരു വരുമാന മാർഗമാണെന്ന് തിരിച്ചറിഞ്ഞതോടെ മറ്റു ജോലികൾ നിർത്തി പശുവളർത്തൽ സ്വയംതൊഴിലായി സ്വീകരിച്ചു.
തുടർന്ന് പഞ്ചായത്ത്, കുടുംബശ്രീ എന്നിവ വഴി പശുവിനെ വാങ്ങി.
ട്രൈബൽ ഡിപ്പാർട്മെന്റിൽനിന്ന് പശുവളർത്തലിനായി ലോണെടുത്തു, മിൽമ, ക്ഷീരവികസന വകുപ്പ് എന്നിവ വഴിയും പശുവിനെ വാങ്ങി തൊഴിൽ വികസിപ്പിച്ചു.നിലവിൽ 8 പശുക്കളാണ് കല്യാണിയുടെ തൊഴുത്തിലുള്ളത്. ഭർത്താവ് കെ.രാമനാണ് പശുവളർത്തലിൽ കല്യാണിയുടെ സഹായി.
പശുവളർത്തലിനായി എടുത്ത ലോൺ പാൽ വിറ്റ് ലഭിച്ച വരുമാനംകൊണ്ട് അടച്ചുതീർക്കാൻ സാധിച്ചതായി കല്യാണി പറയുന്നു.
പുതിയ വീട് വച്ചതും മക്കളെ പഠിപ്പിച്ച് ഉന്നതനിലയിൽ എത്തിച്ചതും ക്ഷീര കൃഷിയിലെ വരുമാനം കൊണ്ടാണെന്ന് പറയുമ്പോൾ കല്യാണിക്ക് അഭിമാനം. ഒരു മാസം 80,000 രൂപയോളമാണ് പാലിൽനിന്നുള്ള വരുമാനം. രണ്ട് പെൺമക്കളിൽ ഒരാൾ ഡൽഹിയിൽ സയന്റിസ്റ്റായും മറ്റൊരാൾ കാഞ്ഞങ്ങാട് അധ്യാപികയായും ജോലി ചെയ്യുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

