മാവേലിക്കര ∙ ‘പത്തും മൂന്നും കരക്കാരുണ്ടേ, അവർ ഒത്തൊരുമിച്ചു നടക്കാറുണ്ടേ, എവിടൊക്കെ പോയാലും എന്തെല്ലാം വന്നാലും അമ്മയെ കാണുവാനോടിയെത്തും, അവർ സങ്കടമെല്ലാം അഴിച്ചുവെയ്ക്കും’- ചെട്ടികുളങ്ങര മണ്ണിനെക്കുറിച്ചുള്ള ഹൃദയത്തിൽ ചേർത്തുവച്ച വരികൾ തന്റെ തൂലികയിൽനിന്നു സമ്മാനിച്ചു അമ്പലപ്പുഴ വി.വി.രാധാകൃഷ്ണൻ മടങ്ങി. നാളെ ഉപനിഷത്ത്, ഗീതാ മഹാസത്ര വേദിയിൽ ആദരവ് സ്വീകരിക്കാൻ സംഗീതജ്ഞൻ ഉണ്ടാകില്ല.
ക്ഷേത്രത്തിൽ നടക്കുന്ന ഉപനിഷത്ത് ഗീത മഹാസത്രത്തിന്റെ ശീർഷകഗാനം രചിച്ചു സംഗീതം നൽകിയതു രാധാകൃഷ്ണനാണ്.
2019ൽ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ 41 ദിവസം നീണ്ടു നിന്ന മഹാഭാരത സത്രത്തിന്റെ ശീർഷകഗാനവും അതേ തൂലികയിലാണു നിറഞ്ഞത്. ഉപനിഷത്ത് സത്രത്തിനായി തയാറാക്കിയ ശീർഷക ഗാനത്തിന്റെ അവസാന വരികൾ ചെട്ടികുളങ്ങര ഭഗവതിയും 13 കരക്കാരും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധത്തെ പ്രോജ്വലിപ്പിക്കുന്നതായിരുന്നു.
തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയോട് ഉപനിഷത്ത് സത്രത്തെക്കുറിച്ചു കൃത്യമായി ചോദിച്ചു മനസ്സിലാക്കിയാണു ഗാനം രചിച്ചത്.
ഗാനം തയാറാക്കിയതിനുള്ള ആദരവ് ഏറ്റുവാങ്ങാനിരിക്കെ രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. സത്രത്തിന്റെ സമാപന ദിനമായ നാളെ ആദരവ് ഏറ്റുവാങ്ങാൻ നേരിട്ടെത്താൻ ശാരീരിക ബുദ്ധിമുട്ട് ഉള്ളതിനാൽ മകൻ എത്തുമെന്നു സംഘാടകരെ അറിയിച്ചിരുന്നു.
കർമങ്ങളുമായി ബന്ധപ്പെട്ടു നിൽക്കേണ്ടത്തിനാൽ മകൻ ജയസൂര്യക്കും വേദിയിലെത്തി ആദരവ് ഏറ്റുവാങ്ങാൻ സാധിക്കാതെ പോകുന്നതിന്റെ നൊമ്പരത്തിലാണു സത്ര സംഘാടകരായ 13 കരകളുടെയും ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ പ്രവർത്തകർ.
2012ലാണു രാധാകൃഷ്ണൻ എന്ന സംഗീത അധ്യാപകന്റെ ചെട്ടികുളങ്ങരയുമായുള്ള ബന്ധം തുടങ്ങുന്നത്. വയലിനിസ്റ്റ് മാവേലിക്കര സതീഷ് ചന്ദ്രൻ മുഖേന ചെട്ടികുളങ്ങര എച്ച്എസ്എസിലെ അന്നത്തെ പിടിഎ പ്രസിഡന്റ് ഗോപൻ ഗോകുലത്തെ പരിചയപ്പെട്ടു.
സ്കൂൾ കലോത്സവത്തിൽ സംഘഗാനം, ഗാനമേള എന്നിവയിൽ അവതരിപ്പിക്കാനായി സ്കൂളിലെ വിദ്യാർഥികൾക്കായി ഗാനങ്ങൾ രചിച്ചു സംഗീതം നൽകി തുടങ്ങിയ ബന്ധം ഉപനിഷത്ത് സത്ര വേദി വരെ നീണ്ടു.
മുൻ ജില്ലാ പഞ്ചായത്തംഗം ജേക്കബ് ഉമ്മൻ സംഘടിപ്പിച്ച പൈതൃക മേളയുടെ ശീർഷകഗാനവും രാധാകൃഷ്ണന്റെ രചനയായിരുന്നു. കലോത്സവ വേദിയിൽ സമ്മാനം നേടിയ ഒട്ടേറെ ഗാനങ്ങൾക്കു സംഗീത അധ്യാപകൻ കൂടിയായിരുന്ന രാധാകൃഷ്ണന്റെ സ്പർശം ഉണ്ടായിരുന്നു.
മനസ്സുകൊണ്ടു ചെട്ടികുളങ്ങരക്കാരനായി ജീവിച്ച്, അവസാന വരികൾ ഭഗവതിക്കായി എഴുതി, ഈണമിട്ട ആത്മസംതൃപ്തിയോടെ സംഗീതജ്ഞൻ മറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

