കാസർകോട് ∙ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നഴ്സുമാരുടെ പുതിയ തസ്തികകൾ അനുവദിക്കാത്തതും ആവശ്യത്തിനു ജീവനക്കാരില്ലാത്തതും കാരണം രോഗികൾക്ക് കൃത്യമായ പരിചരണം നൽകാൻ കഴിയുന്നില്ലെന്ന പരാതികൾ ഉയരുമ്പോഴും നഴ്സുമാരുടെ നിയമനം മന്ദഗതിയിൽ.ജീവനക്കാരുടെ അപര്യാപ്തത കാരണം മതിയായ ചികിത്സ കിട്ടുന്നില്ലെന്ന പരാതികൾ നിലനിൽക്കെയാണ് നിയമനം വൈകുന്നത്. പുതിയ തസ്തികകൾ അനുവദിക്കുന്നില്ലെന്നാണ് പരാതി.
വിവിധ ചികിത്സാ വിഭാഗങ്ങളുടെ എണ്ണം വർധിച്ചിട്ടും വർഷങ്ങൾക്കു മുൻപ് അനുവദിച്ച തസ്തികകളിൽ മാത്രമാണ് ഇപ്പോഴും നിയമനം തുടരുന്നത്. മറ്റു ജില്ലകളിൽ നിയമനത്തിനു വേഗം ഉണ്ടെങ്കിലും ജില്ലയിൽ നിയമനം നടക്കാതെ റാങ്ക് പട്ടിക കാലാവധി തീരുന്നതാണ് പതിവ്.
ജില്ലയിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ട് ഒരു വർഷത്തിലേറെയായി.
183 പേരുള്ള പട്ടികയിൽനിന്ന് ഇതുവരെ നിയമനം കിട്ടിയത് 10 പേർക്കു മാത്രം. തിരുവനന്തപുരം 39, കൊല്ലം 64, പത്തനംതിട്ട
35, ആലപ്പുഴ 80 എന്നിങ്ങനെ നിയമനം നടന്നു.കാഞ്ഞങ്ങാട്ട് ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ്, ട്രോമ കെയർ, ഡയാലിസിസ് യൂണിറ്റ് തുടങ്ങിയ ഒട്ടേറെ വിഭാഗങ്ങൾ നിലവിൽവന്നു. രണ്ടു കാർഡിയോളജിസ്റ്റ്, ഒരു നെഫ്രോളജിസ്റ്റ് നിയമനം നടന്നു.
എന്നാൽ സ്റ്റാഫ് നഴ്സ് 2 ഗ്രേഡ് നിയമനം നടന്നിട്ടില്ല. തൃക്കരിപ്പുർ താലൂക്ക് ആശുപത്രിയിൽ പുതുതായി പല തസ്തികകളും അനുവദിച്ചപ്പോഴും ഇവിടെ സ്റ്റാഫ് നഴ്സ് തസ്തിക അനുവദിച്ചില്ലെന്നാണ് പരാതി.
കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി, ഡെലിവറി യൂണിറ്റ് എന്നിവയുടെ പ്രവർത്തനത്തിനു ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻസ് തുടങ്ങി 14 ഡോക്ടറുടെ തസ്തിക അനുവദിച്ചു. എന്നാൽ ഇവിടെയും സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 തസ്തിക അനുവദിച്ചില്ല.
പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ പ്രസവ വിഭാഗത്തിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും ആരോഗ്യ വിഭാഗം ജീവനക്കാരില്ലാത്തതിനാൽ പ്രവർത്തിക്കുന്നില്ലെന്നാണ് നിയമനം കാത്തുകഴിയുന്നവർ പറയുന്നത്.
ആർദ്രം പദ്ധതിയുടെ ഭാഗമായി 150 പുതിയ തസ്തിക സൃഷ്ടിച്ചുവെങ്കിലും സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തിക ജില്ലയ്ക്ക് അനുവദിച്ചത് 3 മാത്രം. ഈയിടെ നടന്ന നഴ്സിങ് ഓഫിസർ ഗ്രേഡ് ഒന്നിൽ പ്രമോഷൻ കിട്ടിയത് ഒരു തസ്തികയിൽ മാത്രം.റാങ്ക് പട്ടിക കാലാവധി കഴിയുകയും പ്രായപരിധി പിന്നിടുകയും ചെയ്യുമ്പോഴും പുതിയ നഴ്സിങ് ഓഫിസർ ഗ്രേഡ് 2 തസ്തിക സൃഷ്ടിക്കാത്തതിലും നിയമനങ്ങൾ നടക്കാത്തതിലും ഉദ്യോഗാർഥികൾ ആശങ്കയിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

