ഷൊർണൂർ ∙ കരി എൻജിൻ മുതൽ ഇലക്ട്രിക് എൻജിൻ വരെ കാലത്തിനൊത്തു മാറി കുതിച്ച ഷൊർണൂരിന്റെ മണ്ണിൽ മാറ്റമേതുമില്ലാതെ നൂറു വർഷത്തോളം ഒറ്റമുറി കെട്ടിടത്തിലുണ്ടായിരുന്ന ഷൊർണൂരിലെ 2 പോസ്റ്റ് ഓഫിസുകൾ ഇനി ഓർമ. 100 വർഷം മുൻപാണ് തൊഴിലാളികൾക്ക് എളുപ്പത്തിൽ തപാൽ അയയ്ക്കാൻ മെറ്റൽ ഇൻഡസ്ട്രീസിന്റെ സ്ഥലം പോസ്റ്റ് ഓഫിസ് കെട്ടിടത്തിനു വിട്ടു നൽകിയത്.
പിന്നീട് കേന്ദ്ര സർക്കാർ ഒറ്റമുറി കെട്ടിടത്തിൽ പോസ്റ്റ് ഓഫിസ് ആരംഭിക്കാൻ അനുമതി നൽകുകയും ചെയ്തു.
ഷൊർണൂർ കുളപ്പുള്ളി പാതയ്ക്കരികെ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണ് ഒറ്റമുറി കെട്ടിടം നിലനിൽക്കുന്നത്. കല്യാണ ഫോട്ടോ ഷൂട്ട് മുതൽ ഒട്ടേറെ ചിത്രങ്ങൾ ആളുകൾ മൊബൈലിലും ക്യാമറയിലും പകർത്തിയ സ്ഥലം കൂടിയാണിത്.
കെട്ടിടത്തിൽ മറ്റു സംവിധാനങ്ങൾ ഒന്നുമില്ല. മെറ്റൽ ഇൻഡസ്ട്രീസിലെ ജീവനക്കാർക്കു പുറമേ സമീപത്തെ ആളുകളും കത്തിടപാടുകൾക്കായി ഈ പോസ്റ്റ് ഓഫിസാണ് ഉപയോഗപ്പെടുത്തിയിരുന്നത്.
കഴിഞ്ഞ ദിവസമാണ് ലയനത്തിന്റെ ഭാഗമായി മെറ്റൽ ഇൻഡസ്ട്രീസിനു മുൻപിലെ ഒറ്റമുറി കെട്ടിടത്തിനു പൂട്ടു വീണത്.
അടുത്ത ദിവസം കെട്ടിടം പൊളിച്ചു നീക്കും. പിന്നീട് സ്ഥലം മെറ്റൽ ഇൻഡസ്ട്രീസിന്റെ പാർക്കിങ് ഗ്രൗണ്ടായി ഉപയോഗപ്പെടുത്താനാണു തീരുമാനം. 50 വർഷത്തിലധികം പഴക്കമുള്ള മറ്റൊരു പോസ്റ്റ് ഓഫിസ് കെട്ടിടം കൂടി ഷൊർണൂരിന് ഓർമയാകുകയാണ്.
പരുത്തിപ്രയിൽ ഒറ്റമുറി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പോസ്റ്റ് ഓഫിസ് അടച്ചതോടെ ഗ്രാമത്തിന്റെ മറ്റൊരു സേവനം കൂടി നിലച്ചു.
പ്രദേശത്തെ ആളുകൾ കത്തിടപാടുകൾക്കായി പോസ്റ്റ് ഓഫിസിനെ ഉപയോഗപ്പെടുത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. ഒറ്റമുറി കെട്ടിടത്തിൽ തന്നെയാണ് പരുത്തിപ്ര പോസ്റ്റ് ഓഫിസിന്റെയും പ്രവർത്തനം. ഷൊർണൂരിന്റെ ചരിത്രങ്ങളിൽ ഇടം പിടിച്ച പഴമയുടെ 2 പോസ്റ്റ് ഓഫിസുകൾ കെട്ടിടങ്ങളും വൈകാതെ പൊളിച്ചു നീക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

