പെരുമ്പിലാവ് ∙ പാടത്തെ വെള്ളം വറ്റിക്കാനുള്ള സംവിധാനങ്ങൾ ഇല്ലാത്തതിനാൽ കടവല്ലൂർ പാടശേഖരത്തിൽ 100 ഏക്കറോളം നെൽക്കൃഷി ഉപേക്ഷിക്കും. 30 വർഷത്തോളം തരിശു കിടന്ന ഒതളൂർ ബണ്ട് മുതൽ കടവല്ലൂർ മരങ്ങാട് പാടം വരെയുള്ള ഈ പാടശേഖരത്തിൽ 5 വർഷം മുൻപാണു വീണ്ടും കൃഷി തുടങ്ങിയത്.
താഴ്ന്ന പ്രദേശമായതിനാൽ ശക്തിയേറിയ മോട്ടറുകൾ ഉപയോഗിച്ചു വെള്ളം വറ്റിച്ച ശേഷമേ ഇവിടെ കൃഷി ഒരുക്കങ്ങൾ തുടങ്ങുകയുള്ളൂ.
മറ്റു ഭാഗങ്ങളിൽ മുണ്ടകൻ കൃഷി തുടങ്ങി ഒരു മാസത്തോളം വൈകിയാണു കടവല്ലൂർ പാടശേഖരത്തിൽ കൃഷിയിറക്കുക. എന്നാൽ ഇത്തവണ വെള്ളം വറ്റിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാനുള്ള പാടശേഖരസമിതിയുടെ ശ്രമം പരാജയപ്പെട്ടു.
പെട്ടിയും പറയും ഉപയോഗിച്ചാണു മുൻപെല്ലാം വെള്ളം വറ്റിച്ചിരുന്നത്. ഇത് വാടകയ്ക്ക് എത്തിക്കുകയാണു പതിവ്.
പെട്ടി പറ സംവിധാനത്തിന്റെ ലഭ്യത കുറഞ്ഞതിനാൽ ഇവ വാടകയ്ക്കു സംഘടിപ്പിക്കാൻ കഴിഞ്ഞില്ലെന്നു പാടശേഖര ഭാരവാഹികൾ പറയുന്നു.
50 എച്ച്പി മോട്ടറുകൾ ഉപയോഗിക്കുകയാണു മറ്റു മാർഗം. അതിനു വലിയ സാമ്പത്തിക ചെലവ് വരും.
അത് താങ്ങാനുള്ള ശേഷി പാടശേഖരസമിതിക്ക് ഇല്ലെന്ന് അവർ പറയുന്നു. കുറഞ്ഞ തോതിൽ വെള്ളം കെട്ടിനിൽക്കുന്ന ചില ഭാഗങ്ങളിൽ ചെറു മോട്ടറുകൾ ഉപയോഗിച്ചു പമ്പ് ചെയ്തു വറ്റിച്ച ശേഷം സ്വന്തം നിലയിൽ കൃഷി ചെയ്യാൻ കുറച്ചു കർഷകർ തയാറായിട്ടുണ്ട്.
ലേറ്റ് മുണ്ടകൻ എന്നറിയപ്പെടുന്ന കടവല്ലൂർ പാടശേഖരത്തിലെ കൃഷി വിളഞ്ഞു പാകമാകുമ്പോഴേക്കും ഈ മേഖലയിലെ തോടുകളെല്ലാം വറ്റിവരളും. കഴിഞ്ഞ 4 വർഷങ്ങളിലും വരൾച്ച മൂലം വൻ കൃഷിനാശം ഇവിടെ ഉണ്ടായിരുന്നു.
പാടത്തെ വെള്ളം നേരത്തേ വറ്റിച്ചു കൃഷി തുടങ്ങുക മാത്രമായിരുന്നു വരൾച്ച അതിജീവിക്കാനുള്ള പോംവഴി. ഇതിനുള്ള മാർഗം സർക്കാർ ഒരുക്കണമെന്നു കർഷകർ കുറേനാളായി ആവശ്യപ്പെടുന്നുണ്ട്.
തിരുത്തിക്കാട് ബണ്ടിലേക്കുള്ള പമ്പിങ് മുടങ്ങി
കുന്നംകുളം ∙ കോൾപ്പടവുകളിലേക്കുള്ള വെള്ളം ശേഖരിക്കുന്നതിന് തിരുത്തിക്കാട് ബണ്ടിലേക്കുള്ള പമ്പിങ് മുടങ്ങി.
വ്യാഴാഴ്ച ആരംഭിക്കേണ്ടിയിരുന്ന പമ്പിങ്ങാണ് കാർഷിക കലണ്ടറിനു മാറ്റം വരുത്തി മാറ്റിവച്ചത്. ഇതു സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കുന്നതിന് തിങ്കളാഴ്ച 11ന് മരാമത്ത് അതിഥി മന്ദിരത്തിൽ യോഗം ചേരും.
എ.സി.മൊയ്തീൻ എംഎൽഎ അധ്യക്ഷനാകുന്ന യോഗത്തിൽ ജനപ്രതിനിധികളും കർഷക പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. നൂറാടി തോടിൽ നിന്ന് വെള്ളം പമ്പ് ചെയ്തു ശേഖരിച്ചു കൃഷിക്ക് ആവശ്യമായ വെള്ളം ബണ്ടിൽ നിന്ന് തിരിച്ചു വിടുകയാണ് പതിവ്. തൃശൂർ, മലപ്പുറം ജില്ലകളിൽ പരന്നു കിടക്കുന്ന പാടശേഖരങ്ങളിലെ കർഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
പൊന്നാനി ബീയ്യം കെട്ടിലെ വെള്ളത്തെ ആശ്രയിച്ചാണ് ഈ മേഖലയിൽ ആയിരക്കണക്കിന് ഏക്കർ പാടത്ത് കൃഷി ചെയ്യുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഇൗ ദിവസം പമ്പിങ് മുടങ്ങിയതെന്നു കർഷകർ പറഞ്ഞു.
പുഞ്ചക്കൃഷിക്കായി ശേഖരിച്ചു വെള്ളം തോട്ടിൽ തന്നെ കെട്ടിനിർത്തി ആവശ്യഘട്ടത്തിൽ ഉപയോഗിക്കാമെന്നാണ് പമ്പിങ് ഇപ്പോൾ വേണ്ടെന്നു വാദിക്കുന്നവരുടെ പ്രതീക്ഷ. ബണ്ടിൽ വെള്ളം ശേഖരിച്ചിരിക്കുന്നില്ലെങ്കിൽ അത് ഈ മേഖലയിൽ കൃഷിക്കും കുടിവെള്ളത്തിനും ക്ഷാമമുണ്ടാകുമെന്ന് അഭിപ്രായമുണ്ട്.
പമ്പിങ് മുടങ്ങിയത് മറ്റു കൃഷികളെയും ബാധിക്കും. വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടർ കാലപ്പഴക്കം കാരണം തുരുമ്പെടുത്തു.
ഇതു മാറ്റാനുള്ള തീരുമാനം നടപ്പാക്കിയില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

