ആഗോള സാമ്പത്തികരംഗത്ത് ആശങ്കവിതച്ച് ഇറാനും യുഎസും തമ്മിലെ ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. 800 പേരുടെ വധശിക്ഷ ഇറാൻ റദ്ദാക്കിയെന്നും അക്കാര്യത്തിൽ ഇറാൻ ഭരണാധികാരികളോട് ബഹുമാനമുണ്ടെന്നും ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
പ്രതിഷേധക്കാരെ തൂക്കിലേറ്റുന്നത് അടക്കമുള്ള പ്രതികാര നടപടി സ്വീകരിച്ചാൽ യുഎസ് സൈന്യം രംഗത്തിറങ്ങുമെന്നും ഇറാനെ ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ, പ്രതിഷേധക്കാർക്കാരെ കടുത്ത ഭാഷയിൽ ആക്രമിച്ച് ഇറാൻ ഭരണകൂട പ്രതിനിധി അയത്തൊല്ല അഹ്മദ് ഖടാമി രംഗത്തുവന്നു.
പ്രതിഷേധക്കാരെ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ‘ദേഹണ്ണക്കാർ’ എന്നും ട്രംപിന്റെ ‘കൂലിപ്പടയാളികൾ’ എന്നും വിശേഷിപ്പിച്ച ഖടാമി, പിടിക്കപ്പെട്ടവരെ തൂക്കിലേറ്റുമെന്നും പറഞ്ഞു. അമേരിക്കക്കാരും ഇസ്രയേലുകാരും സമാധാനം പ്രതീക്ഷിക്കേണ്ടെന്നും കടുത്ത പ്രതികാരത്തിനായി കാത്തിരിക്കാനും ഖടാമി വെല്ലുവിളിച്ചു.
ഇടപെട്ട് സൗദിയും ഖത്തറും ഒമാനും
ഇറാനെ നേരിട്ട് ആക്രമിക്കാനുള്ള തീരുമാനത്തിലേക്ക് ട്രംപ് ഏറക്കുറെ കടന്നെങ്കിലും സൗദി അറേബ്യയും ഖത്തറും ഒമാനും ഈജിപ്തും ഇടപെട്ട് പിന്മാറാൻ നിർബന്ധിക്കുകയായിരുന്നു.
ഇറാനെ ആക്രമിച്ചാൽ ഖത്തറിൽ ഉൾപ്പെടെയുള്ള യുഎസിന്റെ സൈനിക താവളങ്ങൾക്കുനേരെ ഇറാനും പ്രത്യാക്രമണം നടത്തും.
ഇത് ഗൾഫിന് പുറമേ രാജ്യാന്തര സാമ്പത്തികമേഖലയെയാകെ പ്രതിസന്ധിയിലാക്കുമെന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടി. നിലവിൽതന്നെ പ്രക്ഷുബ്ധമായ മധ്യേഷ്യ കൂടുതൽ സങ്കീർണമാകുമെന്നും അവ വ്യക്തമാക്കിയതോടെ ട്രംപ് പിൻവലിയുകയായിരുന്നു.
അതേസമയം, ഇറാനിൽ പ്രതിഷേധം ഏറെക്കുറെ കെട്ടടങ്ങിയെന്നാണ് ഭരണകൂടം പറയുന്നത്.
നഗരങ്ങൾ സാധാരണജീവിതത്തിലേക്ക് മടങ്ങിക്കഴിഞ്ഞു. ഇതിനകം 3,090 പ്രതിഷേധക്കാർ കൊല്ലപ്പെട്ടുവെന്നാണ് വിവിധ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നത്.
ആയിരക്കണക്കിനുപേരെ തടങ്കലിലുമാക്കിയിട്ടുണ്ട്.
സായുധരായി പ്രതിഷേധിച്ചവർ 350ലേറെ മോസ്കുകളും 126 പ്രാർഥനാ കേന്ദ്രങ്ങളും മറ്റ് 20 വിശുദ്ധകേന്ദ്രങ്ങളും തകർത്തുവെന്ന് ഖടാമി ആരോപിച്ചു. 400 ആശുപത്രികൾ, 100ലേറെ ആംബുലൻസുകൾ, 71 അഗ്നിരക്ഷാസേനാ വാഹനങ്ങൾ, 50 എമർജൻസി വാഹനങ്ങൾ എന്നിവയും തകർത്തു.
തുടർന്നാണ് അദ്ദേഹം പ്രതിഷേധക്കാരെ ട്രംപിന്റെ ‘കൂലിപ്പടയാളികൾ’, നെതന്യാഹുവിന്റെ ‘ദേഹണ്ണക്കാർ’ എന്ന് വിശേഷിപ്പിച്ചത്.
ഫോണിൽ വിളിച്ച് പുട്ടിൻ
ഇതിനിടെ പ്രതിഷേധവും യുദ്ധവും ഒഴിവാക്കാനായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഇടപെട്ടുവെന്ന് സൂചനകളുണ്ട്. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു എന്നിവരുമായി പുട്ടിൻ ഫോണിൽ സംസാരിച്ചു.
എന്നാൽ, ഇറാനെ സൈനികമായി സഹായിക്കാൻ റഷ്യ രംഗത്തെത്തില്ല.
പൂർണമായും യുക്രെയ്ൻ യുദ്ധത്തിൽ ശ്രദ്ധപതിപ്പിക്കാനാണ് റഷ്യയുടെ ശ്രമം. മാത്രമല്ല സഖ്യരാഷ്ട്രങ്ങളിലെ ഭരണകൂടം ഓരോന്നായി തകരുന്നതും റഷ്യയെ അലട്ടുന്നുണ്ട്.
സിറിയയിൽ ബാഷർ, വെനസ്വേലയിൽ മഡുറോ എന്നിവർ വീണതിൽ റഷ്യയ്ക്ക് നീരസമുണ്ട്.
കരകയറി ക്രൂഡ് ഓയിൽ
അതേസമയം, ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് യുഎസ് തൽക്കാലം പിന്മാറിയതും ഇറാനിലെ പ്രക്ഷോഭങ്ങൾ കെട്ടടുങ്ങുന്നുവെന്ന വിലയിരുത്തലും രാജ്യാന്തര ക്രൂഡ് ഓയിൽ വില തിരിച്ചുകയറാൻ വഴിയൊരുക്കി. ഇന്നലെ ഒരുവേള 5% ഇടിവ് നേരിട്ട
എണ്ണവില ഇപ്പോഴുള്ളത് ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 0.44% വർധനയുമായി 59.34 ഡോളറിൽ. ബ്രെന്റ് വില 0.58% ഉയർന്ന് 64.13 ഡോളറിലുമെത്തി.
താഴ്ന്നിറങ്ങി സ്വർണം
ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾക്കിടെ പൊതുവേ കുതിക്കാറുള്ള സ്വർണവില താഴുകയാണ്.
ഔൺസിന് 23 ഡോളർ ഇടിഞ്ഞ് 4,596 ഡോളറിലാണ് ഇപ്പോൾ വില. കേരളത്തിൽ ഇന്ന് വില താഴാം.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ അടുത്ത ചെയർമാനാകുമെന്ന് കരുതിയിരുന്ന കെവിൻ ഹാസറ്റിനോട് വൈറ്റ്ഹൗസിൽ തന്നെ തുടരാൻ ട്രംപ് ആവശ്യപ്പെട്ടത് സ്വർണത്തിന് തിരിച്ചടിയായിട്ടുണ്ട്.
നാഷനൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടറായ ഹാസറ്റിനെ വൈറ്റ്ഹൗസിൽ ആവശ്യമുണ്ടെന്ന് ട്രംപ് പറഞ്ഞു. പലിശനിരക്ക് കുത്തനെ വെട്ടിക്കുറയ്ക്കണമെന്ന ട്രംപിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നയാളാണ് ഹാസറ്റ്.
അദ്ദേഹം ചെയർമാനാകുമെന്നും പലിശഭാരം കുറയുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. പലിശനിരക്ക് കുറയുന്നത് സ്വർണവില കൂടാൻ വഴിയൊരുക്കും.
ട്രംപിന്റെ പുതിയ നീക്കം ഇതിനു തടസ്സമാകുമെന്ന വിലയിരുത്തലാണ് സ്വർണത്തെ വീഴ്ത്തിയത്. പുറമേ ലാഭമെടുപ്പ് നടക്കുന്നതും തിരിച്ചടിയായി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

