ഗൾഫിൽ ചെയ്തിരുന്ന ബിസിനസ് കേരളത്തിലേക്കു പറിച്ചുനട്ടു. പ്രതിമാസ വിറ്റുവരവ് ലക്ഷങ്ങൾ.
കൈനിറയേ ലാഭം. 10 വർഷത്തിലേറെ നീണ്ട
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ അനിൽകുമാർ നാരായണന്റെ ചിന്ത സ്വന്തമായി ബിസിനസ് സംരംഭം എന്നതു തന്നെയായിരുന്നു. ദുബായിയിൽ ഒരു ദോശമാവ് നിർമാണ സ്ഥാപനത്തിൽ 10 വർഷക്കാലം ജോലി ചെയ്തു.
പിന്നീട് ആ പരിചയവുമായി അവിടെ ഇതുപോലൊരു സംരംഭം നടത്തി. അതിനുശേഷം നാട്ടിലെത്തി 3 പേരെവച്ച് ചെറിയ യൂണിറ്റ് തുടങ്ങി.
പരമ്പരാഗത രൂചിക്കൂട്ടുകളിൽ മികച്ചൊരു സംരംഭത്തിന്റെ പിറവിയായിരുന്നു അത്.
കായംകുളത്തിനടുത്തു സൗത്ത് മാങ്കുഴിയിലുള്ള കെജി ഫുഡ് പ്രോഡക്ട്സ് എന്ന സംരംഭം ‘ഉഡുപ്പീസ്’ ബ്രാൻഡിൽ വിവിധ ഇനം റെഡി ടു കുക്ക് ഭക്ഷ്യോൽപന്നങ്ങള് വിപണിയിലെത്തിക്കുന്നു.
റെഡി–ടു–കുക്ക് വിഭാഗത്തിൽ മലയാളിയുടെ ഇഷ്ടവിഭവങ്ങളാണ് ഉൽപാദിപ്പിക്കുന്നത്. േദാശ–ഇഡ്ഡലി മിക്സ്, അപ്പം മിക്സ്, ചപ്പാത്തി, പൊറോട്ട
തുടങ്ങിയവയ്ക്കൊപ്പം അരിപ്പൊടി, ഗോതമ്പുമാവ് എന്നിവയും വിൽക്കുന്നുണ്ട്. പൊറോട്ടയും ചപ്പാത്തിയും ഹാഫ് കുക്ക്ഡ് ആയാണ് വിൽക്കുന്നത്.
ഇരുപതിൽപരം ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്നുണ്ടെങ്കിലും േദാശ/ഇഡ്ഡലി/അപ്പം മിക്സ് ഇനങ്ങളിലാണ് പ്രധാന വിൽപന.
ഗൾഫിലെ പരിചയം
ദുബായിൽ 10 വർഷക്കാലം ദോശമാവ് നിർമിക്കുന്ന സ്ഥാപനത്തിൽ ജോലിചെയ്ത പരിചയവുമായി അവിടെ ഇത്തരത്തിൽ ഒരു സംരംഭം നടത്തി. അതിനു ശേഷം നാട്ടിലെത്തി മൂന്നു േപരേവച്ചുകൊണ്ടു ചെറു യൂണിറ്റ് തുടങ്ങി.
9 വർഷത്തിനകം 30 തൊഴിലാളികളും നിരവധി ഉൽപന്നങ്ങളുമായി സ്ഥാപനം വളർന്നു. 25 ലക്ഷം രൂപ മെഷിനറികളിൽ നിക്ഷേപിച്ചിട്ടുണ്ട്.
മിക്ക ജോലികളും ചെയ്യുന്നത് മെഷിനറിയുടെ സഹായത്തോടെ.
വ്യവസായവകുപ്പിന്റെ പിന്തുണയോടെ വായ്പ എടുത്താണ് സ്ഥാപനം ഘട്ടംഘട്ടമായി വികസിപ്പിച്ചത്. സ്വന്തം സ്ഥലത്താണ് സ്ഥാപനം.
മത്സരം ശക്തം, മറികടക്കുന്നത് ഗുണമേന്മയിൽ
ഇത്തരം ഉൽപന്നങ്ങൾക്ക് വിപണിയിൽ മത്സരമുണ്ട്.
അതേ സമയംതന്നെ അവസരങ്ങളും ധാരാളം. മികച്ച ഗുണമേന്മ ഉറപ്പുവരുത്തി മുന്നോട്ടുപോകുന്നതിനാൽ മത്സരം പ്രശ്നമാകാറില്ല.
ഗുണമേന്മ ഉറപ്പാക്കാൻ പല കാര്യങ്ങൾ ശ്രദ്ധിക്കുന്നു:
∙തമിഴ്നാട്ടിൽനിന്നു ലഭിക്കുന്ന ഇഡ്ഡലി റൈസ് മാത്രം ഉപയോഗിക്കുന്നു. ∙കൃത്യമായ റേഷ്യോയിൽ അരിയും ഉഴുന്നും േചർക്കുന്നു.
∙ദോശമിക്സിൽ ഉലുവ േചർക്കും.
ഇഡ്ഡലി മിക്സിൽ േചർക്കുന്നില്ല. ∙ഗൾഫിൽ പിൻതുടർന്നുവന്ന ഗുണനിലവാരം, ശുചിത്വം എന്നിവ നിലനിർത്തുന്നു.
∙വിപണിവിലയെക്കാൾ കുറഞ്ഞ വിലയ്ക്കു നൽകുന്നു. ∙കളർ, പ്രിസർവേറ്റീവ്സ് എന്നിവ അൽപംപോലും ഉപയോഗിക്കുന്നില്ല.
ഇത്തരം കാര്യങ്ങളിലൂടെ ഉറപ്പാക്കുന്ന സോഫ്റ്റ്നസ് ആണ് എടുത്തുപറയാവുന്ന പ്രധാന മേന്മ.
അഞ്ചു ദിവസംവരെ ഫ്രിഡ്ജിൽവച്ച് ഉപയോഗിക്കാം.
വാങ്ങൽ തമിഴ്നാട്ടിൽ നിന്ന്
അരി, ഗോതമ്പ്, ഉഴുന്ന് തുടങ്ങി എല്ലാംതന്നെ തമിഴ്നാട്ടിൽനിന്നു നേരിട്ട് എത്തിച്ചുതരുന്ന ഏജന്റുമാരുണ്ട്. ക്രെഡിറ്റ് ലഭിക്കില്ല.
പക്ഷേ, മുൻകൂർ പണമടച്ചാൽ ആവശ്യമായവ സ്ഥാപനത്തിൽ എത്തും. അസംസ്കൃത വസ്തുക്കൾക്കു യാതൊരു ക്ഷാമവും ഉണ്ടാകാറില്ല.
മൂന്നു ജില്ലകളിൽ വിൽപന
ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ സ്വന്തമായുള്ള അഞ്ചു വണ്ടികളിൽ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നു.
കമ്മിഷൻ അടിസ്ഥാനത്തിൽ ഏതാനും വിതരണക്കാരുമുണ്ട്. ചപ്പാത്തിയുടെ വിപണി പൊതുവേ മോശമാണെങ്കിലും പൊറോട്ടയ്ക്ക് ആവശ്യക്കാർ ഏറെയാണ്.
ദോശ, അപ്പം, ഇഡ്ഡലി മാവുകളാണ് ഏറ്റവും അധികം വിൽക്കുന്നത്. കൂടുതൽ ഏരിയ പിടിച്ചാൽ കൂടുതൽ വിൽക്കാൻ കഴിയും.
അനുകൂലം
∙ഗുണമേന്മകൊണ്ടു മത്സരത്തെ മറികടക്കാം
∙ക്രെഡിറ്റ് കച്ചവടം പ്രശ്നമാകുന്നില്ല
∙വലിയ വിപണിയുണ്ട്.
∙എളുപ്പം വിൽക്കാൻ കഴിയുന്ന ഉൽപന്നങ്ങളാണ്. ∙ജിഎസ്ടി FSSAI, PACKER, PCB, പഞ്ചായത്ത് തുടങ്ങി എല്ലാ അനുമതികളും നേടിയിട്ടുണ്ട്.
∙കൂടുതൽ ഉൽപന്നങ്ങളിലേക്കു വൈവിധ്യവൽക്കരിക്കാനുള്ള സാധ്യത.
പ്രതികൂലം
∙വിപണിയിലെ ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങളുമായി മത്സരിക്കേണ്ടതായിവരുന്നു. ∙അസംസ്കൃത വസ്തുക്കളുടെ വിലവർധന.
∙സ്കിൽഡ് ആയിട്ടുള്ള തൊഴിലാളികളുടെ അപര്യാപ്തത.
പ്രതിമാസം 30 ലക്ഷത്തിന്റെ ബിസിനസ്
ഏകദേശം 30 ലക്ഷം രൂപയുടെ ബിസിനസാണ് മാസം നടക്കുന്നത്. കൃത്യമായി ജിഎസ്ടിയും അടച്ചുപോരുന്നു.
കൂടുതൽ ലാഭം എടുക്കാനുള്ള അവസരം ഉണ്ടെങ്കിലും സ്ഥാപനം 5% അറ്റാദായമേ എടുക്കുന്നുള്ളൂ എന്നാണ് അനിൽകുമാർ പറയുന്നത്. കെട്ടിടം, വണ്ടികൾ, മെഷിനറികൾ, മറ്റ് ആസ്തികൾ എല്ലാം ഉൾപ്പെടെ ഇപ്പോൾ ഏകദേശം ഒരു കോടി രൂപയുടെ നിക്ഷേപമുണ്ട്.
മക്കൾ േദവനാരായണനും സൂര്യനാരായണനും വിദേശത്തു പഠിക്കുന്നു. ഭാര്യ മിനി വീട്ടമ്മയാണ്.
ഇഡ്ഡലി ഫാക്ടറി
അടുത്ത പദ്ധതി എന്ന നിലയിൽ ഇഡ്ഡലി ഫാക്ടറി സ്ഥാപിക്കാൻ ഒരുങ്ങുകയാണ് അനിൽകുമാർ.
പൂർണമായും ഓട്ടമാറ്റിക് സംവിധാനത്തിലായിരിക്കും ഇത്. ആവി പറക്കുന്ന ഇഡ്ഡലി മണിക്കൂറുകൾക്കകം ആവശ്യക്കാരിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ പ്ലാന്റിന് ഏകദേശം 60 ലക്ഷം രൂപയുടെ നിക്ഷേപം വേണ്ടിവരും.
•
വിലാസം:
അനിൽകുമാർ നാരായണൻ
UDUPIS
KG Food Products
സൗത്ത് മാങ്കുഴി
പുള്ളിക്കണക്ക് പി.ഒ., കായംകുളം–690537
പുതുസംരംഭകർക്ക്
റെഡി–ടു–ഈറ്റ്, റെഡി–ടു–കുക്ക് വിഭവങ്ങൾക്ക് എക്കാലത്തും വലിയ സ്വീകാര്യതയുണ്ട്. വളരെ ചെറിയ നിക്ഷേപത്തിൽ ദോശ/ ഇഡ്ഡലി/ അപ്പം ബാറ്ററുകൾ നിർമിക്കുന്ന ലഘു സംരംഭം തുടങ്ങാം.
10 ലക്ഷം രൂപയുടെ നിക്ഷേപം മതിയാകും. 3 േപർക്കു തൊഴിൽ നൽകാം..
പ്രതിമാസം 5 ലക്ഷം രൂപയുടെ കച്ചവടം നേടിയാൽ ഒരു ലക്ഷം രൂപയെങ്കിലും അറ്റാദായവും കിട്ടും. ൈവവിധ്യവൽക്കരണത്തിനും സാധ്യതകൾ ഏറെയാണ്.
(മലയാള മനോരമ സമ്പാദ്യം ജനുവരി 2026 ലക്കത്തിൽ നിന്ന്)
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

