കൊല്ലം ∙ ചാത്തന്നൂരിൽ ഉയരപ്പാതയുടെ റീ എൻഫോഴ്സ്ഡ് എർത്ത് (ആർഇ) പാനൽ പുറത്തേക്കു തള്ളുന്നതും കൊട്ടിയത്ത് ഉയരപ്പാത വിണ്ടുകീറുന്നതും ദുരന്ത ഭീഷണി ഉയർത്തുന്നു. വാഹന ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതിനു മുൻപാണ് രണ്ടു സ്ഥലത്തും നിർമാണത്തിൽ ഗുരുതരമായ വീഴ്ച കണ്ടെത്തിയത്.
ചാത്തന്നൂരിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ ജീവന് ഭീഷണിയായി മാറിയെന്നു കാണിച്ച് സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ കലക്ടർക്ക് റിപ്പോർട്ട് നൽകി. കൊട്ടിയം
പറക്കുളം മുതൽ കൊട്ടിയം ജംക്ഷന് സമീപം വരെയാണ് ഉയരപ്പാത പലയിടത്തും നീളത്തിൽ വിണ്ടുകീറുന്നത്.
ഉയരപ്പാതയുടെ മധ്യഭാഗത്തുള്ള ഡിവൈഡറിനോടു ചേർന്നു പോലും നീളത്തിൽ വീണ്ടുകീറിയിട്ടുണ്ട്. പറക്കുളത്ത് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ മുൻവശത്ത് 30 അടിയിലേറെ നീളത്തിലാണു വിണ്ടുകീറിയത്.
ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ നീളത്തിൽ വിണ്ടുകീറുകയാണെന്നു പറക്കുളം ജനകീയ സമരസമിതി പ്രവർത്തകർ പറഞ്ഞു. സുഗതൻമുക്കിന് സമീപത്തെ മസ്ജിദിനു മുന്നിൽ ഉയരപ്പാതയുടെ മധ്യഭാഗം ഉൾപ്പെടെ വിവിധ ഇടങ്ങളിൽ വിണ്ടുകീറി.
മസ്ജിദ് മുതൽ കൊട്ടിയം ജംക്ഷൻ വരെയും പലയിടത്തും പാത വിണ്ടുകീറിയെങ്കിലും കഴിഞ്ഞ ദിവസം ടാറിങ് നടത്തി വിള്ളൽ മറച്ചു.കൊട്ടിയം ജംക്ഷനു കിഴക്കുവശത്ത് പലയിടത്തും ആർഇ പാനലിന്റെ അരികും മൂലകളും അടർന്നു പോയിട്ടുണ്ട്. ഇതു സിമന്റ് പൂശി അടയ്ക്കുകയാണ്.
മണ്ണിട്ട് മറയ്ക്കുന്നു
പറക്കുളത്തിനു സമീപം കോൺക്രീറ്റ് ബ്ലോക്കുകൾ നിരത്തി അടച്ചിട്ടിരിക്കുന്ന ഉയരപ്പാതയിൽ വാഹനങ്ങളും കാൽനടയാത്രക്കാരും കടക്കാറില്ല.
അതിനാൽ വിണ്ടുകീറൽ ജനങ്ങളുടെ ശ്രദ്ധയിൽപെടാൻ വൈകി. പ്രഭാത സവാരിക്കിടെ സമരസമിതി പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.
റോഡ് വിണ്ടു കീറുന്നതു മറയ്ക്കുന്നതിനു മണൽ പാകുകയാണു കരാർ കമ്പനി ചെയ്യുന്നത്. അടുത്തിടെയാണ് ഇവിടെ ആർഇ പാനൽ പുറത്തേക്കു തള്ളിയത്.
കലുങ്കിനു മുകളിൽ മൺമതിൽ
പറക്കുളത്ത് റോഡിന്റെ ഇരുവശത്തും ചതുപ്പു മേഖലയാണ്.
പറക്കുളം വയലിൽ നിന്ന് പുല്ലാങ്കുഴി ചിറ വയലിലേക്കു വെള്ളം ഒഴുകുന്നതിനുള്ള കലുങ്കിന് മുകളിലാണ് മണ്ണിട്ട് ഉയർത്തി ദേശീയപാത നിർമിച്ചിട്ടുള്ളത്. രണ്ടു മാസം മുൻപു ദേശീയപാത തകർന്ന മൈലക്കാട് ഇറക്കത്തും സമാനരീതിയിൽ ആയിരുന്നു നിർമാണം.
ചാത്തന്നൂർ
ഉയരപ്പാത തകർന്നു വീഴുമെന്ന ആശങ്കയിലാണു വ്യാപാരികളും നാട്ടുകാരും.
നിർമാണം പൂർത്തിയായ സ്ഥലങ്ങളിൽ മുകൾ ഭാഗം പുറത്തേക്ക് തള്ളിനിൽക്കുകയാണ്. കാനറ ബാങ്ക്– ഹൈസ്കൂൾ ജംക്ഷന് ഇടയിലും ഫെഡറൽ ബാങ്കിനു മുൻവശത്തുമാണ് റോഡിന്റെ വടക്കു വശത്ത് പാനലുകൾ പുറത്തേക്ക് തള്ളി നിൽക്കുന്നത്.
അടിപ്പാതയുടെ സ്ലാബിനോടു ഉയരപ്പാത ചേരുന്ന സ്ഥലത്ത് നിർമാണ പിഴവു കാണാനാകും. ഉയരപ്പാതയുടെ ഇരുവശത്തും ഒട്ടേറെ പാനലുകളുടെ അരികും മൂലയും പൊട്ടിപ്പോയിട്ടുണ്ട്.
ചർച്ച ഇന്ന്
ഉയരപ്പാതയ്ക്കെതിരെ വിവിധ കേന്ദ്രങ്ങളിൽ സമരം നടത്തുന്നവരുമായി കലക്ടർ എൻ.ദേവിദാസ് ഇന്ന് 3നു ചർച്ച നടത്തും.
പ്രതിഷേധത്തെ തുടർന്നു ജില്ലയിൽ ഉയരപ്പാത നിർമാണം നിലച്ചിരിക്കുകയാണ്.കൊട്ടിയം പറക്കുളത്ത് ജനകീയ സമര സമിതിയുടെ റിലേ നിരാഹാര സമരം 25 ദിവസം പിന്നിട്ടു. ഫ്ലൈഓവർ നിർമിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
കൊട്ടിയത്ത് ഫ്ലൈഓവർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലും സമരം തുടരുന്നു. ചാത്തന്നൂർ തിരുമുക്ക് മുതൽ ശീമാട്ടി ജംക്ഷൻ വരെ ഉയരപ്പാതയ്ക്ക് പകരം തൂണുകളിൽ മേൽപാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ടു സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സമരം നടന്നുവരുന്നു.
അയത്തിൽ ജംക്ഷനിൽ മേൽപാലം ആവശ്യപ്പെട്ട് അയത്തിൽ ജനകീയ സമര സമിതി, കല്ലുംതാഴത്ത് ഉയരപ്പാത പൊളിച്ചു നീക്കി ഫ്ലൈഓവർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കല്ലുംതാഴം ജനകീയ സമരസമിതിയും മങ്ങാട് ജനകീയ കൂട്ടായ്മയും സമരത്തിലാണ്. കാവനാട്–ശക്തികുളങ്ങര മേഖലയിൽ എലിവേറ്റഡ് ഹൈവേ ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലും സമരം രംഗത്തുണ്ട്.
നഷ്ടപരിഹാരം ലഭിച്ചില്ല; ഗ്രീൻ ഫീൽഡ് പാത സമര സമിതി സമരത്തിലേക്ക്
കൊല്ലം ∙ ദേശീയപാത 744, കടമ്പാട്ടുകോണം– മധുര ഗ്രീൻ ഫീൽഡ് പാത സംയുക്ത സമര സമിതി സമരത്തിലേക്ക്.
റോഡ് വികസനത്തിനു 4 വർഷം മുൻപ് ഭൂമിയും വീടും ഏറ്റെടുത്തെങ്കിലും നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം തുടങ്ങുന്നത്. രണ്ടായിരത്തോളം പേരുടെ ഭൂമിയാണ് ഗ്രീൻ ഫീൽഡ് പാത നിർമാണത്തിന് ഏറ്റെടുത്തത്.
വിലനിർണയം ഉൾപ്പെടെ പൂർത്തിയായെങ്കിലും പണം കൈമാറിയിട്ടില്ല. സമര പരിപാടികളെ കുറിച്ച് ആലോചിക്കുന്നതിന് നാളെ അഞ്ചൽ അഗസ്ത്യക്കോട് സായിറാം സിറ്റിയിൽ പൊതുയോഗം നടക്കുമെന്ന് കൺവീനർ വിശാൽ വർഗീസ് മാത്യു അറിയിച്ചു.
അപകടഭീഷണി: സിറ്റി പൊലീസ് കമ്മിഷണർ കലക്ടർക്കു റിപ്പോർട്ട് നൽകി
കൊല്ലം ∙ ചാത്തന്നൂർ ജംക്ഷനിൽ ഗവ.
ഹയർ സെക്കൻഡറി സ്കൂളിനോടു ചേർന്നുള്ള റോഡിന്റെ വടക്കുഭാഗം മുതൽ അടിപ്പാത വരെയുള്ള ഭാഗത്ത് സ്ലാബുകൾ അപകടകരമായ വിധത്തിൽ പുറത്തേക്ക് തള്ളിനിൽക്കുന്നതായും മൂന്നു സ്ഥലങ്ങളിൽ സ്ലാബുകൾക്കു മുകളിൽ വിള്ളൽ ഉള്ളതായും സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ കലക്ടർ എൻ.ദേവീദാസിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഏതു നിമിഷവും സ്ലാബ് താഴേക്കു പതിച്ച് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രികർക്കും വ്യാപാര സ്ഥാപനങ്ങളിലുള്ളവർക്കും അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്.
ആയിരത്തിലധികം വിദ്യാർഥികളും പൊതുജനങ്ങളും വാഹനങ്ങളും ദിനം വന്നുപോകുന്ന ചാത്തന്നൂർ ടൗണിൽ ഇത്തരത്തിൽ അപകടമുണ്ടായാൽ, നിയമസഭാ തിരഞ്ഞെടുപ്പു ആസന്നമായിരിക്കുന്ന അവസരത്തിൽ ഇതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. നിർമ ാണ പ്രവർത്തനം നടത്തുന്ന ശിവാലയ കമ്പനിയെയും നിർമാണ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറെയും വിവരം അറിയിച്ചിട്ടുണ്ട്.
ജനങ്ങളുടെ ജീവനു ഭീഷണിയായി നിൽക്കുന്ന ഉയരപ്പാതയുടെ നിർമാണം സാങ്കേതിക വിദഗ്ധരെ കൊണ്ടു അടിയന്തരമായി പരിശോധിച്ചു വേണ്ട നടപടി സ്വീകരിക്കണമെന്നു റിപ്പോർട്ടിൽ പറയുന്നു.
കൊട്ടിയം – കൊല്ലം റോഡിൽ പട്ടരുമുക്കിൽ നിപ്പോൺ ടൊയോട്ട ഷോറൂമിനു സമീപം, കൊട്ടിയം– തിരുവനന്തപുരം റോഡിൽ ബ്രദേഴ്സ് കോസ്മറ്റിക്സിനു സമീപവും സ്ലാബുകൾ അപകടാവസ്ഥയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

