കുമ്പള ∙ ദേശീയപാത ആരിക്കാടിയിൽ പ്രവർത്തനം തുടങ്ങിയ ടോൾ പ്ലാസയ്ക്കെതിരെ ആക്ഷൻ കമ്മിറ്റി നടത്തിവന്ന ജനകീയ സമരം പൊലീസ് തടഞ്ഞു. കമ്മിറ്റി ചെയർമാൻ എ.കെ.എം.അഷ്റഫ് ഉൾപ്പെടെയുള്ള സമരസമിതി നേതാക്കളായ 12 പേരെ മുൻകരുതലായി അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു.
സമരപ്പന്തൽ പൊളിച്ചുനീക്കി. സമരം തുടരുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. പ്ലാസയ്ക്കെതിരെ ആക്ഷൻ കമ്മിറ്റി തുടങ്ങിയ അനിശ്ചിതകാല സമരത്തിന്റെ രണ്ടാം ദിവസമായ ബുധനാഴ്ച രാത്രിയിലുണ്ടായ സംഘർഷത്തെ തുടർന്നു സമരം തുടരാൻ അനുമതി നിഷേധിച്ച് പൊലീസ് നോട്ടിസ് നൽകിയിരുന്നു.
ഇതു ലംഘിച്ച് ഇന്നലെ രാവിലെ സമരപ്പന്തലിൽ എത്തിയ എ.കെ.എം.അഷ്റഫ് എംഎൽഎ ഉൾപ്പെടെയുള്ളവരെയാണ് ഡിവൈഎസ്പി സി.കെ.സുനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
പിന്നീട് വിദ്യാനഗറിലെ പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി നോട്ടിസ് നൽകി വിട്ടയച്ചു. സമരത്തിന് ഐക്യദാർഢ്യവുമായി 14ന് രാത്രി വിവിധ സംഘടനാ പ്രവർത്തകർ മുദ്രാവാക്യ വിളികളുമായി എത്തിയതോടെയാണ് സംഘർഷം ഉണ്ടായത്.
പ്രതിഷേധക്കാർ ടോൾ പ്ലാസ അടിച്ചുതകർത്തു. ടിക്കറ്റ് കൗണ്ടറുകളുടെ ഗ്ലാസുകളും ബാരിക്കേഡുകളും കംപ്യൂട്ടറുകളും ക്യാമറകളും തകർത്തു.
10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം നേരിട്ടതായി ടോൾ പ്ലാസ അധികൃതർ പൊലീസിൽ നൽകിയ പരാതിയിലുണ്ട്. സംഭവത്തിൽ 500 പേർക്കെതിരെയാണ് പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.
പൊതുമുതൽ നശിപ്പിച്ചവരെ കണ്ടെത്താനായി പൊലീസ് സിസിടിവി ക്യാമറകൾ പരിശോധിച്ച് തുടങ്ങി. പൊലീസ് സംയമനം പാലിച്ചതോടെയാണ് വൻ സംഘർഷം ഒഴിവായത്.
വിഷയം ചർച്ച ചെയ്യുന്നതിനായി ബുധനാഴ്ച കലക്ടർ കെ.ഇമ്പശേഖർ വിളിച്ചുചേർത്ത ജില്ലയിലെ എംഎൽഎമാരുടെയും ദേശീയപാത അതോറിറ്റി പ്രതിനിധികളുടെയും യോഗം തീരുമാനമാകാതെ പിരിഞ്ഞതാണ് പ്രതിഷേധം അക്രമത്തിലേക്കു നീങ്ങാനിടയാക്കിയത്.ഇന്നലെ ചെയർമാൻ എ.കെ.എം.അഷ്റഫ് എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു സ്ഥിതിഗതികൾ ചർച്ച ചെയ്തു.
കുമ്പള പഞ്ചായത്ത് പ്രസിഡന്റ് വി.പി.അബ്ദുൽഖാദർ, സിപിഎം ഏരിയ സെക്രട്ടറി സി.എ.സുബൈർ, എ.കെ.ആരിഫ്, അസീസ് കളത്തൂർ, സിദ്ദിഖ് ദണ്ഡഗോളി, എൻ.പി.ഖാദർ, ഫാറൂഖ് ഷിറിയ, സവാദ് അംഗടിമുഗർ, കെ.ലക്ഷ്മണ പ്രഭു,സവാദ് അംഗഡിമുഗർ, കെ.വി.യൂസഫ്, ടി.എച്ച്.എൽ.ലത്തീഫ്, സത്താർ ആരിക്കാടി എന്നിവരടക്കമുള്ളർ പങ്കെടുത്തു.
ആരിക്കാടി കേസ് 21ലേക്ക് മാറ്റി
കാസർകോട് ∙ദേശീയപാത കുമ്പള ആരിക്കാടിയിലെ ടോൾ പ്ലാസയ്ക്കെതിരെ ആക്ഷൻ കമ്മിറ്റി ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയിൽ വിശദമായ വാദം കേൾക്കാനായി 21 ലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഹർജി പരിഗണിച്ചിരുന്നു.
എന്നാൽ സമയം വൈകിയതിനാൽ കേസ് മറ്റൊരുദിവസത്തേക്കു മാറ്റുകയായിരുന്നു. ടോൾ പ്ലാസയുടെ നിർമാണ പ്രവൃത്തികൾ സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു.
എന്നാൽ അന്തിമവിധി വന്നപ്പോൾ ദേശീയപാത അതോറിറ്റിക്കു നിർമാണ പ്രവൃത്തി തുടരാമെന്നു വിധിച്ചു.
ഇതിനെതിരെ ആക്ഷൻ കമ്മിറ്റി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ആ ആപ്പിൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കി വീണ്ടും ഹർജി പരിഗണിക്കാനായി ഉത്തരവിടുകയായിരുന്നു. ദേശീയപാത അതോറിറ്റിക്ക് ടോൾ പിരിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ലെന്നും നവംബർ 11ന് ഇടക്കാല ഉത്തരവിട്ടിരുന്നു.
മേൽ ഹർജിയാണ് ക്രിസ്മസ് അവധിക്കു ശേഷമാണ് ഇന്നലെ പരിഗണിച്ചത്. സമയം വൈകിയതിനാലാണ് സിംഗിൾ ബെഞ്ച് ജഡ്ജി ബെച്ചു കുര്യൻ തോമസ് വാദം കേൾക്കാനായി 21ലേക്ക് മാറ്റിയത്.
ആക്ഷൻ കമ്മിറ്റിക്കു വേണ്ടി അഡ്വ.സജൽ ഇബ്രാഹിം ഹാജരായി.
ടോൾ ബൂത്ത് അവസാനിപ്പിക്കുന്നതിന് കേന്ദ്രം ഇടപെടുന്നുണ്ടെന്ന് ബിജെപി
കാസർകോട് ∙ ദേശീയപാത ആരിക്കാടിയിലെ താൽക്കാലിക ടോൾ ബൂത്ത് നിയമവിരുദ്ധവും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നയത്തിന് വിരുദ്ധവുമാണെന്നും ഈ വിഷയം ബിജെപിയുടെ സംസ്ഥാന – കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചതായും പ്രസ്തുത ടോൾ അവസാനിപ്പിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി പറഞ്ഞു.
ബിജെപി സംസ്ഥാന നേതൃത്വം ഇക്കാര്യം ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ടോൾ ബൂത്ത് സ്ഥാപിക്കുന്നതിനെതിരെ ബിജെപിയുടെ പ്രതിഷേധം ദേശീയപാത റീജനൽ ഓഫിസർ ഉൾപ്പെടെയുള്ളവരെ രേഖാമൂലം അറിയിച്ചിരുന്നു.
അതോറിറ്റിയുടെ മുതിർന്ന ഉദ്യോഗസ്ഥരുടെ പിടിവാശിയും തെറ്റായ നിലപാടും ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ട് ഉടൻ പരിഹാരം ഉണ്ടാക്കുമെന്ന് ബിജെപി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
എ.കെ.എം അഷ്റഫ് എംഎൽഎ ഇപ്പോൾ നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സമരമാണ്. ജനപ്രതിനിധിയെന്ന തരത്തിൽ കൃത്യമായ ഇടപെടലുകൾ നടത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നും ഇതിന്റെ ജാള്യം മറയ്ക്കാനാണ് ടോൾ വിരുദ്ധ സമരവുമായി രംഗത്ത് വന്നതെന്നും അശ്വിനി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

