തൊടുപുഴ ∙ലോക ബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം ഏലം പുനർ നടീലിനു ഹെക്ടറിന് ഒരു ലക്ഷം രൂപ നിരക്കിൽ ധനസഹായം നൽകുന്നതിനായുള്ള പദ്ധതിക്ക് ഇടുക്കി ജില്ലയിലെ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉൽപാദനക്ഷമത കുറഞ്ഞ ഏലം ചെടികൾ മുറിച്ചു മാറ്റി കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളതും, ഉൽപാദനക്ഷമത കൂടിയതുമായ ഇനങ്ങൾ ഉപയോഗിച്ചുള്ള 3500 ഹെക്ടറിലെ പുനർ നടീലാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഏഴായിരത്തോളം ഏലം കർഷകർക്ക് നേരിട്ട് ആനുകൂല്യം ലഭിക്കും.
നിലവിൽ 25 സെന്റ് മുതൽ 8 ഹെക്ടർ വരെ കൃഷിയുള്ള കർഷകർക്ക് തങ്ങളുടെ 2 ഹെക്ടർ വരെയുള്ള ഏലം പുനർ നടീലിനാണ് പദ്ധതിയിലുൾപ്പെടുത്തി ധനസഹായം നൽകുക. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ശാസ്ത്രീയ കൃഷി മുറകളിൽ സാങ്കേതിക പരിജ്ഞാനവും ഇതോടൊപ്പം നൽകും.
ഉൽപാദന ക്ഷമത കൂടിയ ഇനങ്ങൾ ഉപയോഗിക്കുന്നതിനാൽ കർഷകർക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യവർഷം 50,000, രണ്ടാം വർഷം 50,000 എന്ന രീതിയിലായിരിക്കും ധനസഹായം ലഭ്യമാക്കുക.
ഇതോടൊപ്പം നിലവാരമുള്ള ഏലം തൈകൾ ഉൽപാദിപ്പിക്കുന്നതിനു ജില്ലയിലെ നഴ്സറികൾക്കു സബ്സിഡി അനുവദിക്കും. കർഷകർക്കും, കൂട്ടായ്മകൾക്കും ഗ്യാപ് (GAP) സർട്ടിഫിക്കേഷന് വേണ്ടി ചെലവഴിക്കുന്ന നൂറു ശതമാനം തുക പദ്ധതിയിലുൾപ്പെടുത്തി റീ ഇമ്പേഴ്സ് ചെയ്തു കൊടുക്കും.
മറ്റ് ഏജൻസികളിൽ നിന്നും സമാന ധനസഹായം നേടിയവരല്ലാത്ത കർഷകർക്കും നഴ്സറികൾക്കും കേര പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച ഓൺലൈൻ പോർട്ടൽ (
) വഴി നേരിട്ട് റജിസ്റ്റർ ചെയ്യാവുന്നതാണ്.
റജിസ്റ്റർ ചെയ്യുന്ന കർഷകരെ കേര നടത്തുന്ന പരിശീലന പരിപാടിയിലേക്ക് ക്ഷണിക്കും. അർഹരായ കർഷകർക്ക് ധനസഹായം ലഭ്യമാക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനുമായി കേര ഫീൽഡ് ഓഫിസർമാർ നേരിട്ടുള്ള പിന്തുണ ഉറപ്പുവരുത്തുന്നതാണ്.
തിരിച്ചറിയൽ രേഖ, ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കാർഡമം റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, കൃഷിഭൂമിയുടെ സ്കെച്ച്, നികുതി രസീത് തുടങ്ങിയ രേഖകൾ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കേരയുടെ കോട്ടയം റീജിയനൽ ഓഫിസുമായോ 7994346009 എന്ന നമ്പറിലോ ബന്ധപ്പെടണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

