പുൽപള്ളി ∙ കന്നുകാലി വളർത്തൽ കുറഞ്ഞതോടെ നെൽപാടങ്ങളിൽ സൂക്ഷിച്ച വൈക്കോലിനും ആവശ്യക്കാരില്ല. മേഖലയിലെ വിവിധ പാടശേഖരങ്ങളിൽ നൂറുകണക്കിനു റോൾ വൈക്കോലാണു കെട്ടിക്കിടക്കുന്നത്.
സാധാരണ കൊയ്ത്തു സമയത്തു ക്ഷീരകർഷകരെത്തി വേനൽക്കാലത്തെ ആവശ്യത്തിനുള്ള വൈക്കോൽ വാങ്ങി സൂക്ഷിക്കാറുണ്ടായിരുന്നു. വന്യമൃഗ ഭീഷണിയും കഷ്ടപ്പാടുകളും മൂലം പലരും ഈ രംഗം വിട്ടു.
വന്യമൃഗങ്ങളിറങ്ങി കന്നുകാലികളെ പിടിക്കുന്നതു വർധിച്ചതോടെ വനയോര മേഖലയിൽ അടുത്തിടെ ഒട്ടേറെ കർഷകർ പശുക്കളെ വിറ്റൊഴിവാക്കി. പലരും ഇൗ മേഖല വിട്ടു.
നെൽക്കർഷകർക്കു വൈക്കോൽ കൂടി വിറ്റാൽമാത്രമേ പിടിച്ചുനിൽക്കാനാവൂ.
ഒരേക്കറിൽ നിന്ന് ഏകദേശം 90റോൾ വൈക്കോൽ ലഭിക്കും. ഇപ്പോൾ റോളിന് 180–200 രൂപയാണ് വില.
യന്ത്രമുപയോഗിച്ച് റോളായി കെട്ടുന്നതിന് 40 രൂപ നൽകണം. വാഹനമിറങ്ങാത്ത പാടത്ത് 20 രൂപ ചുമട്ടുകൂലിയും നൽകണം.
മുൻപ് റോളിന് 225 രൂപവരെ കർഷകർക്കു ലഭിച്ചിരുന്നു. കൊയ്ത്തു സമയത്തുതന്നെ വൈക്കോൽ അപ്പാടെ വിറ്റുതീരുകയും ചെയ്തിരുന്നു.
ഫാമുകൾ നടത്തുന്നവർക്ക് സ്വന്തമായി പുൽക്കൃഷിയുള്ളതും ചോളത്തണ്ടിന്റെയും പച്ചപ്പുല്ലിന്റെയും ലഭ്യതയും വൈക്കോലിന്റെ ഡിമാൻഡ് കുറച്ചു.
സഹകരണ മേഖലയിലെ ക്ഷീരസംഘങ്ങൾ കർഷകരിൽ നിന്നു ന്യായവിലയ്ക്ക് വൈക്കോൽ സംഭരിച്ചാൽ വേനൽക്കാലത്തെ തീറ്റയ്ക്കായി ഉപയോഗിക്കാനാകുമെന്നും നെൽക്കർഷകർക്കും ക്ഷീരകർഷകർക്കും ഉപകാരപ്പെടുമെന്നും നിർദേശം ഉയർന്നിട്ടുണ്ട്. കൊയ്ത്തിനു ശേഷം പലരും പാടത്താണ് വൈക്കോൽ സൂക്ഷിച്ചിരിക്കുന്നത്. മഴ നനഞ്ഞാൽ പൂപ്പൽ പിടിച്ചു വൈക്കോൽ ഉപയോഗശൂന്യമാകുമെന്നതും കർഷകരെ ആശങ്കയിലാക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

