ആലപ്പുഴ ∙ പൊടിയിൽ ഇരുചക്രവാഹന യാത്രക്കാർ തെന്നി വീഴുമ്പോൾ അധികൃതർ കണ്ണടയ്ക്കുന്നു. പൊടി നീക്കം ചെയ്തു യാത്രക്കാരുടെ ജീവൻ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർ പരാതിപ്പെട്ടു മടുത്തു.
ജില്ലാക്കോടതി പാലം പുനർനിർമാണത്തിനു വേണ്ടി വാഹനങ്ങൾ തിരിച്ചുവിടാൻ പഴയ പൊലീസ് കൺട്രോൾ റൂമിന്റെ സമീപം നിർമിച്ച താൽക്കാലിക ബണ്ട് റോഡിലും പഴയ ബോട്ട് ജെട്ടിയുടെ ഭാഗത്തേക്കുള്ള താൽക്കാലിക പാതയിലും ആണ് പൊടി.
താൽക്കാലിക ബണ്ട് റോഡ് ഗ്രാവൽ നിറച്ച് ടൈൽ പാകിയതായിരുന്നു. താൽക്കാലിക പാതയിൽ ഗ്രാവലും മണ്ണും മാത്രമായിരുന്നു.
രണ്ടിടത്തും അടിഞ്ഞുകൂടിയ ചെളിയും മണ്ണും വേനലിൽ ഉണങ്ങി. വാഹനങ്ങൾ കയറിയതോടെ പൊടിയുടെ അളവ് വർധിച്ചു.
ഇതാണ് ഇപ്പോൾ യാത്രക്കാർക്ക് ഭീഷണി. വാഹനത്തിൽ പോകുന്നവരും കാൽനടക്കാരും ഇതുവഴി മൂക്കുപൊത്തിയാണ് പോകുന്നത്.
ഇവിടെ വാഹനക്കുരുക്ക് ഉള്ളതിനാൽ കുറെ നേരം കിടക്കുന്നതോടെ പൊടി ശ്വസിക്കുകയും പനി ബാധിക്കുകയും ചെയ്യുന്നതായി യാത്രക്കാർ പറഞ്ഞു.
“ഇന്നലെ ഒരു കോളജ് വിദ്യാർഥിനി ഉൾപ്പെടെ 4 പേർ സ്കൂട്ടറുമായി തെന്നി വീണു. നിസ്സാര പരുക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടു.
തലേ ദിവസവും അപകടമുണ്ടായി. അന്ന് 3 പേരാണ് വീണത്.
ഭാര്യയും ഭർത്താവും വീണു. ഒരാളുടെ കൈ ഒടിഞ്ഞു.
പാലത്തിന്റെ നിർമാണച്ചുമതല വഹിക്കുന്നവർ പഴയ പൊലീസ് കൺട്രോൾ റൂം ഓഫിസാക്കി അവിടെയാണ് താമസം. അവരോട് ഞങ്ങളുടെ മേലധികാരിയും ഞങ്ങളും പല തവണ പരാതി പറഞ്ഞു.
വെള്ളം പമ്പ് ചെയ്തോ മറ്റേതെങ്കിലും രീതിയിലോ പൊടി നീക്കം ചെയ്യണമെന്ന്. പക്ഷേ, യാതൊരു നടപടിയും സ്വീകരിച്ചില്ല”-ഇവിടെ ട്രാഫിക് ഡ്യൂട്ടി ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വെള്ളം ഒഴിച്ച് പൊടിശല്യം കുറയ്ക്കും
വെള്ളം നനയ്ക്കുന്ന ഒരു വാഹനം ഉണ്ടായിരുന്നു.
ആ വാഹനം പാലത്തിന്റെ നിർമാണച്ചുമതലയുള്ള കമ്പനി കൊണ്ടുപോയി. ഉടൻ കൊണ്ടുവന്നു നനയ്ക്കാൻ ആവശ്യപ്പെട്ട് പ്രോജക്ട് എൻജിനീയർക്ക് കത്ത് നൽകിയിട്ടുണ്ട്.
വാഹനം എത്തിയാലുടൻ രണ്ട് തൊഴിലാളികളുടെ ചുമതലയിൽ വെള്ളം ഒഴിച്ച് പൊടിശല്യം പരിഹരിക്കാൻ തുടങ്ങും. കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) പൊതുമരാമത്ത് വിഭാഗം അധികൃതർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

