ഇരിട്ടി∙ നഗരസഭാ ആരോഗ്യ വിഭാഗം ടൗൺ മേഖലയിലെ ഹോട്ടലുകളിൽ പരിശോധന നടത്തി. 18 ഹോട്ടലുകൾ പരിശോധിച്ചതിൽ 5 ഇടത്ത് നിയമ ലംഘനങ്ങൾ കണ്ടെത്തി.
പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. ഇരിട്ടി ടൗണിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണു ഇരിട്ടി നഗരസഭാ ആരോഗ്യവിഭാഗം ഇരിട്ടി, കീഴൂർ, പയഞ്ചേരി തുടങ്ങിയ മേഖലകളിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തിയത്.
ബീഫ്, പൊരിച്ച മത്സ്യം, മീൻകറി, കുബ്ബൂസ് എന്നിവയും ഇതിനൊപ്പം നൽകുന്ന സലാഡ്, പച്ചടി, വറവ്, ചള്ളാസ് തുടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങളും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുമാണ് ആരോഗ്യ വിഭാഗം പിടികൂടിയത്. കീഴൂരിലെ ശ്രീനാരായണ, പത്മിനി, വൈറ്റ് ലൈൻ, ഇരിട്ടി മേലേ സ്റ്റാൻഡിലെ റാറാവീസ് എന്നിവിടങ്ങളിൽ നിന്നാണു പഴകിയ ഭക്ഷണം കണ്ടെത്തിയത്.
സ്കൈ പെന്റ ഹോട്ടലിൽ ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വേർതിരിക്കാത്ത നിലയിലും കണ്ടെത്തി. സാധാരണ നടത്താറുള്ള പരിശോധനയ്ക്ക് പുറമേയാണു സാംക്രമിക രോഗ ഭീഷണി സാഹചര്യത്തിലുള്ള പരിശോധനയെന്ന് ഇരിട്ടി ക്ലീൻ സിറ്റി മാനേജർ കെ.വി.രാജീവൻ പറഞ്ഞു.
ഹോട്ടലുകളിൽ മോശം ഭക്ഷണങ്ങൾ വിളമ്പാൻ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്നും പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നവരെ കണ്ടെത്താൻ വേണ്ട
നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വിഭാഗത്തിന് നിർദേശം നൽകിയതായും ഇരിട്ടി നഗരസഭാ ചെയർമാൻ വി.വിനോദ് കുമാർ അറിയിച്ചു. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ.എസ്.സന്ദീപ്, സ്വപ്നശ്രീ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പരിശോധന തുടരുമെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

