വെള്ളറട ∙ 50 വയസ്സു കഴിഞ്ഞ ബസ് യാത്രക്കാരായ സ്ത്രീകൾ ജാഗ്രതൈ!
നിങ്ങളെ കവർച്ച ചെയ്യാൻ തക്കം പാർത്തിരിക്കുന്ന മഹിളാ മോഷ്ടാക്കൾ യഥേഷ്ടം നാട്ടിൽ. ബസിൽ യാത്രികർ കയറിയാലുടൻ ഇവർ നോട്ടമിടും. അടുത്തുകൂടി കൃത്രിമ തിരക്കുണ്ടാക്കും.
ഇതിനിടെ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളോ, ബാഗിൽ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള സാധനങ്ങളോ സംഘം കൈക്കലാക്കും. തുടർന്ന് ഒന്നുമറിയാത്ത ഭാവത്തിൽ ബസിറങ്ങി രക്ഷപ്പെടുകയാണ് പതിവ്.
കയ്യിൽ ബ്ലേഡും കരുതിയാണ് സംഘം ബസിൽ കയറുന്നത്. സാധനം നഷ്ടപ്പെട്ട
വിവരം ഉടമ അറിയുന്നതിനിടെ ഇവർ സ്ഥലം വിട്ടിരിക്കും.
നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്നും കഴിഞ്ഞ ദിവസം വെള്ളറട പൊലീസ് അറസ്റ്റ് ചെയ്ത മൂന്നംഗ വനിതാ സംഘത്തിന്റെ കവർച്ചാ രീതി ഇങ്ങനെ. കോയമ്പത്തൂർ വസന്തനഗർ സ്വദേശികളായ വെള്ളമ്മ(54), പപ്പാത്തി(53), കവിത(55) എന്നിവരാണ് പിടിയിലായത്.
ഇത് ഇവരുടെ ശരിയായ പേരാണോ എന്നത് പൊലീസിന് കൃത്യതയില്ല. ഒരേ വിലാസമാണ് ഇവർ പൊലീസിനോട് പറഞ്ഞത്.
കഴിഞ്ഞ നവംബർ 3ന് നാറാണി –കാരക്കോണം റൂട്ടിൽ യാത്രചെയ്യുകയായിരുന്ന പാറശാല ഇഞ്ചിവിള അമ്പലത്തട്ടുവിള വീട്ടിൽ ജയലക്ഷ്മി(58) ബാഗിൽ സൂക്ഷിച്ചിരുന്ന മാല പഴ്സ്,മൊബൈൽ ഫോൺ എന്നിവയാണ് മോഷ്ടിച്ച കേസിലായിരുന്നു അറസ്റ്റ്.
ജയലക്ഷ്മിക്ക് 235000 രൂപയുടെ നഷ്ടമുണ്ടായി. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് പൊലീസ് ഇവരിലേക്കെത്തിയത്.
വളരെ കൃത്യതയോടെയാണ് ഇവരുടെ കവർച്ചകളെന്ന് പൊലീസ് പറഞ്ഞു. ആംഡംബര കാറുകളിൽ ഇവരെ കണ്ടിട്ടുണ്ടെന്ന് നാട്ടുകാർ നൽകുന്ന വിവരം സംശയം ശരിവയ്ക്കുന്നു. മാത്രമല്ല കവർച്ച കഴിഞ്ഞ ഉടൻ തന്നെ ഇവരെ പിടികൂടിയാലും തൊണ്ടി കണ്ടെടുക്കാനാവില്ല.
മറ്റാർക്കോ കൈമാറുന്നതാണ് കാരണം. നടത്തുന്ന കവർച്ചകളിൽ ചെറിയൊരു ശതമാനത്തിലാണ് അറസ്റ്റ് ഉണ്ടാകാറുള്ളത്.ജയിലിലായാൽ ഇവരെ ജാമ്യത്തിലിറക്കാൻ അഭിഭാഷക സംഘമുണ്ട്.
ജാമ്യത്തിറങ്ങിയാൽ മുങ്ങും.വിലാസം തെറ്റായതിനാൽ തുടർ നടപടികൾ സാധ്യവുമല്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലും ഇവർ ഒന്നും വെളിപ്പെടുത്താറില്ല.
അതുകൊണ്ടെതന്നെ തെളിവെടുപ്പും തൊണ്ടികണ്ടെത്തലും പ്രയാസമാണ്. അഥവാ കേസിൽ കുടുങ്ങിയാലും വിചാരണയ്ക്കിടെ വാദിക്ക് നഷ്ടപ്പെട്ട
സാധനങ്ങൾ തിരികെ കൊടുത്ത് കേസ് ഒത്തുതീർപ്പിലെത്തിക്കുന്ന രീതിയും ഇവർക്കുണ്ടെന്ന് പൊലീസ് പറയുന്നു.പ്രതികളെ കോടതി റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

