തിരുവനന്തപുരം ∙ കോർപറേഷൻ ഭരണ നേതൃത്വത്തിലും സിറ്റി പൊലീസ് തലപ്പത്തും മാറ്റം വന്നതോടെ മോഡൽ സ്കൂൾ ജംക്ഷൻ– അരിസ്റ്റോ ജംക്ഷൻ റോഡിൽ സ്വകാര്യ ദീർഘദൂര ബസുകൾ നിയമ ലംഘനം വീണ്ടും. രണ്ടു വരി പാതയുടെ രണ്ടു വശത്തുമായി ദീർഘ സമയം നിർത്തിയിടുന്നതു കാരണം മറ്റു വാഹനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കുരുക്കിൽപെട്ടത് മണിക്കൂറുകളോളം.
പൊതു ജനങ്ങൾക്ക് സുഗമ യാത്രയൊരുക്കാൻ പുതിയ മേയറും സിറ്റി പൊലീസ് കമ്മിഷണറും ഇടപെടണമെന്ന ആവശ്യം ശക്തമായി.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപത്തോട് അനുബന്ധിച്ച് കിഴക്കേകോട്ടയിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എംജി റോഡു വഴി പോകേണ്ട
വാഹനങ്ങൾ കൂടിയെത്തിയതോടെയാണ് പനവിള മുതൽ തമ്പാനൂർ വരെ ഇന്നലെ കുരുക്കുണ്ടായത്. പാർക്ക് ചെയ്യാൻ സ്വന്തമായി സ്ഥലമുണ്ടെങ്കിലും ബസുകൾ സർവീസ് ആരംഭിക്കുന്നത് മോഡൽ സ്കൂൾ ജംക്ഷൻ മുതൽ അരിസ്റ്റോ ജംക്ഷൻ വരെയുള്ള റോഡിന്റെ ഒരു വരിയിലാണ്.
സർവീസ് ആരംഭിക്കേണ്ട സമയത്തിനും മണിക്കൂറുകൾക്ക് മുൻപേ ഇവിടം സ്വകാര്യ ബസുകളാൽ നിറയും.
മറ്റു വാഹനങ്ങൾക്കു പോകാൻ കഷ്ടിച്ച് ഒരു വരി റോഡ് മാത്രമാണ് ലഭിക്കുന്നത്. വൈകിട്ടാണ് ദുരിതമേറെ.
വാഹനങ്ങൾ കുരുക്കിൽപെടുന്നതു കാരണം റെയിൽവേയെ ആശ്രയിക്കുന്ന യാത്രക്കാർക്ക് മിക്കപ്പോഴും ട്രെയിൻ കിട്ടാറില്ല. അരിസ്റ്റോ ജംക്ഷനിൽ നിന്ന് വലത്തേക്ക് തിരിയുന്ന ഭാഗത്തു വരെ ബസുകൾ പാർക്ക് ചെയ്തിട്ടുള്ളതു കാരണം യു ടേൺ എടുക്കാനും വാഹന ഡ്രൈവർമാർ പാടു പെടുന്നുണ്ടെന്നാണ് പരാതി.
മുൻ കോർപറേഷൻ ഭരണ സമിതിയുടെ കാലത്ത് കൂടിയ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ സ്വകാര്യ ദീർഘദൂര സർവീസുകൾ സംഗീത കോളജ്– നോർക്ക റോഡിൽ നിന്നാരംഭിക്കണമെന്ന് മേയർ നിർദേശിച്ചിരുന്നു. എന്നാൽ വാഹനങ്ങൾ തിരിയാൻ എളുപ്പമല്ലെന്ന കാരണം പറഞ്ഞ് സ്വകാര്യ ബസുകൾ ഉഴപ്പി.
പാർക്കിങ് യാർഡുകളിൽ നിന്ന് സർവീസ് ആരംഭിക്കാമെന്ന് അധികൃതർക്ക് അന്ന് ഉറപ്പു നൽകി. എന്നാൽ കോർപറേഷൻ ഭരണസമിതിയും സിറ്റി പൊലീസ് കമ്മിഷണറും മാറിയതിനു പിന്നാലെ ബസുകൾ കൂട്ടത്തോടെ റോഡിലേക്കിറക്കിയിരിക്കുകയാണ്.
കുരുക്കായി കുഴിയും
തിരുവനന്തപുരം∙ സ്വകാര്യ ദീർഘ ബസുകളുടെ അനധികൃത പാർക്കിങ് കാരണം യാത്രക്കാർ ബുദ്ധിമുട്ടുന്ന മോഡൽ സ്കൂൾ ജംക്ഷൻ– അരിസ്റ്റോ ജംക്ഷൻ റോഡിൽ കുരുക്കിന്റെ ആക്കം കൂട്ടി റോഡിലെ കുഴിയും.
ഗണപതി ക്ഷേത്രത്തിനു മുൻവശത്തും സമീപത്തുമായി റോഡ് പൂർണമായി തകർന്നിട്ട് മാസങ്ങളായെങ്കിലും കുഴിയടക്കാൻ നടപടിയില്ല.
സുവിജ് മാൻഹോൾ നിറഞ്ഞൊഴുകിയാണ് ഗണപതി ക്ഷേത്രത്തിനു മുന്നിലെ റോഡ് ആദ്യം തകർന്നത്. സുവിജ് പ്രശ്നം പരിഹരിച്ചെങ്കിലും റോഡ് നന്നാക്കേണ്ട
പൊതുമരാമത്ത് വകുപ്പ് അനങ്ങിയില്ല. ഇടയ്ക്ക് മെറ്റൽ പാകി റോഡ് നിരപ്പാക്കിയെങ്കിലും വാഹനങ്ങൾ പോകുമ്പോൾ മെറ്റൽ തെറിച്ച് യാത്രക്കാരുടെ ശരീരത്തിൽ പതിക്കുന്നതു സംബന്ധിച്ച് പരാതിയുയർന്നു.
ഇതിനിടെ റോഡ് ഒരു ഭാഗം പൂർണമായി പൊളിച്ചിട്ടു. ആഴ്ചകൾ കഴിഞ്ഞിട്ടും കുഴി മൂടാൻ നടപടിയില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

