തൃശൂര്‍: പഞ്ചായത്തിന്റെ പ്രാദേശിക കുടിവെള്ള പദ്ധതിയില്‍ നിന്ന് തളിക്കുളം പുളിയംതുരുത്ത് പുലാമ്പുഴ നിവാസികള്‍ കുടിച്ചിരുന്നത് മലിനജലമെന്ന് പരാതി. 2024 ഫെബ്രുവരിയിലാണ് പുതുക്കുളങ്ങരയിലെ കിണര്‍ ഉപയോഗിച്ച് കായലോരമായ പുളിയംതുരുത്ത് പുലാമ്പുഴ മേഖലയിലേയ്ക്ക് പൈപ്പ്ലൈന് വഴി കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചത്.
എന്നാല്‍ രണ്ട് വര്‍ഷത്തോളമായിട്ടും കിണര്‍ ക്ലോറിനേഷന് നടത്താനോ ജലസംഭരണി ശുചീകരിക്കാനോ വെള്ളത്തിന്റെ പി.എച്ച് മൂല്യം പരിശോധിക്കാനോ അന്നത്തെ പഞ്ചായത്ത് ഭരണസമിതി തയ്യാറായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന പുതിയ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നാലാം വാര്‍ഡില്‍ നിന്നുള്ള നീന സുഭാഷ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അടിയന്തിരമായി വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച രാത്രി ടാപ്പുകളിലൂടെ ചെളിവെള്ളം വരുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ തളിക്കുളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടാങ്ക് തുറന്ന് ശുചീകരിച്ചു.
മാലിന്യവും ചെറിയ കല്ലുകളും കെട്ടിക്കിടന്ന് മലിനജലം ഒഴുക്കി കളയുന്ന വാല്‍വ് അടഞ്ഞ നിലയിലായിരുന്നു. ശുചീകരിച്ച് ക്ലോറിനേഷന് നടത്തുകയും വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി അയക്കുകയും ചെയ്തു.
ശുചീകരണത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 2 മുതല്‍ ജലവിതരണം പുനരാരംഭിച്ചു. വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണുമായ നീന സുഭാഷ്, ഹെല്‍ത്ത് ഇന്‍സ്പെപെക്ടര്‍ മുഹമ്മദ് മുജീബ്, ആശാ പ്രവര്‍ത്തക മിനി എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്കി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. റഹ്മത്തുള്ള, അംഗങ്ങളായ സ്മിത്ത് ഇ.വി.എസ്,സഹീദ സിറാജ് എന്നിവരും എത്തിയിരുന്നു.
15 ദിവസം കൂടുമ്പോള്‍ ക്ലോറിനേഷന് നടത്താനും അതിന്റെ രജിസ്റ്റര്‍ സൂക്ഷിക്കാനും നിര്‍ദ്ദേശം നല്‍കിയതായി നീന സുഭാഷ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

