ന്യൂഡൽഹി∙ ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കുമേൽ 25% തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. ഇന്ത്യയുടെ ടോപ് 50 വ്യാപാരപങ്കാളികളുടെ പട്ടികയിൽ ഇറാനില്ല.
ഓരോ വർഷവും കഴിയുമ്പോൾ ഇന്ത്യയും ഇറാനും തമ്മിലുള്ള വ്യാപാരം കുറയുകയാണ്.
കോവിഡിനു മുൻപ് പ്രതിവർഷം 1,500 കോടി ഡോളറിന്റെ വ്യാപാരമുണ്ടായിരുന്നെങ്കിൽ കഴിഞ്ഞ സാമ്പത്തികവർഷമിത് 160 കോടി ഡോളറായി കുറഞ്ഞു. ഇത് ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്റെ 1.5% മാത്രമാണ്.
നടപ്പുസാമ്പത്തികവർഷം ഇതു വീണ്ടും കുറയാനിടയുണ്ടെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മുൻപ് ഇറാനിൽ നിന്ന് കാര്യമായി ക്രൂഡോയിൽ ഇറക്കുമതിയുണ്ടായിരുന്നു.
യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തിനു പിന്നാലെ പിന്നീടിത് കുറഞ്ഞു.
ഇറാനിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്നത് യുഎഇ ആണ്, 6,800 കോടി ഡോളർ. ഇറാൻ ഇറക്കുമതി ചെയ്യുന്നതിൽ 30 ശതമാനവും യുഎഇയിൽ നിന്നാണ്.
ചൈന, തുർക്കി, യൂറോപ്യൻ യൂണിയൻ തുടങ്ങിയവയാണ് തൊട്ടുപിന്നിൽ. ഇറാന്റെ ഇറക്കുമതിയിൽ ഇന്ത്യയുടെ പങ്ക് 2.3 ശതമാനമാണ്.
മൊത്തത്തിൽ ഇന്ത്യയെ കാര്യമായി ബാധിക്കില്ലെങ്കിലും ഇറാനിലേക്ക് നിലവിൽ കയറ്റുമതി നടത്തുന്നവരെ ട്രംപിന്റെ തീരുവ പ്രഖ്യാപനം ബാധിച്ചേക്കാം.
കഴിഞ്ഞ സാമ്പത്തികവർഷം ഇറാനിലേക്ക് 124.1 കോടി രൂപയുടെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്.
ബസ്മതി അരി, തേയില, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയാണ് ഇന്ത്യ കാര്യമായി കയറ്റിയയയ്ക്കുന്നത്. 2023–24ൽ 69 കോടി ഡോളറിന്റെയും 2024–25ൽ 75 കോടിയുടെയും അരിയാണ് കയറ്റിയയച്ചത്. ഇറാനിലെ സംഘർഷം ഇന്ത്യയിൽ നിന്നുള്ള ബസ്മതി കയറ്റുമതിയെ ഇതിനകം കാര്യമായി ബാധിച്ചുതുടങ്ങി. കയറ്റുമതി ചെയ്യുന്നവർക്ക് പണം ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ട്.
2024–25ൽ ആകെ 44.1 കോടി ഡോളറിന്റെ ഉൽപന്നങ്ങളാണ് ഇന്ത്യ ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്തത്. ഫ്രൂട്സ്, നട്സ്, ധാതുക്കൾ തുടങ്ങിയവയാണ് പ്രധാനമായും ഇറാനിൽ നിന്നെത്തിയത്.
‘അഫ്ഗാനിലേക്കുള്ള വ്യാപാരം നിർത്തിയിട്ടില്ല’
അഫ്ഗാനിസ്ഥാനുമായി ഇന്ത്യയ്ക്കുള്ള വ്യാപാരം നിർത്തിയെന്ന പ്രചാരണം കേന്ദ്രം തള്ളി.
ചില പാക്കിസ്ഥാനി സമൂഹമാധ്യമ അക്കൗണ്ടുകളാണ് ഇതുസംബന്ധിച്ച വ്യാജപ്രചാരണം നടത്തിയത്.
ഇറാനിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇന്ത്യ അഫ്ഗാനിലേക്കുള്ള വ്യാപാരം നിർത്തിയെന്നായിരുന്നു പോസ്റ്റുകൾ. ഇതുസംബന്ധിച്ച് വ്യാജമായി നിർമിച്ച കത്തും പ്രചരിപ്പിച്ചു.
2024–25ൽ ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്കുള്ള കയറ്റുമതി 31.89 കോടി ഡോളറിന്റേതായിരുന്നു.
ഇറക്കുമതി 68.98 കോടി ഡോളറും. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

