ഒറ്റപ്പാലം∙ യാത്രക്കാരെ വലയ്ക്കുന്ന കടുത്ത ദുരിതത്തിനിടെ ഒറ്റപ്പാലം – ചെർപ്പുളശ്ശേരി റോഡിന്റെ രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങൾ നിലച്ചു. ഒറ്റപ്പാലം മുതൽ കിഴൂർ റോഡ് കവല വരെയുള്ള ഭാഗം വീതികൂട്ടി നവീകരിക്കുന്ന പദ്ധതിയാണു നാമമാത്രമായി മാറിയത്. സാമ്പത്തിക പ്രതിസന്ധിയാണ് അനിശ്ചിതത്വത്തിനു കാരണമെന്നാണു പുറത്തുവരുന്ന വിവരം.
കഴിഞ്ഞ 2 മാസത്തോളമായി നിർമാണം പേരിനു മാത്രമാണ്. കിഴൂർ റോഡ് കവല മുതൽ ചെർപ്പുളശേരി ടൗൺ വരെയുള്ള ഭാഗത്തെ നവീകരണം ആദ്യ ഘട്ടത്തിൽ പൂർത്തിയായിരുന്നു.
സ്ഥലമേറ്റെടുപ്പും വളവുകൾ നിവർത്തലും ഉൾപ്പെടെ റോഡ് വിപുലീകരണം സംബന്ധിച്ച സാങ്കേതിക കുരുക്കുകളിൽപെട്ടു രണ്ടാംഘട്ട
പദ്ധതി തുടങ്ങാൻ തന്നെ ഏറെ വൈകി. അനിശ്ചിതത്വങ്ങൾക്കൊടുവിൽ കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ പദ്ധതി ഒരു വർഷം പിന്നിടുമ്പോൾ പൂർത്തിയായതു പാതയോരത്തെ ചാലുകളുടെയും ഏതാനും കലുങ്കുകളുടെയും നിർമാണം മാത്രം.
ആകെ 27 കലുങ്കുകളാണു നിർമിക്കേണ്ടത്. ഇതിൽ 17 എണ്ണം പൂർത്തിയായി.
7 കലുങ്കുകൾ പാതിവഴിയിലും. 3 കലുങ്കുകളുടെ നിർമാണം തുടങ്ങിയിട്ടുപോലുമില്ല.
പാതയോരത്തെ ചാലുകളുടെ നിർമാണം പൂർത്തിയായത് 70 ശതമാനം മാത്രം.
ഇതിനുപുറമേ, കിഴൂരിലെ കനാലിനു കുറുകെയുള്ള ഇടുങ്ങിയ പാലം വീതികൂട്ടി നവീകരിക്കലും നടക്കാനുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണു നിർമാണച്ചുമതല.
കരാർ പ്രകാരമുള്ള നിർമാണ കാലാവധി മാർച്ച് 31നു പൂർത്തിയാകാനിരിക്കെയാണു പദ്ധതി എങ്ങുമെത്താത്ത അവസ്ഥ.
54 കോടി രൂപ ചെലവിൽ കെആർഎഫ്ബിയുടെ (കേരള റോഡ് ഫണ്ട് ബോർഡ്) നേതൃത്വത്തിലാണു നവീകരണം. ഒറ്റപ്പാലം മുതൽ ചെർപ്പുളശ്ശേരി വരെയുള്ള റോഡ് കിഫ്ബിയിൽ ഉൾപ്പെടുത്തി 2 ഘട്ടങ്ങളായി വീതികൂട്ടി നവീകരിക്കാൻ 6 വർഷം മുൻപാണു പദ്ധതി തയാറാക്കിയത്.
ആദ്യഘട്ടത്തിൽ ഉൾപ്പെട്ട കിഴൂർ റോഡ് മുതൽ ചെർപ്പുളശേരി വരെയുള്ള ഭാഗത്തെ നവീകരണം അതിവേഗം പൂർത്തിയായപ്പോൾ, ഒറ്റപ്പാലം മുതൽ കീഴൂർ റോഡ് വരെയുള്ള 11 കിലോമീറ്റർ പാതയുടെ കാര്യം തുടക്കം മുതൽ പ്രതിസന്ധിയിലായിരുന്നു.
ജനുവരിയിൽ പുനരാരംഭിക്കും: കെആർഎഫ്ബി
∙ ജനുവരി അവസാനത്തോടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാകുമെന്നു കെആർഎഫ്ബി.
നിർമാണക്കമ്പനിയുടെ ചില സാമ്പത്തിക പ്രശ്നങ്ങളാണു പ്രതിസന്ധി സൃഷ്ടിച്ചത്. ജനുവരിയിൽ ഇതു തീരുമെന്നാണു ലഭ്യമായ വിവരമെന്നും ഫെബ്രുവരി, മാർച്ച് മാസങ്ങളോടെ യാത്ര ചെയ്യാൻ കഴിയുന്ന നിലയിൽ പണി തീർക്കുമെന്നും പദ്ധതി ഏകോപിപ്പിക്കുന്ന കെആർഎഫ്ബി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
കാലാവസ്ഥ ഏതായാലും ദുരിതം
∙ വെയിലിൽ പൊടി, മഴ പെയ്താൽ ചെളി.
കാലാവസ്ഥ ഏതായാലും യാത്രക്കാരുടെ ദുരിതത്തിന് അറുതിയില്ല. കോൺക്രീറ്റ് മിക്സും മെറ്റലും കാറ്റിൽ പാറുന്നതാണു പൊടിശല്യത്തിനു വഴിയൊരുക്കുന്നത്.
മഴ പെയ്താൽ ഇവ കുഴമ്പു രൂപത്തിലായി മാറുന്നതും യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നു. ബൈക്ക് യാത്രക്കാർക്കും നടന്നുപോകുന്നവർക്കുമാണു പൊടിയും ചെളിയും ബുദ്ധിമുട്ടു സൃഷ്ടിക്കുന്നത്. പാതയോരങ്ങളിൽ പലയിടങ്ങളിലായി നിർമാണ സാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നതും യാത്രാദുരിതത്തിനു വഴിയൊരുക്കുന്നു.
നവീകരണം തുടങ്ങിയതോടെ ഉള്ളതും ഇല്ലാതായി
ഒറ്റപ്പാലം∙ അങ്ങിങ്ങായി ചില കുഴികളും വീതിക്കുറവും.
ഇതു മാത്രമായിരുന്നു കഴിഞ്ഞ ജനുവരി വരെ ചെർപ്പുളശ്ശേരി റോഡിനെച്ചൊല്ലി യാത്രക്കാരുടെ പരാതി. പക്ഷേ, കഴിഞ്ഞ ഒരു വർഷമായി നേരത്തെ ലഭിച്ചിരുന്ന യാത്രാസൗകര്യം പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണെന്നാണ് ആക്ഷേപം. നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയതോടെ ഉള്ള റോഡ് പൂർണമായി തകർന്ന അവസ്ഥയായി.
11 കിലോമീറ്റർ റോഡിൽ കലുങ്കുകളുടെയും ചാലുകളുടെയും പണി കൂടിയായതോടെ യാത്ര തീർത്തും ദുരിതപൂർണം.
ഇഴഞ്ഞുനീങ്ങിയിരുന്ന പണി നിലച്ചതോടെ കടുത്ത ആശങ്കയിലാണു യാത്രക്കാരും നാട്ടുകാരും. താലൂക്കിലെ 2 പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണിത്. ഒറ്റപ്പാലത്തു നിന്നു മലപ്പുറം ജില്ലയിലേക്കു പ്രവേശിക്കാനുള്ള പ്രധാന പാതയും ഇതുതന്നെ. ഒറ്റപ്പാലം മേഖലയിൽ നിന്ന് ആശുപത്രി ആവശ്യങ്ങൾക്കു പെരിന്തൽമണ്ണയിലേക്കു പോകുന്ന രോഗികൾ ഉൾപ്പെടെയാണു യാത്രാദുരിതം അനുഭവിക്കുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

