കണ്ണൂർ ∙ ദേശീയപാതയിലെ താഴെചൊവ്വ റെയിൽവേ ഗേറ്റ് അടച്ചാൽ ഉണ്ടാകുന്ന ഗതാഗത ക്ലേശത്തിന് ഉടൻ പരിഹാരമാകും. ഗേറ്റ് അടച്ചാൽ കണ്ണൂർ– തോട്ടട– തലശ്ശേരി റൂട്ടിലോടുന്ന വാഹനങ്ങൾ ബൈപാസായി ഉപയോഗിക്കുന്ന എസ്എൻ കോളജ് ജംക്ഷൻ – കിഴുത്തള്ളി ഓവുപാലം റോഡിലെ കൈനാട്ടി റോഡ് ജംക്ഷൻ വികസിപ്പിക്കാൻ ഭരണാനുമതിയായി.
രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് ജംക്ഷൻ വികസനം യാഥാർഥ്യമാക്കുക.
താഴെചൊവ്വ റെയിൽവേ ഗേറ്റ് അടച്ചാൽ തോട്ടട വഴി തലശ്ശേരിയിലേക്കു പോകേണ്ട
ബസുകളടക്കമുള്ള വാഹനങ്ങൾ താഴെചൊവ്വ ബൈപാസിലൂടെ വന്നു കിഴുത്തള്ളി ഓവുപാലം വഴി കൈനാട്ടി ജംക്ഷനിലെത്തിയാണു തലശ്ശേരി ഭാഗത്തേക്കുള്ള പഴയ ദേശീയപാതയിലേക്കു പ്രവേശിക്കുന്നത്. തിരിച്ചു തലശ്ശേരി – തോട്ടട
ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഈ ജംക്ഷനിൽ നിന്നാണ് ഓവുപാലം ഭാഗത്തേക്കുള്ള റോഡിലേക്കു പ്രവേശിക്കേണ്ടത്.
കണ്ണൂർ ഭാഗത്തേക്കു പോകുമ്പോൾ ഇറക്കത്തോട് കൂടിയ വളവും തോട്ടട തലശ്ശേരി ഭാഗത്തേക്കു പോകുമ്പോൾ കയറ്റത്തോടു കൂടിയ വളവും ഉള്ള ജംക്ഷന് വീതി നന്നേ കുറവായതിനാൽ ബസുകളടക്കം വലിയ വാഹനങ്ങൾ കവലയിൽ നിന്നു വളച്ചും തിരിച്ചും മുന്നോട്ടും പിന്നോട്ടും എടുത്ത് ഏറെ നേരത്തെ പ്രയത്നത്തിന് ശേഷമാണ് ഇരു ഭാഗത്തേക്കും പ്രവേശിക്കുക.
ഇതു വൻ ഗതാഗതകുരുക്കും സൃഷ്ടിക്കുന്നു.
ജംക്ഷനു വീതി കൂടുന്നതോടെ ഇരു ഭാഗത്തേക്കും സുഗമമായി വാഹനങ്ങൾക്കു പോകാൻ കഴിയും.ചാല വഴിയുള്ള ആറുവരി ദേശീയപാതയുടെ നിർമാണം അവസാന ഘട്ടത്തിലെത്തിയതോടെ കൈനാട്ടി ജംക്ഷൻ അടക്കം ഉൾപ്പെടുന്ന തോട്ടട – കിഴുത്തള്ളി– താഴെചൊവ്വ പഴയ ദേശീയപാത സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു ദേശീയപാത അതോറിറ്റി കൈമാറിയിട്ടുണ്ട്.
റോഡ് സുരക്ഷാ മാനദണ്ഡങ്ങൾക്കു മുൻതൂക്കം നൽകി വേണം കൈനാട്ടി ജംക്ഷൻ വികസിപ്പിക്കേണ്ടതെന്നു സർക്കാർ നിർദേശിച്ചിട്ടുണ്ട്.താഴെചൊവ്വ റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോഴും തുറക്കുമ്പോഴും തെളിയുന്ന സിഗ്നൽ കൈനാട്ടി ജംക്ഷനിലും സ്ഥാപിക്കണമെന്ന ആവശ്യവും റൂട്ടിലെ യാത്രക്കാർക്കുണ്ട്.
തലശ്ശേരി–തോട്ടട
ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്കു കൈനാട്ടി ജംക്ഷനിൽ നിന്നു താഴെചൊവ്വ ഗേറ്റ് അടയ്ക്കുന്നതും തുറന്നതുമായി ബന്ധപ്പെട്ട് തെളിയുന്ന സിഗ്നൽ കാണാനാവില്ല. ഇത് കാരണം ഗേറ്റ് അടച്ചാലും റെയിൽവേ ഗേറ്റിന്റെ സമീപം വരെ ഓടി വാഹനങ്ങൾക്കു തിരിച്ചു കൈനാട്ടി ജംക്ഷനിൽ തന്നെ തിരിച്ചെത്തി ഓവുപാലം ഭാഗത്തേക്കു പോകേണ്ടി വരുന്ന അവസ്ഥയുണ്ട്. ജംക്ഷന്റെ വികസനത്തോടൊപ്പം റെയിൽവേയുടെ സഹകരണത്തോടെ സിഗ്നൽ കൈനാട്ടി ജംക്ഷനിലും സ്ഥാപിച്ചാൽ ഈ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് യാത്രക്കാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

