നെടുങ്കണ്ടം∙ കരുണാപുരം പഞ്ചായത്തിന് കീഴിൽ കൂട്ടാറിലുള്ള പൊതുകളിക്കളം വിലക്കിയ സംഭവത്തിൽ യുവാക്കൾ വായ മൂടിക്കെട്ടി പന്തം കൊളുത്തി പ്രകടനം നടത്തി. കൂട്ടാർ അക്ഷര പബ്ലിക് ലൈബ്രറി ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
കറുത്ത തുണി ഉപയോഗിച്ച് വായ കെട്ടി 25 യുവാക്കൾ പന്തവുമായി കൂട്ടാർ ടൗണിൽ പ്രകടനം നടത്തി.
1985ൽ പ്രവർത്തനമാരംഭിച്ച ലൈബ്രറിയുടെ നേതൃത്വത്തിൽ നാലു പതിറ്റാണ്ടിലധികമായി വൈകുന്നേരങ്ങളിലെ വോളിബോൾ കളിയുണ്ടായിരുന്നു. നിലവിൽ പഞ്ചായത്ത് കെട്ടിടം സ്ഥിതി ചെയ്യുന്നിടത്തായിരുന്നു ആദ്യ കോർട്ട്.
പഞ്ചായത്ത് കെട്ടിട നിർമാണത്തോടെ എതിർവശത്ത് സ്റ്റേഡിയത്തിനായി കണ്ടെത്തിയ പഞ്ചായത്ത് ഭൂമിയിലേക്ക് മാറ്റി.
വൈകുന്നേരങ്ങളിൽ സജീവമായിരുന്ന വോളിബോൾ കളി പ്രതികൂല കാലാവസ്ഥയെ തുടർന്ന് മുടങ്ങിപ്പോയിരുന്നു. അടുത്തിടെയാണ് യുവാക്കൾ ചേർന്ന് കോർട്ടിന്റെ നവീകരണം നടത്തി കളി തുടർന്നത്.
തൊട്ടുപിന്നാലെ വെള്ളിയാഴ്ച പഞ്ചായത്തധികൃതർ നടപടിയുമായെത്തി.
എന്നാൽ മുൻ ഭരണസമിതി ചേർന്ന കമ്മിറ്റിയിൽ കോർട്ട് വിട്ടു നൽകാൻ തീരുമാനമെടുത്തിരുന്നു. അജണ്ടയുടെ 7ാം നമ്പർ തീരുമാനമായി മിനിട്സിൽ ഇത് അംഗീകരിച്ചിട്ടുണ്ട്.
ഒരു പഞ്ചായത്തിൽ ഒരു കളിക്കളമെന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിനെതിരെ എൽഡിഎഫ് ഭരിക്കുന്ന കരുണാപുരം പഞ്ചായത്ത് സ്വീകരിച്ചിരിക്കുന്ന നയത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. കളിക്കളം യുവാക്കൾക്കായി തുറന്നു നൽകിയില്ലെങ്കിൽ സാംസ്കാരിക പ്രതിരോധമെന്ന പേരിൽ കവികളെ പങ്കെടുപ്പിച്ച് വൻ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
അതേസമയം പ്രചാരണം തെറ്റാണെന്നും വികസനം തടയാൻ ഏതാനും ആളുകൾ ബോധപൂർവമുള്ള ശ്രമം നടത്തുകയുമാണെന്നാണ്പഞ്ചായത്ത് ഭരണ സമിതി പറയുന്നത്.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്റ്റേറ്റ് ബാങ്കിന്റെ കെട്ടിടവും ഹോമിയോ ആശുപത്രി, മലനാട് ബാങ്കിന്റെ ശാഖ, പബ്ലിക് ലൈബ്രറി, ഹരിതകർമസേനയുടെ ഓഫിസ് എന്നിവ പ്രവർത്തിക്കുന്ന സ്ഥലമാണ് വോളിബോൾ കളിക്കളം എന്ന രീതിയിൽ ചിലർ വ്യാഖ്യാനിക്കുകയും പഞ്ചായത്ത് ഭരണസമിതി കളിക്കാൻ അനുവദിക്കുന്നില്ലെന്നുള്ള പ്രചാരണം നടത്തുകയും ചെയ്യുന്നത്.
12 വർഷമായി ഒരു വോളിബോൾ കോർട്ട് ഇവിടെയില്ല. ഇതിന് മുൻപ് മറ്റ് നിർമാണ പ്രവർത്തനങ്ങളില്ലാതിരുന്ന കാലത്ത് വോളിബോൾ കളി ഉണ്ടായിരുന്നു.
ഈ ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ വന്നതോടെ വോളിബോൾ കളി നിലയ്ക്കുകയായിരുന്നു. ഏതാനും ചിലർ ചേർന്ന് പഞ്ചായത്തിന്റെ അനുമതിയില്ലാതെ രാത്രിയിലെത്തി വോളിബോൾ നെറ്റ് കെട്ടി കളി ആരംഭിച്ചു.
ഇത് നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞ് വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കാൻ ബോധപൂർവമുള്ള ശ്രമമാണെന്നാണ് പഞ്ചായത്തിന്റെ വാദം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

