വിടർന്ന ആലവട്ടച്ചാരുതയുള്ള സ്വരാജ് റൗണ്ടിന്റെ ഇട്ടാവട്ടത്തിലേക്കു കേരളത്തിന്റെ കലാകൗമാരം ഇന്ന് ഒഴുകിയെത്തും. തേക്കിൻകാട് മൈതാനത്തും പരിസരത്തുമായി 25 വേദികളിൽ അടുത്ത 5 നാൾ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പൂരവിളംബരം. തൃശൂർ പൂരത്തിനു വേദിയൊരുക്കുന്ന തേക്കിൻകാട് മൈതാനത്താണു 3 പ്രധാന വേദികൾ.
പൂരപ്പെരുമ വിളിച്ചോതി രാവിലെ 10ന് ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി പാണ്ടിമേളം നടക്കും. തുടർന്ന് 64ാം കലോത്സവത്തെ പ്രതിനിധീകരിച്ച് 64 കുട്ടികൾ അണിനിരക്കുന്ന കുടമാറ്റവും.
കൗതുകം, സ്വാഗതനൃത്തം
ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി ഇന്നു കലാമണ്ഡലത്തിലെ 40 വിദ്യാർഥികൾ അണിനിരക്കുന്ന ദൃശ്യാവിഷ്കാരം അരങ്ങേറും. സ്വാഗതഗാനമാണു നൃത്തരൂപത്തിൽ അവതരിപ്പിക്കുക. മോഹിനിയാട്ടം, കഥകളി, ഓട്ടൻതുള്ളൽ, കുച്ചിപ്പുഡി, ഭരതനാട്യം, നങ്ങ്യാർക്കൂത്ത്, ഒപ്പന, മാർഗംകളി, കേരളനടനം, ഗോത്രനൃത്തം, തിരുവാതിര, നാടോടിനൃത്തം തുടങ്ങിയവ ഉൾപ്പെടുത്തി 6 മിനിറ്റ് ദൈർഘ്യത്തിലാണു അവതരിപ്പിക്കുക.
239 മത്സരയിനം
25 വേദികളിൽ 239 ഇനങ്ങളിലായാണു മത്സരങ്ങൾ.
ഹൈസ്കൂൾ വിഭാഗത്തിൽ 96ഉം ഹയർസെക്കൻഡറിയിൽ 105ഉം സംസ്കൃത, അറബി കലോത്സവങ്ങളിൽ 19ഉം വീതം ഇനങ്ങൾ നടക്കും. 12,000നും 14,000നും ഇടയിൽ കുട്ടികൾ പങ്കെടുക്കുമെന്നാണു കണക്ക്. അപ്പീൽ വഴി എത്തുന്നവരും ഉണ്ടാകും.
20 സ്കൂളുകളിൽ താമസിക്കാൻ സൗകര്യമൊരുക്കി. ഇവിടെ കിടക്ക മുതൽ ചുക്കുവെള്ളം വരെ തയാർ.
117.5 പവൻ സ്വർണക്കപ്പ്
കലോത്സവത്തിൽ ഓവറോൾ ജേതാക്കളാകുന്ന ജില്ലയ്ക്കു 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പാണു സമ്മാനം.
ജില്ലയിലെ പര്യടനത്തിനും ഘോഷയാത്രയ്ക്കും ശേഷം കപ്പ് സുരക്ഷിതമായി ജില്ലാ ട്രഷറിയിലേക്കു മാറ്റി.
പഴയിടം രുചിയിടം
ഇക്കുറിയും കലവറയൊരുക്കുന്നതു പഴയിടം മോഹനൻ നമ്പൂതിരി തന്നെ. കൊങ്കിണി ദോശയെന്ന വ്യത്യസ്ത വിഭവം അടക്കം വിശാലമായ മെനു ആണ് ഒരുക്കിയിട്ടുള്ളത്.
ധാന്യങ്ങളും പയറുവർഗങ്ങളും ചേർന്നതാണു കൊങ്കിണി ദോശ. ചക്കപ്പഴം കൊണ്ടുള്ള പായസവുമുണ്ട്. 24 മണിക്കൂറും കലവറ പ്രവർത്തിക്കും.
പ്രഭാതഭക്ഷണം, ഉച്ചയൂണ്, അത്താഴം എന്നിവയാണ് ഒരുക്കുക. അപ്പം, ഉപ്പുമാവ്, ഇഡ്ഡലി, പുട്ട്, ദോശ എന്നിങ്ങനെയാണു പ്രഭാത മെനു.
ജർമൻ പന്തൽ
ചൂടു പ്രതിരോധിക്കാൻ പറ്റുന്ന രീതിയിൽ ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിച്ച പന്തലുകളാണു തേക്കിൻകാട് മൈതാനത്തെ പ്രധാന വേദികളിൽ.
ഒന്നാം വേദിയായ സൂര്യകാന്തിയിൽ 10,000 പേർക്കിരിക്കാം. പാരിജാതം വേദിയിൽ 3,000 പേർക്കും നീലക്കുറിഞ്ഞിയിൽ 2000 പേർക്കും ഇരിക്കാം.
വേദികളിൽ മിക്കവയും കുറഞ്ഞത് 250 പേർക്കുവരെ ഇരിപ്പിടമൊരുക്കുന്നു.
കിരീടത്തിനു കടുത്ത പോര്
26 വർഷത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ കലോത്സവത്തിൽ കിരീടം പിടിച്ചെടുത്ത തൃശൂർ ജില്ല, 850 അംഗ ടീമിനെയാണു രംഗത്തിറക്കുന്നത്. കഴിഞ്ഞതവണ ഒറ്റ പോയിന്റിനു കിരീടം വിട്ടുകൊടുക്കേണ്ടിവന്ന പാലക്കാടും അരയും തലയും മുറുക്കിയാണ് എത്തുന്നത്.
കരുത്തരായ കണ്ണൂരും കോഴിക്കോടും തിരുവനന്തപുരവും വലിയ വെല്ലുവിളി ഉയർത്തും.
24 മണിക്കൂറും 30 ബസുകൾ
കുട്ടികളുടെ സഞ്ചാരത്തിനു 30 ബസുകളാണു 24 മണിക്കൂറും സജ്ജമാക്കിയിട്ടുള്ളത്. റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ് എന്നിവിടങ്ങളിൽനിന്നു താമസ കേന്ദ്രങ്ങളിലെത്തിക്കും.
ഡ്രൈവർ, 2 വൊളന്റിയർമാർ, ഒരു റൂട്ട് മാനേജർ എന്നിവർ ബസുകളിലുണ്ടാകും. താമസകേന്ദ്രങ്ങളിൽനിന്നു ഭക്ഷണശാലയിലേക്കും താമസസ്ഥലത്തേക്കും ഈ ബസുകളിൽ പോകാം.
വേറിട്ട കൊടിമരം
പെയ്ന്റിങ് ബ്രഷും വീണയും ഒത്തുചേർന്ന പ്രത്യേക കൊടിമരമാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.
ബ്രഷ് ആണു കൊടിമരമായി ഉയർന്നു നിൽക്കുക. .
64ാം കലോത്സവത്തെ സൂചിപ്പിക്കാൻ വീണയും സംഗീതസ്വരങ്ങളും ചേർന്ന് 64 എന്ന സംഖ്യയായി കാണാം. കാലടി സംസ്കൃത സർവകലാശാലയിലെ ശിൽപകലാ അധ്യാപകൻ എൻ.ആർ.യദുകൃഷ്ണനാണു കൊടിമരം നിർമിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

