സംസ്ഥാനത്തെ സ്വർണവില പുതിയ റെക്കോർഡിൽ. പവൻ വില ഇതാദ്യമായി 1,04,520 രൂപയിലെത്തി.
കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ പവന് 1,04,440 രൂപയാണ് ഇതുവരെയുള്ള റെക്കോര്‍ഡ്. രാജ്യാന്തര വിലയിൽ സ്വർണം പുതിയ റെക്കോർഡിലെത്തിയതാണ് കേരളത്തിലും വില വർധിക്കാൻ ഇടയാക്കിയത്.
കേരളത്തിൽ ഗ്രാമിന് 35 രൂപ വർധിച്ച് 13,065 രൂപയിലാണ് ഇന്നത്തെ സ്വർണ വില.
രാജ്യാന്തര വിപണിയില്‍ ഔൺസിന് ഇതാദ്യമായി 4,618 ഡോളറിലെത്തിയ സ്വര്‍ണവില ലാഭമെടുപ്പിനെ തുടർന്ന് 4,576 ഡോളര്‍ വരെ താഴ്ന്നിരുന്നു. വീണ്ടും തിരിച്ചുകയറി 4,592 ഡോളറെന്ന നിലയിലാണ് നിലവിൽ സ്വർണവില. വില ഇനിയും വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ഫെഡ് ചെയർമാനെതിരായ യുഎസ് സർക്കാർ അന്വേഷണവും ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞതുമാണ് ഇന്നലെ വില വർധിപ്പിച്ചത്. ഡോളറിന്റെ വില കുറയുന്നത് മറ്റ് കറൻസികളില്‍ സ്വർണം വാങ്ങുന്നത് എളുപ്പമാക്കും.
ഇത് ഡിമാൻഡും വർധിപ്പിക്കും. ഇന്ന് ഡോളർ വിനിമയ നിരക്ക് 0.10 ശതമാനത്തോളം ഉയർന്നു.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ അയവില്ലാതെ തുടരുന്നതും വില വർധിക്കാനുള്ള കാരണമാണ്.
സർക്കാർ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ഇറാനിൽ സൈനിക നടപടിയുണ്ടായേക്കുമെന്നാണ് യുഎസ് നിലപാട്. ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും പ്രതികരിച്ചിട്ടുണ്ട്.
യുഎസ് ആക്രമണമുണ്ടായാൽ ഇസ്രയേലിലും യുഎസ് സൈനിക കേന്ദ്രങ്ങളിലും പ്രത്യാക്രമണം നടത്തുമെന്നാണ് ഇറാൻ പറയുന്നത്. ഇത് സ്വർണത്തിന്റെ സുരക്ഷിത നിക്ഷേപ മാർഗമെന്ന പദവി നിലനിർത്തി.
ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മേൽ 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പോസ്റ്റും സ്വർണ വിലയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
പുതി തീരുവ ഇന്ത്യയെ ബാധിക്കുമെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതയില്ല. അതിനിടെ ഇന്ത്യ–യുഎസ് വ്യാപാര ചർച്ചകൾ ഇന്ന് മുതൽ പുനരാരംഭിക്കുമെന്ന ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോറിന്റെ പ്രസ്താവന ആശ്വാസകരമാണ്.
18 കാരറ്റ് സ്വർണത്തിന് ഇന്നും രണ്ട് വിലയാണ്.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ഗ്രാമിന് 10,840 രൂപയിലാണ് 18 കാരറ്റ് സ്വർണം വിൽക്കുന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ)യുടെ കീഴിലുള്ള ജ്വല്ലറികളിൽ 10,740 രൂപയ്ക്കും വിൽപ്പന നടക്കും.
ആഭരണം വാങ്ങാൻ
ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞത് 10 ശതമാനം പണിക്കൂലി കണക്കാക്കിയാൽ 1,18,500 രൂപയെങ്കിലും നൽകേണ്ടി വരും.
മൂന്ന് മുതൽ 30 ശതമാനം വരെയാണ് കേരളത്തിൽ സ്വർണാഭരണത്തിന് പണിക്കൂലി ഈടാക്കുന്നത്. സ്വർണവിലയും പണിക്കൂലിയും ചേർത്ത തുകയിൽ മൂന്ന് ശതമാനം ജിഎസ്ടിയും നൽകണം.
ഹോൾമാർക്കിംഗ് ചാർജായി 45 രൂപയും ഇതിന് 18 ശതമാനം ജിഎസ്ടിയുമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

