കണ്ണൂർ ∙ ‘‘സുരേന്ദ്രൻ’’
‘‘ പ്രസന്റ് മോളേ’’
‘‘സാവിത്രിയമ്മ’’
‘‘പ്രസന്റ് മോളേ’’
‘‘..പ്രസന്ന’’
‘‘ ഇന്നു വന്നിട്ടില്ല, പേരക്കുട്ടിയുടെ പിറന്നാളാണ്’’.
താളിക്കാവ് സായംപ്രഭാ കേന്ദ്രത്തിലെ ഒരു ദിനത്തിനു തുടക്കമാകുകയാണ്. കെയർഗിവർ സജ്ന നസീറിന്റെ ഹാജരെടുക്കൽ കഴിഞ്ഞാൽ യോഗ ക്ലാസിനു തുടക്കമാകും.
ജില്ലയിലെ 9 സായംപ്രഭാ കേന്ദ്രത്തിൽനിന്നു മികച്ച കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഇവിടെയുള്ള 55 പേരും കെയർഗിവർ സജ്ന നസീറും.കോർപറേഷന്റെയും സാമൂഹികനീതി വകുപ്പിന്റെയും കീഴിൽ 2019ൽ ആണ് താളിക്കാവ് കേന്ദ്രം പ്രവർത്തനം തുടങ്ങിയത്.
55ൽ ഭൂരിഭാഗം പേരും നിത്യവും എത്തും. തിങ്കൾ മുതൽ ശനി വരെയാണ് പ്രവർത്തനമെങ്കിലും ഞായർ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.
രാവിലെ വീട്ടിൽനിന്നു ഭക്ഷണം കഴിച്ചു, നടന്നും ബസിലുമായി എല്ലാവരും 10ന് താളിക്കാവിലെത്തും. ഹാജർവിളി കഴിഞ്ഞാൽ ക്ലാസുകളും കൃഷിയും.
കേന്ദ്രത്തിനു പിന്നിലുള്ള പച്ചക്കറി തോട്ടം പരിപാലിക്കുന്നത് ഇവർ തന്നെ. 11ന് മധുരമിടാത്തൊരു ചായയും ചെറുകടിയും.
പിന്നെ യോഗ, ഓർമപുതുക്കൽ ടെസ്റ്റ്, നൃത്തപഠനം. അറിയാത്ത ഇംഗ്ലിഷ്, മലയാളം പദങ്ങൾ സജ്ന പഠിപ്പിക്കും.
അത് ഓർത്തെടുക്കലാണ് ക്ലാസ്.
85 വയസ്സുള്ള സാവിത്രിയമ്മയും 84 വയസ്സുള്ള സുരേന്ദ്രനുമാണ് കൂട്ടത്തിൽ മുതിർന്നവർ. കണ്ണൂർ കോർപറേഷൻ മുൻ കൗൺസിലർ നജ്മുന്നീസ, രതി, തമിഴ്നാടു സ്വദേശികളായ കാളിയമ്മ, അൻപുമണി എന്നിവരൊക്കെ എല്ലാ പരിപാടിയിലും മുന്നിലുണ്ടാകും.
വൈകിട്ട് 3ന് എല്ലാവരും മടങ്ങും.പ്രായം ഇവിടെ ഒന്നിനുമൊരു തടസ്സമല്ല. ഭക്ഷണമുണ്ടാക്കുന്നതും കൃഷി ചെയ്യുന്നതും നൃത്തം പഠിക്കുന്നതുമെല്ലാം ഒരേമനസ്സോടെ.
ഒന്നിനും പിടിവാശിയില്ല. മെമ്മറി ടെസ്റ്റ് മാത്രമേ ചെറിയൊരു പ്രശ്നമായി തോന്നുന്നുള്ളൂ.
പക്ഷേ, ഓർമശക്തി കൂട്ടാൻ നല്ലൊരു മരുന്നായതിനാൽ എല്ലാവരും സജ്ന പറഞ്ഞുകൊടുക്കുന്നത് പഠിച്ചുവരും.
ഇടയ്ക്കുള്ള യാത്രയാണ് എല്ലാവരെയും കൂടുതൽ ഊർജസ്വലരാക്കുന്നതെന്ന് സാവിത്രിയമ്മ പറഞ്ഞു. വിമാനയാത്ര വരെ നടത്തി.
പുതിയൊരു യാത്രയുടെ പ്ലാനിങ്ങിലാണെന്ന് സാവിത്രിയമ്മ അടക്കം പറഞ്ഞു.സായംപ്രഭയിലെ പ്രവർത്തനങ്ങൾക്ക് സ്പോൺസർ ചെയ്യാൻ കണ്ണൂരിലെ വ്യാപാരികളും സന്നദ്ധ സംഘടനകളുമൊക്കെ തയാറാണെന്ന് സജ്ന പറഞ്ഞു. ജില്ലാ തലത്തിൽ ഇപ്പോൾ ലഭിച്ച പുരസ്കാരം അടുത്തതവണ സംസ്ഥാനതലത്തിൽ വാങ്ങാനുള്ള തയാറെടുപ്പിലാണ് സജ്നയും ടീമും. വയോജനവിശ്രമകേന്ദ്രമെന്നതിനുപരിയായ പ്രവർത്തനം നടത്തുന്നതിനാലാണ് താളിക്കാവ് കേന്ദ്രത്തിന് പുരസ്കാരം ലഭിച്ചതെന്ന് ജില്ലാ സാമൂഹികനീതി ഓഫിസർ പി.ബിജു പറഞ്ഞു.
ഇതുപോലെ കൂടുതൽ മികച്ച പ്രവർത്തനം നടത്തുന്ന പകൽവീടുകളെ സായംപ്രഭാ കേന്ദ്രങ്ങളായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
സായംപ്രഭാ കേന്ദ്രങ്ങൾ
ഒറ്റപ്പെടൽ, വിരസത, സുരക്ഷയില്ലായ്മ തുടങ്ങിയവമൂലം മുതിർന്ന പൗരന്മാർ നേരിടുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനു വേണ്ടിയാണ് സായംപ്രഭാ കേന്ദ്രങ്ങൾ തുടങ്ങിയത്. തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിലുള്ള പകൽവീടുകളുടെ പദവി ഉയർത്തിയതാണ് സാമൂഹികനീതി വകുപ്പിനു കീഴിൽ സായംപ്രഭാ കേന്ദ്രങ്ങൾ.
ജില്ലയിൽ 9 സായംപ്രഭാ കേന്ദ്രങ്ങളാണുള്ളത്. എരുവട്ടി, കായലോട്, കാവുംഭാഗം, പാട്യം, പെരളശ്ശേരി, താളിക്കാവ്, കാവിന്മൂല, കരിവെള്ളൂർ മതിരക്കോട്, നാറാത്തെ കോട്ടിച്ചാൽ എന്നിവ.
മാതൃകാ സായംപ്രഭാകേന്ദ്രമായതോടെ താളിക്കാവിലെ കെയർഗിവർ ഇനി മാനേജരാകും. കേന്ദ്രത്തിലെത്തുന്നവർക്കു ഭക്ഷണമുണ്ടാക്കാൻ കുക്ക്, ശുചീകരണ പ്രവർത്തനങ്ങൾക്ക് കാഷ്വൽ സ്റ്റാഫ് എന്നിവരെ നിയമിക്കാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

