പടിഞ്ഞാറത്തറ ∙ പൂഴിത്തോട്–പടിഞ്ഞാറത്തറ റോഡ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ ഇഴയുന്നു. പ്രാഥമിക ഡിപിആർ സമർപ്പിക്കാനുള്ള നടപടികൾ അനന്തമായി നീളുകയാണ്.
അലൈൻമെന്റിൽ ആവശ്യപ്പെട്ട മാറ്റങ്ങൾ വരുത്താനുള്ള താമസമാണ് ഡിപിആർ സമർപ്പിക്കാനുള്ള കാലതാമസത്തിനു കാരണമായി അധികൃതർ പറയുന്നത്. ഒക്ടോബർ 19നകം അലൈൻമെന്റ് പൂർത്തിയാക്കി 25നകം ഭരണാനുമതിക്കുള്ള പ്രാഥമിക ഡിപിആർ സമർപ്പിക്കുമെന്നാണു മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നത്.
വനംവകുപ്പുമായി നടപടികൾ ഏകോപിപ്പിക്കുന്നതിന് ആളെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചിരുന്നു.
അതോടെ റോഡ് യാഥാർഥ്യമാകാനുള്ള നടപടികൾ സുഗമമായി നടക്കുമെന്ന പ്രതീക്ഷയും ഉയർന്നു. എന്നാൽ 3 മാസം പിന്നിട്ടിട്ടും നടപടികൾ എങ്ങുമെത്തിയില്ല. തിരഞ്ഞെടുപ്പുകളുടെ ഭാഗമായി മാതൃകാ പെരുമാറ്റച്ചട്ടം റോഡ് നിർമാണത്തിനു വിലങ്ങുതടിയാകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർന്നെങ്കിലും അതും നടപ്പായില്ല.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും തുടർന്ന് മഴക്കാലവും എത്തുന്നതോടെ റോഡിന്റെ നടപടികൾ ഇനിയും നീണ്ടുപോകുമെന്ന ആശങ്കയും ശക്തമാണ്. അധികൃതരിൽ നിന്ന് കൃത്യമായ മറുപടി ലഭിക്കാത്തതും ആശങ്ക ഇരട്ടിയാക്കുന്നു. ഇതിനിടെ റോഡ് യാഥാർഥ്യമാക്കാനുള്ള നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് ജനകീയ കർമ സമിതിയുടെ നേതൃത്വത്തിൽ വൻ സമര പരിപാടികൾക്ക് തുടക്കം കുറിക്കുകയാണ്.
അടുത്ത മാസം 7ന് വയനാട്, കോഴിക്കോട് ജില്ലകളിലെ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ലക്കിടി മുതൽ അടിവാരം വരെ പദയാത്ര സംഘടിപ്പിക്കുമെന്ന് പ്രവർത്തകർ പറഞ്ഞു.
സമരം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി പടിഞ്ഞാറത്തറ പഞ്ചായത്തിൽ കുടുംബയോഗങ്ങൾക്ക് തുടക്കമായി. അടുത്ത മാസം 5 വരെ നീളുന്ന കുടുംബ യോഗങ്ങളിലൂടെ പദയാത്രയിൽ നാട്ടുകാരുടെ വൻ സാന്നിധ്യം ഉറപ്പിക്കുകയാണ് ലക്ഷ്യമെന്നും കർമസമിതി പ്രവർത്തകർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

