ഒറ്റപ്പാലം∙ സ്കൂൾ വാർഷികാഘോഷത്തിൽ കലാപരിപാടികൾക്ക് അവസരം നിഷേധിച്ചെന്ന് ആരോപിച്ച് ഒറ്റപ്പാലം ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളുടെ പ്രതിഷേധം.
രാത്രി 10 മണി പിന്നിട്ടതിന്റെ പേരിൽ പിടിഎയും ചില അധ്യാപകരും ചേർന്നു പരിപാടി നിർത്തിവയ്പിച്ചെന്നാണ് ഒരു വിഭാഗം വിദ്യാർഥികളുടെ ആരോപണം.ഇന്നലെ രാവിലെ എസ്എഫ്ഐയുടെ നേതൃത്വത്തിലായിരുന്നു സ്കൂളിനു മുന്നിലെ പ്രതിഷേധം. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വാർഷികാഘോഷത്തെ ചൊല്ലിയാണു വിവാദം.
ഉച്ചകഴിഞ്ഞു 3നു തുടങ്ങിയ പരിപാടി രാത്രി 10 പിന്നിട്ടതോടെയാണു സമയം അതിക്രമിച്ചെന്നറിയിച്ചു നിർത്തിവയ്പിച്ചതെന്നാണു വിദ്യാർഥികളുടെ ആരോപണം.
കുട്ടികളുടെ രക്ഷിതാക്കൾ പൊലീസുമായി സംസാരിച്ച് അരമണിക്കൂർ കൂടി സമയം ദീർഘിപ്പിച്ചു നൽകിയെങ്കിലും പിടിഎയുടെയും സ്കൂളിലെ ചില അധ്യാപകരുടെയും പിടിവാശി മൂലം പരിപാടി നിർത്തിവയ്ക്കേണ്ടി വന്നെന്നാണു പരാതി. കലാപരിപാടികൾക്കു തയാറായി ഒരുങ്ങി നിന്നിരുന്ന കുട്ടികളെ സ്റ്റേജിൽ നിന്ന് ഇറക്കിവിട്ടെന്നും ആരോപണമുണ്ട്.
അവസരം നിഷേധിക്കപ്പെട്ട വിദ്യാർഥികൾക്ക് അടുത്ത ദിവസം പരിപാടി അവതരിപ്പിക്കാനുള്ള സൗകര്യം ഒരുക്കാമെന്ന ഉറപ്പിനെ തുടർന്നാണു പ്രതിഷേധം അവസാനിച്ചത്. അതേസമയം, സമയം വൈകിയതിന്റെ പേരിൽ പരിപാടി നിർത്തിവയ്പിച്ചതു പൊലീസാണെന്നു പിടിഎ പ്രസിഡന്റ് പി.എം.എ.ജലീൽ ആരോപിച്ചു.
ഇതിൽ അധ്യാപകർക്കും പിടിഎയ്ക്കും പങ്കില്ല. അവസരം ലഭിക്കാത്തവർക്കു പരിപാടി അവതരിപ്പിക്കാൻ മറ്റൊരു ദിവസം അനുവദിക്കാൻ നേരത്തെ ധാരണയായതാണെന്നും അദ്ദേഹം വിശദീകരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

