തിരുവനന്തപുരം∙ ഗവ.ലോ കോളജിൽ എസ്എഫ്ഐ അനധികൃതമായി രക്തസാക്ഷി മണ്ഡപം നിർമിച്ചു. പ്രിൻസിപ്പൽ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും പൊലീസിൽ പരാതി നൽകിയിട്ടും നിർമാണം തടയാൻ നടപടിയുണ്ടായില്ല.
വനിതാ ഹോസ്റ്റൽ കവാടത്തിനു മുന്നിൽ നടന്ന നിർമാണം ശ്രദ്ധയിൽപ്പെട്ടപ്പോൾ അത് നിർത്തി വയ്ക്കാൻ പ്രിൻസിപ്പൽ നിർദേശം നൽകിയിരുന്നു. നിർമാണത്തിനു നേതൃത്വം നൽകിയ എസ്എഫ്ഐ നേതാക്കളായ വേണുഗോപാൽ, പി.എസ്.അർജുൻ, സഫർ ഗഫൂർ, അൽ സഫർ നവാസ് എന്നീ 4 വിദ്യാർഥികളെ ഇന്നലെ കൂടിയ കോളജ് കൗൺസിൽ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു.
സർക്കാർ ഭൂമി കൈയേറിയത് ക്രിമിനൽ പ്രവർത്തനമാണെന്നു കണ്ടാണ് സസ്പെൻഷൻ.
ഇവരുടെ നേതൃത്വത്തിൽ കോളജ് ഇല്ലാത്ത ദിവസം പുറത്തു നിന്നു ആളുകളെ കൊണ്ട് വന്നാണു നിർമാണം നടത്തിയത്. മുൻ എസ്എഫ്ഐ നേതാവ് സക്കീർ ഹുസൈന്റെ പേരിലുള്ള രക്തസാക്ഷി സ്തൂപത്തിന്റെ ഉദ്ഘാടനത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുക്കുന്ന ചടങ്ങ് നടത്താൻ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അനുമതി തേടി കോളജിന് കത്തും നൽകിയിട്ടുണ്ട്.
അതേ സമയം സർക്കാർ ഭൂമിയിൽ പാർട്ടി രക്തസാക്ഷി മണ്ഡപം നിർമിച്ചതിനെതിരെ വിദ്യാർഥി സംഘടനകളും രംഗത്തു വന്നിട്ടുണ്ട്.
കോളജിൽ ഭിന്നശേഷി റാംപിനും നടപ്പാത നിർമാണത്തിനു എത്തിച്ചതിൽ ബാക്കിയുണ്ടായിരുന്ന 4 ചാക്ക് സിമന്റും മണലും സ്തൂപ നിർമാണത്തിന് ഉപയോഗിച്ചുവെന്നും ആക്ഷേപമുണ്ട്.സ്തൂപത്തിൽ അവസാനവട്ട മിനുക്കു പണികൾ മാത്രമാണ് ബാക്കിയുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

