പന്തളം ∙ മകരസംക്രമനാളിൽ ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ടു. ആയിരക്കണക്കിനു ഭക്തരാണ് ഘോഷയാത്ര കാണാനെത്തിയത്.
പരമ്പരാഗത പാതയിലൂടെ നാളെ വൈകിട്ട് സന്നിധാനത്തെത്തും. സന്ധ്യാവേളയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധനയ്ക്കായി നട
തുറക്കുമ്പോഴാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയുക. ഡിവൈഎസ്പി ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സായുധസേന ഘോഷയാത്രയുടെ സുരക്ഷയ്ക്കായി ഒപ്പമുണ്ട്.
ഇന്നലെ പുലർച്ചെ നാലരയോടെയാണ് തിരുവാഭരണങ്ങൾ സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നു വലിയകോയിക്കൽ ക്ഷേത്രത്തിലേക്കെത്തിച്ചത്.ഉച്ചയ്ക്ക് 12 വരെ ഭക്തർക്ക് ദർശനമനുവദിച്ചു. തുടർന്ന് ആചാരപരമായ ചടങ്ങുകൾക്ക് കൊട്ടാരം ഇളമുറത്തമ്പുരാൻ കൈപ്പുഴ പടിഞ്ഞാറേത്തളം മംഗളവിലാസം കൊട്ടാരത്തിൽ അവിട്ടം നാൾ രവിവർമരാജ നേതൃത്വം നൽകി.
12.50ന് തിരുവാഭരണങ്ങൾ പെട്ടികളിലാക്കി മേൽശാന്തി നീരാജനമുഴിഞ്ഞു. രാജപ്രതിനിധി പുറത്തെത്തി ക്ഷേത്രത്തിനു വലംവെച്ചു പല്ലക്കിൽ യാത്ര തുടങ്ങി.
ഈ സമയം ശ്രീകൃഷ്ണപ്പരുന്ത് ക്ഷേത്രത്തിനു മുകളിൽ വട്ടമിട്ടു പറന്നു.
തിരുവാഭരണ പേടകം കിഴക്കേനടയിൽ ഗുരുസ്വാമി മരുതുവന കെ.എൻ.ശിവൻകുട്ടി ശിരസ്സിലേറ്റി. പൂജാപാത്രങ്ങളടങ്ങുന്ന പെട്ടിയും കൊടിപ്പെട്ടിയും പേടകവാഹകസംഘാംഗങ്ങളും ശിരസ്സിലേറ്റി ഒരു മണിക്ക് ഘോഷയാത്ര പുറപ്പെട്ടു.
പരമ്പരാഗത തിരുവാഭരണപാതയിലൂടെ കുളനട, ഉള്ളന്നൂർ, ആറന്മുള വഴി അയിരൂർ പുതിയകാവ് ക്ഷേത്രത്തിലെത്തിയ സംഘം അവിടെ വിശ്രമിച്ചു. ഇന്ന് പെരുനാട് വഴി ളാഹ വനം വകുപ്പു സത്രത്തിലെത്തി വിശ്രമം. നാളെ കാനനപാതയായ പ്ലാപ്പള്ളിയിൽ നിന്നു അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്നു വൈകിട്ടോടെ ശബരിമലയിലെത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

