ഏറ്റുമാനൂർ ∙ നിർമാണം പുനരാരംഭിച്ച മാന്നാനം പാലത്തിന്റെ പണി വീണ്ടും മുടങ്ങിയതിൽ പ്രതിഷേധം ശക്തമാകുന്നു. 3 മാസമായി നിർമാണം നിലച്ച നിലയിലാണ്. പാലത്തിൽ ഗതാഗതം നിരോധിക്കുകയും നിർമാണം നടക്കാതെ വരികയും ചെയ്തതോടെ നാട്ടുകാർ ദുരിതത്തിൽ.
പണി അടിയന്തരമായി പൂർത്തീകരിച്ച് പാലം തുറന്നു കൊടുക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധത്തിലേക്ക്. 2011-ലാണ് പാലത്തിന്റെ നവീകരണം ആരംഭിച്ചത്. എന്നാൽ പല കാരണങ്ങളാൽ നിർമാണം പലതവണ മുടങ്ങി.
പെണ്ണാർ തോട് ദേശീയ ജലപാതയുടെ ഭാഗമായതിനാൽ തോടിന് കുറുകെയുള്ള പാലത്തിനു നീളവും വീതിയും വർധിപ്പിക്കേണ്ടി വന്നതാണ് ആദ്യ ഘട്ടത്തിൽ പണികൾ സ്തംഭിക്കാൻ കാരണം. തുടർന്ന് എസ്റ്റിമേറ്റ് പുതുക്കലും മറ്റ് അനുമതികൾക്കുമായി കാത്തിരിക്കേണ്ടി വന്നു.
പണികൾ അനന്തമായി നീണ്ടതോടെ പൊതുജനവും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധ സമരവുമായി രംഗത്തെത്തി.
ഇതേ തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് വീണ്ടും നിർമാണ ഉദ്ഘാടനം നടത്തി പണി ആരംഭിച്ചത്. 2019 നിർമിച്ച ഭിത്തികൾ പൊളിച്ചു മാറ്റുകയും, വശങ്ങളിലായി വലിയ രീതിയിൽ ചാല് കീറുകയും ചെയ്തതിനു ശേഷമാണ് ഇപ്പോൾ പണി മുടങ്ങിയത്.
പഴയ പാലത്തിലൂടെയുള്ള വാട്ടർ പൈപ്പ് മാറ്റുന്നത് സംബന്ധിച്ച് വകുപ്പുകൾ തമ്മിലുള്ള തർക്കമാണ് പണി മുടങ്ങാൻ കാരണം. കെഎസ്ടിപിയുടെ നേതൃത്വത്തിൽ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 24.83 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്.
ദേശീയ ജലപാത മാനദണ്ഡങ്ങൾ പാലിച്ച് നിർമിക്കുന്ന പുതിയ പാലം 228.7 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും വർഷകാല ജല നിരപ്പിൽ നിന്ന് ആറു മീറ്റർ ഉയരത്തിലുമാണ് പണിയുന്നത്.
12 മാസത്തിനുള്ളിൽ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കും എന്നായിരുന്നു അധികൃത പറഞ്ഞിരുന്നത്. എന്നാൽ 3 മാസമായി പാലം പണി മുടങ്ങി കിടക്കുന്നതിനാൽ പാലത്തിന്റെ അവസ്ഥ എന്താകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പാലം പണിയുടെ പേരിൽ സ്ഥലം എംഎൽഎയും മന്ത്രിയുമായ വി.എൻ.വാസവൻ നാട്ടുകാരെ പറ്റിക്കുകയാണെന്ന് സ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും പണി പുനരാരംഭിച്ചില്ലെങ്കിൽ പൊതുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഡിസിസി ജനറൽ സെക്രട്ടറി എം.മുരളി പറഞ്ഞു.
പാലം ചുവപ്പു നാടയിൽ കുടുങ്ങിയത് ഇങ്ങനെ
നീണ്ടൂർ, അതിരമ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മാന്നാനം-നീണ്ടൂർ റോഡിൽ പെണ്ണാർ തോടിനു കുറുകെയാണ് പാലം. മാന്നാനം പാലം പൊളിച്ച് പുതിയ പാലം പണിയാൻ നടപടികളാവുകയും പണികൾ തുടങ്ങുന്ന ഘട്ടത്തിൽ എത്തുകയും ചെയ്തിരുന്നതാണ്.
അപ്പോഴാണ് പെണ്ണാർ തോട് ദേശീയ ജലപാതയിൽ ഉൾപ്പെടുത്തി വിജ്ഞാപനം വന്നത്. ഇതോടെ നിർമാണം തടസ്സപ്പെട്ടു. ദേശീയ ജലപാതയുടെ മുകളിലുള്ള പാലങ്ങൾക്ക് നിയമമനുസരിച്ച് 41 മീറ്റർ നീളം, 12 മീറ്റർ വീതി, വർഷകാല ജലനിരപ്പിൽ നിന്ന് ആറു മീറ്റർ ഉയരം എന്നിവ വേണം.
നിർമാണം ആരംഭിക്കാനിരുന്ന പാലത്തിന് 10 മീറ്റർ നീളവും നാലു മീറ്റർ വീതിയുമായിരുന്നു. അതിനെ തുടർന്നാണ് നിർമാണം നിലച്ചത്.
തുടർന്ന് മന്ത്രി വി.എൻ.വാസവൻ ഇടപെട്ടാണ് പുതിയ എസ്റ്റിമേറ്റ് ഉണ്ടാക്കുകയും സർക്കാർ അനുമതി വാങ്ങുകയും ചെയ്ത് പണികൾ പുനരാരംഭിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

