ശബരിമല ∙ മകരജ്യോതി ദർശനത്തിനു വലിയ തിരക്ക് ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ തീർഥാടകർക്കും വാഹനങ്ങൾക്കും നാളെ നിയന്ത്രണം. പമ്പ–നിലയ്ക്കൽ പാതയിൽ നാളെ രാവിലെ 10 വരെ മാത്രമേ വാഹനങ്ങൾ അനുവദിക്കു.
നിലയ്ക്കൽ 10ന് വാഹനങ്ങൾ തടയും. രാവിലെ 11 മുതൽ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് തീർഥാടകരെ കടത്തിവിടില്ല.ഇന്ന് വെർച്വൽ ക്യൂവഴി 35,000, സ്പോട്ബുക്കിങ് വഴി 5000 പേർക്കു മാത്രമാണ് പമ്പയിൽ നിന്നു സന്നിധാനത്തേക്കു പ്രവേശനം.
മകരവിളക്കു ദിവസമായ നാളെ വെർച്വൽ ക്യൂവഴി 30,000 , സ്പോട് ബുക്കിങ് വഴി 5000 പേരെയും മാത്രം അനുവദിക്കും.
പമ്പ–സന്നിധാനം പാതയിൽ നാളെ ട്രാക്ടറുകൾക്കു നിയന്ത്രണം ഉണ്ടാകും.മകരവിളക്കിനു വലിയ തിരക്ക് ഉണ്ടാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. മകരജ്യോതി ദർശനത്തിനായി തീർഥാടകർ തങ്ങുന്ന സ്ഥലങ്ങളിൽ അപകടം ഒഴിവാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു.മുടങ്ങാതെ ജല വിതരണം നടത്താനുള്ള ക്രമീകരണം ഒരുക്കി, തീർഥാടകരുടെ പുണ്യസ്നാനത്തിന് ആവശ്യമായ വെള്ളം എത്തിക്കാൻ ജലസേചന വകുപ്പ് എല്ലാ നടപടികളും പൂർത്തിയാക്കിയതായി ശബരിമല എഡിഎം അരുൺ.എസ്.നായർ പറഞ്ഞു.
തീർഥാടകർ തങ്ങുന്ന സ്ഥലങ്ങളിൽ തീപിടിത്തം മൂലമുള്ള അപകടം ഒഴിവാക്കാനുള്ള മുൻകരുതൽ എടുത്തിട്ടുണ്ട്.
ജ്യോതി ദർശനത്തിനായി തീർഥാടകർ കാത്തിരിക്കുന്ന സ്ഥലങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കുന്ന ജോലികൾ ദേവസ്വം മരാമത്ത് വിഭാഗം പൂർത്തിയാക്കി. ഇതിനു പുറമേ പതിനെട്ടാംപടി കയറാൻ തീർഥാടകർ കാത്തുനിൽക്കുന്ന വഴിയിൽ ശരംകുത്തി മുതൽ സന്നിധാനം വരെയുള്ള ഭാഗത്തെ ബാരിക്കേഡ് ബലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
പമ്പ വിളക്ക്, പമ്പ സദ്യ
∙മകരവിളക്കു കാലത്തെ പ്രധാന ചടങ്ങായ പമ്പ വിളക്കും പമ്പ സദ്യയും ഇന്ന് നടക്കും.
എരുമേലിയിൽ പേട്ട തുള്ളിയ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾ കാനന പാതയിലൂടെ കാൽനടയായി ഇന്നലെ വൈകിട്ട് പമ്പയിൽ എത്തി.
എല്ലാവരും കുളിച്ചു ശുദ്ധിയായി സന്ധ്യാ വന്ദനത്തിനു ശേഷം നിലവിളക്ക് കൊളുത്തി പമ്പ സദ്യയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇന്ന് ഉച്ചയോടെ പാചകം പൂർത്തിയാകും. തുടർന്ന് ആദ്യം എല്ലാ വിഭവങ്ങളും അയ്യപ്പ സ്വാമിക്കു വിളമ്പും, പിന്നെ മറ്റുള്ള അംഗങ്ങൾക്കും സദ്യ വിളമ്പും.വൈകിട്ടാണ് പമ്പ വിളക്ക്.
ഈറ്റക്കമ്പിൽ ഗോപുരം ഉണ്ടാക്കി അതിൽ ബലൂണുകൾ കെട്ടി മെഴുകുതിരി കത്തിച്ച് ആടിപ്പാടി നൃത്തം ചെയ്തു പമ്പാനദിയിൽ ഒഴുക്കിയാണു പമ്പ വിളക്ക് ആഘോഷിക്കുന്നത്.
പുല്ലുമേട് ഒരുങ്ങി
∙ മകരജ്യോതി ദർശനത്തിനായി കാത്തിരിക്കാൻ സന്നിധാനത്ത് സ്ഥലം കിട്ടാത്തവർ പുല്ലുമേട്ടിലേക്കു മലകയറുകയാണ്. പാണ്ടിത്താവളത്തിൽ നിന്നു 8 കിലോമീറ്റർ കുത്തനെയുള്ള കയറ്റം കയറിയാൽ പുല്ലുമേട്ടിൽ എത്താം.
തടസ്സമില്ലാതെ മകരജ്യോതി കാണാൻ കഴിയുമെന്നതാണ് അവിടത്തെ പ്രത്യേകത. അതിനാൽ ഒരുലക്ഷം തീർഥാടകരെയാണ് പുല്ലുമേട്ടിൽ പ്രതീക്ഷിക്കുന്നത്.
ജ്യോതി ദർശനത്തിനു തീർഥാടകരെ വരവേൽക്കാൻ പുല്ലുമേട്ടിൽ അവസാനവട്ട തയാറെടുപ്പുകളാണ് പൂർത്തിയായത്.ജനറേറ്റർ പ്രവർത്തിച്ചാണു വെളിച്ചം നൽകുന്നത്.
ഇതിനുള്ള ക്രമീകരണങ്ങളായി. തീർഥാടകരുടെ സുരക്ഷയ്ക്കായി വിപുലമായ പൊലീസ് സംവിധാനവും തയാറായി.
അടിയന്തര ചികിത്സാ സൗകര്യങ്ങളും ഡോക്ടർമാരുടെ സേവനവും ഉണ്ടാകും.മൊബൈൽ ഫോണുകൾക്ക് റേഞ്ച് ഇല്ലാത്തതായിരുന്നു തീർഥാടകർ നേരിട്ട
പ്രധാന പ്രശ്നം. അതിനു പരിഹാരമായി ബിഎസ്എൻഎൽ പുല്ലുമേട്ടിൽ താൽക്കാലിക ടവർ സ്ഥാപിച്ചു.
ഇന്നലെ മുതൽ ടവർ പ്രവർത്തിച്ചു തുടങ്ങി.ഇതോടെ മൊബൈൽ റേഞ്ച് കിട്ടിയതിന്റെ ആശ്വാസത്തിലാണ് തീർഥാടകരും ഉദ്യോഗസ്ഥരും. മകര ജ്യോതി ദർശനത്തിനു ശേഷം പുല്ലുമേട്ടിൽ നിന്നു തീർഥാടകരുടെ മടക്കയാത്രയ്ക്കായി കെഎസ്ആർടിസി 60 ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.
കോഴിക്കാനം– കുമളി റൂട്ടിൽ ഇവ സർവീസ് നടത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

