വിതുര ∙ സംസ്ഥാനത്തെ ഏറ്റവും കഠിനമായ ട്രെക്കിങ് റൂട്ടായ ‘അഗസ്ത്യാർകൂട’ത്തിലേക്കുള്ള ട്രെക്കിങ്ങിന് നാളെ തുടക്കം. ഫെബ്രുവരി 11 നാണ് സമാപനം; ആകെ 29 ദിവസങ്ങൾ.
വനം വകുപ്പിന്റെ കർശന നിർദേശങ്ങൾ പാലിച്ച് വേണം ഏറെ ശ്രമകരമായ അഗസ്ത്യാർകൂടം ട്രെക്കിങ് നടത്താൻ. 1,868 മീറ്റർ ഉയരമുണ്ട് അഗസ്ത്യാർകൂടത്തിന്. ഈ കൊടുമുടിയുടെ ഒരു ഭാഗം തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു.
നിത്യ ഹരിത വനങ്ങളാൽ സമ്പന്നമായ പുൽമേടുകളും പാറക്കെട്ടുകളും കാട്ടരുവികളും നിറഞ്ഞ് നിൽക്കുന്ന അഗസ്ത്യാർകൂടം വൈവിധ്യങ്ങളുടെ കലവറയാണ്. യാത്രയ്ക്കിടെ വന്യ മൃഗങ്ങളെ പേടിക്കണം.
നിർദേശങ്ങൾ പാലിക്കാതെ കാട് കയറിയാൽ പണി പാളും. ബോണക്കാട് പിക്കറ്റ് സ്റ്റേഷനിൽ നിന്നുള്ള ആദ്യ ദിനത്തിലെ പുൽമേടിലൂടെയുള്ള യാത്ര കഴിഞ്ഞാൽ മുട്ടിടിച്ചാൻ തേരിയെത്തും.
‘മുട്ടിടിക്കുന്ന കയറ്റ’മാണെങ്കിലും തണലും തണുപ്പും തുണയാകും. വൈകിട്ടോടെ അതിരുമലയെത്തും.
അപ്പോഴേക്കും ആകെയുള്ള 27 കിലോ മീറ്ററിൽ 17 കിലോ മീറ്റർ താണ്ടിയിട്ടുണ്ടാകും. അവിടെ വിശ്രമിക്കാൻ വനം വകുപ്പ് ക്യാംപ് ഷെഡ്ഡുണ്ട്.
പിറ്റേ ദിവസം രാവിലെ മുതലാണ് ശേഷിക്കുന്ന 10 കിലോ മീറ്റർ താണ്ടേണ്ടത്. ആദ്യം പൊങ്കാലപ്പാറയെത്തും.
ഇവിടെ ആചാര പ്രകാരം വിശ്വാസികൾ പൊങ്കാല ഇട്ടിരുന്നു. ഇപ്പോൾ വിലക്കുണ്ട്.
ലഘു ഭക്ഷണം കഴിച്ച ശേഷം അഞ്ച് പാറക്കെട്ടുകൾ കൂടി താണ്ടണം.
ഇത് കഠിന യാത്രയാണ്. യാത്ര ലഘൂകരിക്കാൻ വനം വകുപ്പ് വടം കെട്ടിയിട്ടുണ്ട്.
അതിൽ പിടിച്ച് കയറി അഗസ്ത്യ മല തൊടാം. ഇവിടെ മേഘക്കൂട്ടങ്ങളെ തൊട്ടടുത്ത് കാണാം.ഇവിടെ അഗസ്ത്യ മുനിയുടെ പൂർണകായ പ്രതിമയുണ്ട്.
കുറച്ച് സമയം ഇവിടെ ചെലവഴിച്ച ശേഷം മടക്ക യാത്ര. ഉച്ചയ്ക്ക് 2 മണിക്കെങ്കിലും അതിരുമലയിൽ തിരിച്ചെത്തിയാൽ അന്നു തന്നെ മടങ്ങാം.
അല്ലെങ്കിൽ ക്യാംപ് ഷെഡിൽ തങ്ങിയ ശേഷം പിറ്റേ ദിവസം രാവിലെ മടങ്ങണം.
പോകേണ്ട വഴി
തിരുവനന്തപുരം സെൻട്രലിൽ നിന്ന് നിന്നും നെടുമങ്ങാട്– ചുള്ളിമാനൂർ– വിതുര വഴിയാണ് ബോണക്കാട് പിക്കറ്റ് സ്റ്റേഷനിൽ എത്തേണ്ടത്.
നഗരത്തിൽ നിന്നും ഏകദേശം 61 കിലോ മീറ്റർ ദൂരമുണ്ട്. സെൻട്രൽ ഡിപ്പോയിൽ നിന്നും കൃത്യമായ ഇടവേളകളിൽ ബസ് സർവീസുകൾ ലഭ്യമാണ്.
ഇവ കൊണ്ടു വരേണ്ട
ജൈവ വൈവിധ്യ മേഖല ആയതിനാൽ പ്ലാസ്റ്റിക്കിന് കർശന നിരോധനമുണ്ട്.
പൂജാ ദ്രവ്യങ്ങളും അനുവദിക്കില്ല. മദ്യം, ലഹരി വസ്തുക്കൾ എന്നിവയ്ക്ക് കർശന നിരോധനം. അനധികൃത കടന്നു കയറ്റങ്ങൾക്കു സാധ്യതയുള്ളതിനാൽ നെയ്യാർ, കോട്ടൂർ, പേപ്പാറ വന്യ ജീവി സങ്കേതങ്ങളുടെ ചെക്ക് പോസ്റ്റുകളും കാട്ടു വഴികളും വനം വകുപ്പിന്റെ കർശന നിയന്ത്രണത്തിലായിരിക്കും.
വാർത്താ വിനിമയ സംവിധാനം മെച്ചപ്പെടുത്താൻ പേപ്പാറ, ബോണക്കാട്, അതിരുമല, നെയ്യാർ, കോട്ടൂർ എന്നിവിടങ്ങളിലായി വയർലെസ് സ്റ്റേഷനുകൾ പ്രവർത്തിക്കും.
എങ്ങനെ പോകാം
വനം വകുപ്പിന്റെ www.forest.kerala.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി റജിസ്റ്റർ ചെയ്താൽ അഗസ്ത്യാർകൂടം യാത്ര പോകാം. ഓരോ ദിനവും പരമാവധി 70 പേർക്കാണ് പ്രവേശനം അനുവദിക്കുന്നത്.
3,000 രൂപയാണ് പ്രവേശന ഫീസ്. നാളെ മുതൽ 31 വരെയുള്ള ദിനങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രഷേൻ ഇതിനകം പൂർത്തിയായി.
ഫെബ്രുവരി 1 മുതൽ 11 വരെ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസം 23 ന് രാവിലെ 11 മുതൽ റജിസ്റ്റർ ചെയ്യാം. സന്ദർശകർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ നിർദേശാനുസരണം വരുമ്പോൾ ഹാജരാക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

