തിരുവനന്തപുരം∙ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്ക് എത്തുന്നവരിൽനിന്ന് 2000 മുതൽ 6000 രൂപ വരെ പിരിക്കുന്നുണ്ടെന്നു സമ്മതിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ. ആശുപത്രി വികസന സമിതിക്ക്(എച്ച്ഡിഎസ്) ഫണ്ട് കണ്ടെത്താൻ ‘ശസ്ത്രക്രിയ ചാർജ്’ എന്ന പേരിലാണു തുക ഈടാക്കുന്നത്.
ഇൻഷുറൻസുള്ള രോഗികൾക്ക് അതിൽനിന്നു തുക ഈടാക്കുമ്പോൾ ഇൻഷുറൻസ് പരിരക്ഷയോ ബിപിഎൽ റേഷൻ കാർഡോ ഇല്ലാത്തവർ തുക നേരിട്ട് അടയ്ക്കണമെന്നും ആശുപത്രി അധികൃതർ വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിൽ മറുപടി നൽകി.
ആശുപത്രികളിലെ ചികിത്സ പൂർണമായും സൗജന്യമാണെന്നു സർക്കാർ അവകാശപ്പെടുമ്പോഴാണ് ഈ പിരിവ്. യൂറോളജി വിഭാഗത്തിൽ ഇത്തരത്തിൽ പിരിവെടുത്ത് ഉപകരണങ്ങൾ വാങ്ങുന്നുണ്ടെന്ന് ഏതാനും മാസം മുൻപ് വകുപ്പ് മേധാവി സി.എച്ച്.ഹാരിസ് വെളിപ്പെടുത്തിയതു വിവാദമായിരുന്നു.
സർജറി പ്രൊസീജിയർ ചാർജ് എന്ന പേരിലാണ് എച്ച്ഡിഎസിന് പണം കണ്ടെത്താൻ രോഗികളെ പിഴിയുന്നത്. വളരെ സാധാരണക്കാരാണ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നത്.
ശസ്ത്രക്രിയകളും ഈടാക്കുന്ന നിരക്കും
മേജർ ഓപ്പൺ സർജറി– 3000 രൂപ, മൈനർ ഓപ്പൺ സർജറി– 1000, യൂറിറ്ററോസ്കോപ്പി ആൻഡ് ലേസർ ലിത്തോട്രിപ്സി– 3000, വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള പിസിഎൻഎൽ വിത്ത് ലേസർ ലിത്തോട്രിപ്സി– 4000, പിസിഎൻഎൽ– 3000, പുറമേ മുറിവുകളുണ്ടാക്കാത്ത റിട്രോഗ്രേഡ് ഇന്റേണൽ സർജറി (ആർഐആർഎസ്)– 6000, പ്രോസ്ട്രേറ്റ് ചികിത്സയ്ക്കുള്ള ട്രാൻസ്യുറീത്രൽ റിസക്ഷൻ ഓഫ് പ്രോസ്ട്രേറ്റ്(ടർപ്പ്)– 2000, മൂത്രാശയ മുഴകൾ നീക്കാനുള്ള ട്രാൻസ്യുറീത്രൽ റിസക്ഷൻ ഓഫ് ബ്ലാഡർ ട്യൂമർ(ടിയുആർബിടി)– 2000 എന്നിങ്ങനെയാണു ശസ്ത്രക്രിയയ്ക്ക് ഈടാക്കുന്ന ചാർജുകൾ.
‘പിരിവ് സർക്കാർ അനുമതിയോടെ’
സർക്കാർ അനുമതിയോടെയാണു ശസ്ത്രക്രിയ ചാർജ് വാങ്ങുന്നതെന്ന് ആശുപത്രി വികസന സമിതി അധികൃതർ.
എച്ച്ഡിഎസിന് ഫണ്ട് കണ്ടെത്താനാണു പണം വാങ്ങുന്നത്. ഇതു സർക്കാർ അംഗീകരിച്ചതാണ്. ചെറിയ തുകയാണ് വാങ്ങുന്നതെന്നും അധികൃതർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

