കോഴിക്കോട്∙ ഭട്ട്റോഡ് പാർക്കിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള ശുചിമുറി കെട്ടിടത്തിൽ നിന്നുള്ള മാലിന്യം കരാറുകാരൻ പുറത്തെടുത്ത് പാർക്കിലും സമീപത്തെ വരക്കൽ ബീച്ച് പരിസരത്തും തള്ളി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കൗൺസിലർ ഇടപെട്ടതോടെ 6 മണിക്കൂറിനു ശേഷം പൊലീസും അഗ്നിരക്ഷാ സേനയും കോർപറേഷൻ ആരോഗ്യവിഭാഗവും എത്തി മാലിന്യം മാറ്റി.
ഇന്നലെ പുലർച്ചെയാണ് ഭട്ട്റോഡ് കുട്ടികളുടെ പാർക്കിൽ തെക്ക് ഭാഗത്തെ കുളത്തിനു സമീപത്തും നടപ്പാതയിലും വരക്കൽ ബലിതർപ്പണ ബീച്ചിലെ മതിലിനോടു ചേർന്നുള്ള സ്ഥലത്തും മാലിന്യം ഒഴുക്കിയത്.
രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് സംഭവം കണ്ടത്. തുടർന്ന് നാട്ടുകാർ കൗൺസിലർ കെ.സരിതയെ അറിയിച്ചു.
സംഭവം അറിഞ്ഞു ഡിടിപിസി മാനേജർ എം.നന്ദുലാൽ സ്ഥലത്തെത്തി.
മാലിന്യം ഉടനെ നീക്കാൻ കൗൺസിലർ ആവശ്യപ്പെട്ടു. നാട്ടുകാരും ഹിന്ദു ഐക്യവേദിടെ പ്രവർത്തകരും സംഘടിച്ചെത്തി.
മാലിന്യം നീക്കാനും പാർക്കിനകത്തെ നടപ്പാത കഴുകാനും ആവശ്യപ്പെട്ടു. ഒരു മണിക്കൂർ കൊണ്ട് വൃത്തിയാക്കുമെന്ന് മാനേജർ പറഞ്ഞു.
എന്നാൽ 12.30 ആയിട്ടും വൃത്തിയാക്കാത്തതിനെ തുടർന്ന് പ്രദേശവാസികൾ വീണ്ടും സംഘടിച്ചു. കൗൺസിലർ വീണ്ടും എത്തി ആരോഗ്യ പ്രവർത്തകരെ വിളിച്ചു വരുത്തി.
പാർക്കിൽ ശുചിമുറി മാലിന്യം ഒഴുകിയതിനാൽ കോർപറേഷൻ ഉദ്യോഗസ്ഥർ പാർക്കിന്റെ ഗേറ്റ് പൂട്ടി. സമീപത്തെ തട്ടുകടകൾ അടപ്പിച്ചു.
സ്ഥലത്തെത്തിയവർ മാനേജർക്കെതിരെ പ്രതിഷേധിച്ചതോടെ വെള്ളയിൽ പൊലീസ് എത്തി. പിന്നീട് അഗ്നിരക്ഷാ സേന ഒരു യൂണിറ്റ് എത്തി.
പാർക്കിലെ നടപ്പാതയിലെ ശുചിമുറി മാലിന്യം കഴുകി വൃത്തിയാക്കി. ബീച്ചിൽ തള്ളിയ മാലിന്യം മണ്ണുമാന്തി എത്തിച്ച് 2 ലോഡ് ലോറിയിൽ കൊണ്ടു പോയി.
ഒന്നര വർഷം മുൻപാണ് ആധുനിക രീതിയിൽ ശുചിമുറി നിർമിച്ചത്. ടാങ്ക് നിറഞ്ഞതിനാൽ 3 ദിവസമായി അടച്ചിട്ടതായിരുന്നു.
തുടർന്ന് മാലിന്യം നീക്കാൻ ഡിടിപിസി സ്വകാര്യ കരാറുകാരനെ ചുമതലപ്പെടുത്തി.
കരാറുകാരൻ ശുചിമുറി മാലിന്യം പരിസരത്ത് ഒഴുക്കി വിട്ടതാണെന്നു ഡിടിപിസി ഉദ്യോഗസ്ഥർ പറഞ്ഞു. മാലിന്യം തള്ളിയ സംഭവത്തിൽ കേസ് എടുത്ത് കുറ്റക്കാർക്കെതിരെ നടുപടിയെടുക്കണമെന്ന് കൗൺസിലർ കെ.സരിത വെള്ളയിൽ പൊലീസിൽ പരാതി നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

