പുൽപള്ളി ∙ ന്യൂനമർദത്തെ തുടർന്നുണ്ടായ മഴ ഭീഷണിയിൽ വലഞ്ഞ് കർഷകർ. നെല്ല് കൊയ്ത്തും കാപ്പിപറിക്കലുമാണ് പ്രയാസത്തിലായത്.
പാടത്ത് കൊയ്തിട്ട നെല്ല് മഴയിൽ കുതിരുമോയെന്ന ആശങ്കയിലാണ് നെൽ കർഷകർ.
യന്ത്രങ്ങളുപയോഗിച്ച് കൊയ്ത്തു നടത്തിയവർ നെല്ല് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയെങ്കിലും വൈക്കോൽ പാടത്ത് കിടക്കുന്നു. ഇന്നലെ പലവട്ടം ചെറിയതോതിൽ മഴയുണ്ടായി.
വെയിലൊട്ടും തെളിയാത്തതിനാൽ ഒട്ടും ഉണങ്ങാനായില്ല.വെള്ളം കെട്ടിനിന്ന പാടത്ത് കൊയ്ത്ത് വൈകി. യന്ത്രങ്ങൾ പാടത്ത് താഴ്ന്നുപോകുന്നതായിരുന്നു പ്രശ്നം.
ഇനി ശക്തമായ മഴ പെയ്താൽ കൊയ്യാനുള്ള നെല്ലും വെള്ളത്തിലാകുമോയെന്ന ആശങ്കയും കർഷകരെ വലയ്ക്കുന്നു.
കാപ്പിക്കർഷകരുടെ ഗതികേട്
കാപ്പി വിളവെടുപ്പു മുടങ്ങിയതിനു പുറമേ പറിച്ച കാപ്പി ഉണങ്ങാനാവുന്നില്ലെന്ന പ്രശ്നവും ആശങ്കയുണ്ടാക്കുന്നു. തണുപ്പേറുകയും വെയിൽ കുറയുകയും ചെയ്തതോടെ 10 ദിവസം കഴിഞ്ഞാലും കാപ്പി ഉണങ്ങുന്നില്ലെന്നു കർഷകർ പറയുന്നു.മഴ പെയ്തതിനാൽ വീടുകളുടെ ടെറസുകളിലും കളത്തിലും ഉണങ്ങാനിട്ട
കാപ്പിയെല്ലാം ചാക്കിൽകെട്ടി മാറ്റിവച്ചു.
ഈ കാപ്പിഉണങ്ങിയെടുക്കുന്നതും തോട്ടത്തിൽ അവശേഷിക്കുന്ന പറിച്ചെടുക്കലും പ്രയാസത്തിലായി.വിളവെടുപ്പു സമയത്തെ ഇത്തരം വെല്ലുവിളികൾ കർഷകരെ വല്ലാതെ ദുരിതത്തിലാക്കുന്നു. വിപണിയിലെത്തുന്ന കാപ്പിക്ക് ഉണക്കു കുറവെന്നാണ് കോഫി ബോർഡിന്റെ കണ്ടെത്തൽ..
ഇന്നലെ ബത്തേരി താലൂക്കിൽ പലയിടത്തും മഴ പെയ്തു. വരുംദിവസങ്ങളിൽ മഴ ശക്തമായാൽ വിളവെടുപ്പുകാലം കൂടുതൽ പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണു കർഷകർ.
വിളവെടുപ്പു സമയത്തു മഴയെത്തിയാൽ കാപ്പി പൂവിടുമെന്നതാണു പ്രശ്നമെന്നു കർഷകർ പറയുന്നു.
അടയ്ക്ക, കുരുമുളക് തുടങ്ങിയ വിളകൾ കൊഴിഞ്ഞുപോവുകയും ചെയ്യും. തൊഴിലാളി ക്ഷാമം മൂലം പലയിടത്തും കാപ്പി വിളവെടുപ്പ് പതിയെയാണു നടക്കുന്നത്.
ഇതിനിടയിലാണു മഴയെത്തിയത്. ഇതോടെ, ബാക്കിയായ വിളവ് കൊഴിഞ്ഞുപോവുമെന്ന ആശങ്കയാണ് ഉയരുന്നത്.
ഡിസംബർ ആദ്യവാരത്തോടെ ജില്ലയിൽ കാപ്പി വിളവെടുപ്പ് തുടങ്ങും. വിളവെടുപ്പിനിടെ പൂ വിരിഞ്ഞാൽ പിന്നീട് വിളവെടുപ്പിനുശേഷം അടുത്ത വർഷം ഉൽപാദനം കുറയും.
കാലാവസ്ഥാ വ്യതിയാനം മൂലം പലയിടത്തും കാപ്പി പഴുത്തുതുടങ്ങിയിട്ടുണ്ട്.
വിളവെടുപ്പ് ആരംഭിക്കാനും കഴിഞ്ഞിട്ടില്ല.മഴ ശക്തമായാൽ അവ പൊഴിഞ്ഞുവീണു നശിച്ചുപോകും. വെയിൽ ശക്തമല്ലാത്തതു കാപ്പിക്കുരു ഉണക്കിയെടുക്കുന്നതിനും തടസ്സം സൃഷ്ടിക്കുന്നു.
കൃത്യസമയത്തു കാപ്പിക്കുരു ഉണക്കിയെടുക്കാനായില്ലെങ്കിൽ ഗുണനിലവാരം കുറയും.
ഹെക്ടർ കണക്കിനു കാപ്പിത്തോട്ടമുള്ളവർ കുരു വലിയ ഗ്രൗണ്ടിൽ നിരത്തിയാണ് ഉണക്കിയെടുക്കുന്നത്. മഴ പെയ്താൽ കാപ്പിക്കുരു നനയുകയും കേടാവുകയും ചെയ്യും.
മൂടിക്കെട്ടിയ അന്തരീക്ഷമായതിനാൽ കൃത്യസമയത്ത് കാപ്പിക്കുരു ഉണക്കിയെടുക്കാനാകുന്നില്ല. ജില്ലയിൽ 67560 ഹെക്ടറിൽ 60,000 കർഷകരാണു കാപ്പിക്കൃഷി ചെയ്യുന്നത്.
ഉയർന്ന വില ലഭിക്കുമ്പോഴാണ് അപ്രതീക്ഷിത മഴയെത്തിയത്. അടയ്ക്ക സീസൺ ആരംഭിച്ചപ്പോഴാണു മഴ പെയ്തത്.
വന്യമൃഗശല്യവും തൊഴിലാളി ക്ഷാമവുമുണ്ടാക്കിയ പ്രതിസന്ധിക്കിടെ അപ്രതീക്ഷിത മഴയുമെത്തിയതോടെ ഇരട്ടിപ്രഹരമായി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വയനാട്ടിൽ നല്ല തണുപ്പായിരുന്നു.
ഇന്നലെ മുതൽ ജില്ലയിൽ മഴക്കാർ എത്തിയതോടെ തണുപ്പ് തെല്ലുകുറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

