പത്തനംതിട്ട ∙ നാടകീയരംഗങ്ങൾക്കും മണിക്കൂറുകൾ നീണ്ട
പ്രതിഷേധത്തിനുമാണ് പത്തനംതിട്ട ജനറൽ ആശുപത്രി പരിസരം സാക്ഷ്യം വഹിച്ചത്.
ടിയർ ഗ്യാസ് ഉൾപ്പെടെ കരുതിയാണ് പൊലീസ് നിലയുറപ്പിച്ചത്. പത്തനംതിട്ട
എആർ ക്യാംപിൽ നടത്തിയ ചോദ്യം ചെയ്യലിനുശേഷം രാഹുൽ മാങ്കൂട്ടത്തിലുമായി പൊലീസ് സംഘം പുറത്തേക്കെത്തിയത് രാവിലെ 11.26ന്. തുടർന്ന്, വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലേക്ക്. വാഹനവ്യൂഹം ആശുപത്രിയിലെ അത്യാഹിത വിഭാഗ കവാടത്തിനു മുന്നിലെത്തിയപ്പോൾ പൊടുന്നനെ, പൊലീസ് ജീപ്പിന്റെ ഇരുവശത്തേക്കും ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ മുദ്രാവാക്യം മുഴക്കി ഇരച്ചെത്തി. ഈ നീക്കം പൊലീസിനെ അമ്പരപ്പിച്ചു.
പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ വലിച്ചുമാറ്റി പൊലീസ് ജീപ്പിന് സുരക്ഷാവലയം തീർത്തു.
പ്രതിഷേധത്തിന്റെ ശക്തി കൂടിയതോടെ രാഹുലിനെ പുറത്തേക്കിറക്കാൻ കഴിയുമോ എന്ന ആശങ്ക ഉടലെടുത്തു. പ്രതിഷേധക്കാരെ തള്ളിമാറ്റിയാണ് ഒടുവിൽ രാഹുലിനെ ആശുപത്രിക്കുള്ളിലേക്ക് കയറ്റിയത്.
കൂവലുകളുയർന്നപ്പോഴും നിറചിരിയായിരുന്നു രാഹുലിന്റെ മുഖത്ത്. 12 കഴിഞ്ഞപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ രണ്ടു പൊതിച്ചോറുമായി ഇവിടേക്കെത്തി.
ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തെ രാഹുൽ മുൻപ് ആക്ഷേപിച്ചതിലുള്ള പ്രതിഷേധമാണിതെന്ന് ഇവർ പറഞ്ഞു. ഈ സമയം, ബിആൻഡ്സി ബ്ലോക്കിന്റെ വാതിലിലൂടെ രാഹുൽ പുറത്തിറക്കുമെന്ന അഭ്യൂഹമുണ്ടായത് പ്രതിഷേധക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇതോടെ, ഇരുവാതിലിന് മുൻപിലേക്കും പ്രവർത്തകർ ചിതറി.
പ്രധാന വാതിലിന് മുന്നിലേക്കായി ജീപ്പ് കയറ്റിനിർത്തിയപ്പോൾ ഇവർ വീണ്ടും സംഘടിച്ചതോടെ സംഘർഷാന്തരീക്ഷം രൂപപ്പെട്ടു.
ഷീൽഡ് ഉപയോഗിച്ച് ഇവരെ തള്ളിമാറ്റാനുള്ള പൊലീസിന്റെ ശ്രമവും ബലപ്രയോഗത്തിനിടയാക്കി. പിന്നീട് അരമണിക്കൂറോളം ശാന്തത. പൊലീസും പ്രതിഷേധക്കാരും അത്യാഹിതവിഭാഗത്തിനു മുൻപിൽ കൂട്ടംകൂടിയത് രോഗികൾക്ക് ബുദ്ധിമുട്ടായി.
ഒരു മണിയായപ്പോഴേക്കും അത്യാഹിത വിഭാഗത്തിന്റെ പ്രധാനവാതിൽ തുറന്നു. രാഹുലിനെ പൊലീസ് മിന്നൽ വേഗത്തിൽ ജീപ്പിനുള്ളിലേക്ക് കയറ്റി. പ്രതിഷേധക്കാർ ജീപ്പ് വളയാൻ ഓടിയെത്തിയെങ്കിലും വേഗം കൂട്ടി വാഹനം ആശുപത്രിക്കു പുറത്തേക്ക് പാഞ്ഞു.
വെട്ടിപ്രത്ത് മജിസ്ട്രേറ്റിന്റെ വസതിക്കു മുന്നിൽ രാഹുലിനെ ഹാജരാക്കാനെത്തിച്ചപ്പോഴും ബിജെപി, യുവമോർച്ച പ്രവർത്തകർ പ്രതിഷേധമുയർത്തി. ഉന്തിലും തള്ളിലും പൊലീസുകാർക്കും പ്രവർത്തകർക്കും പരുക്കേറ്റു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

