ശബരിമല ∙ ജ്യോതിസ്വരൂപന്റെ അനുഗ്രഹത്തിനായുള്ള പ്രാർഥനയാണ് പാണ്ടിത്താവളത്തിൽ എവിടെയും മുഴങ്ങുന്നത്. മകരവിളക്കിന്റെ പുണ്യം നുകരാൻ നേരത്തെ എത്തിയവരിൽ ഏറെയും മലബാർ മേഖലയിൽ നിന്നുള്ള തീർഥാടകർ.
എവിടേക്കു നോക്കിയാലും കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, തൃശൂർ ജില്ലകളിൽ നിന്നുള്ളവരാണ്. തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പർണശാല കെട്ടിയിട്ടുണ്ടെങ്കിലും മലബാർ മേഖലയിൽ നിന്നുള്ളവരാണ് കൂടുതൽ. കോഴിക്കോട് കരിപ്പൂർ വേലായുധൻ ഗുരുസ്വാമിക്ക് മകരജ്യോതി ദർശനം പ്രത്യേക അനുഭൂതിയാണ്.
തന്റെ ജീവിതത്തിലെ ഒരു വർഷത്തേക്കുള്ള ഊർജം ഇതിലൂടെ ലഭിക്കുമെന്നാണു വിശ്വാസം. അതിനാലാണ് മുടങ്ങാതെ 28ാം തവണയും ജ്യോതി ദർശനത്തിനായി എത്തിയത്.
സ്ഥലം നഷ്ടപ്പെടാതിരിക്കാൻ 3 ദിവസം മുൻപേ എത്തി സ്ഥാനം പിടിച്ചു.
തിരുവാഭരണ വിഭൂഷിതനായി അയ്യപ്പ സ്വാമിക്ക് ദീപാരാധന നടക്കുന്ന വേളയിൽ തെളിയുന്ന മകരജ്യോതിയുടെ ചൈതന്യം ഏറ്റുവാങ്ങാൻ സന്നിധാനത്ത് എത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മലപ്പുറം കുറ്റിപ്പുറം തവനൂർ സുധീഷും സംഘവും. അവർക്ക് ഇത് 19ാമത് മകരജ്യോതി ദർശനമാണ്.
എത്ര കഷ്ടപ്പാടുകൾ ഉണ്ടെങ്കിലും അടുത്ത വർഷവും എത്തണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞു.ഷൊർണൂർ ദേശമംഗലത്തു നിന്ന് 8 അംഗ സംഘത്തോടൊപ്പമാണ് ശിവകുമാർ ഗുരുസ്വാമി എത്തിയത്. പുല്ലുമേട് വഴി മലയിറങ്ങി സന്നിധാനത്ത് എത്തി.
പതിനെട്ടാംപടി കയറി ദർശനവും അഭിഷേകവും കഴിഞ്ഞു. ജ്യോതി കണ്ടാൽ അപ്പോൾ തന്നെ മലയിറങ്ങാനുള്ള തയാറെടുപ്പിൽ പാണ്ടിത്താവളത്തിലാണു പർണശാല കെട്ടിയിട്ടുള്ളത്.
46 വർഷമായി ജ്യോതി കാണാൻ എത്തുന്നു. സ്വന്തമായി ആഹാരം പാകം ചെയ്താണ് കഴിച്ചുവന്നത്. ഇപ്പോൾ അടുപ്പു കൂട്ടി പാകം ചെയ്യാൻ പറ്റില്ലെന്നാണു പറയുന്നത്.
ദേവസ്വം ബോർഡ് ഉപ്പുമാവ് ഉണ്ടാക്കി പാണ്ടിത്താവളത്തിൽ വിതരണം നടത്തുന്നുണ്ടെങ്കിലും വലിയ തിരക്കു കാരണം ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടേണ്ടി വരുന്നതായാണ് പരാതി.
മകരജ്യോതി കണ്ടുതൊഴണമെന്ന ദീർഘനാളത്തെ ആഗ്രഹസാഫല്യവുമായാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശി സന്തോഷ് ഗുരുസ്വാമിക്ക് ഒപ്പം എത്തിയ ശോഭ മാളികപ്പുറം എത്തിയത്. 3 ദിവസമായി കാത്തിരിക്കുകയാണ്.
ഇനിയും ജ്യോതി കണ്ടേ മടങ്ങു. കോഴിക്കോട് താമരശേരി സ്വദേശി സത്യൻ ഗുരുസ്വാമി 31 അംഗ സംഘവുമായാണ് ജ്യോതി കാണാൻ എത്തിയത്.
അതും 36 വർഷമായി മുടങ്ങാതെ ജ്യോതിക്ക് എത്തുന്നതാണ്. എല്ലാവർഷവും പൊലീസ് ബാരക്കിനു സമീപമാണ് ഇതിനായി ക്യാംപ് ചെയ്യുന്നത്. ഇത്തവണ സ്ഥലം നിരപ്പാക്കി പർണശാല കെട്ടാൻ നോക്കിയപ്പോൾ വനത്തിൽ കാട്ടുപന്നി ചത്തുകിടക്കുന്നു.
വിവരം വനം വകുപ്പിനെ അറിയിച്ചു. അതോടെ തങ്ങളെ അവിടെ നിന്നു മാറ്റിയതായാണ് അദ്ദേഹത്തിന്റെ പരാതി.
എരുമേലിയിൽ പേട്ടതുള്ളി കരിമല വഴി നടന്നാണ് എത്തിയത്.
മറയൂർ കാന്തല്ലൂർ ജ്ഞാനമണി ഗുരുസ്വാമിക്കും സംഘത്തിനും ഇത് 28–ാമത് മകരജ്യോതി ദർശനമാണ്. 9 അംഗ സംഘവുമായാണ് ജ്ഞാനമണി ഇത്തവണയും എത്തിയത്. പാണ്ടിത്താവളത്തിലാണ് പർണശാല കെട്ടി കാത്തിരിക്കുന്നത്.
പാലക്കാട് അട്ടപ്പാടി രാജൻ ഗുരുസ്വാമി 95 അംഗ സംഘവുമായാണ് ഇത്തവണ മകരവിളക്കു കാണാൻ എത്തിയത്. കരിമല വഴി കാൽനടയായാണ് ഭൂരിപക്ഷം പേരും വരുന്നത്.
അതിൽ ഒരു സംഘം സ്ഥലം നഷ്ടപ്പെടാതിരിക്കാൻ 2 ദിവസം മുൻപേ സന്നിധാനത്ത് എത്തി പർണശാല കെട്ടി കാത്തിരിക്കുകയാണ്. ബാക്കിയുള്ളവർ ഇന്നേ എത്തു.
മുടങ്ങാതെ 13–ാം വർഷവും മകരജ്യോതി ദർശിക്കാനുള്ള മോഹവുമായാണ് ആന്ധ്രയിലെ അമരാവതിയിൽ നിന്ന് 15 അംഗ സംഘത്തോടൊപ്പമാണ് വെങ്കിടേശ്വര ഗുരുസ്വാമി എത്തിയത്. പാണ്ടിത്താവളത്തിൽ എല്ലാവർഷവും ജ്യോതി കാണാൻ ഇരിക്കുന്ന സ്ഥലം നഷ്ടപ്പെടാതിരിക്കാൻ 5 ദിവസം മുൻപേ എത്തി.
പർണശാലയും കെട്ടി കാത്തിരിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

