സീതത്തോട് ∙ കക്കാട് ജലവൈദ്യുത പദ്ധതിയുടെ രണ്ടാം നമ്പർ ജനറേറ്ററിന്റെ ചോർച്ചയെ തുടർന്ന് വൈദ്യുതോൽപാദനം താൽക്കാലികമായി നിർത്തി. മൂഴിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും തുറന്നു.
ഇന്ന് തകരാർ പരിഹരിച്ച് പ്രവർത്തനം പുനഃരാരംഭിക്കാനുകുമെന്ന പ്രതീക്ഷയിലാണ് വൈദ്യുതി ബോർഡ് അധികൃതർ. വെള്ളിയാഴ്ച കൂളറിലെ ചോർച്ച ശ്രദ്ധയിൽപെട്ടതോടെ ഇടയ്ക്കിടെ ജനറേറ്ററിന്റെ പ്രവർത്തനം നിലച്ചു.
ഇതോടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന നിലയിൽ എത്തി. ഇന്നലെ രാവിലെ മുതൽ ഒന്നും മൂന്നും ഷട്ടറുകൾ 20 സെന്റി മീറ്റർ വീതവും രണ്ടാം നമ്പർ ഷട്ടർ 30 സെന്റി മീറ്ററുമായി ഉയർത്തി വെള്ളം തുറന്ന് വിടുകയായിരുന്നു.
50 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള പദ്ധതിയിൽ 25 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളാണ് ഉള്ളത്.
ഇതിൽ ഒന്നാം നമ്പർ ജനറേറ്റർ വാർഷിക അറ്റകുറ്റപ്പണികൾക്കായി ഏതാനും ദിവസമായി പ്രവർത്തനരഹിതമാണ്. ഇതോടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് എല്ലാ ഷട്ടറുകളും ഉയർത്തുകയായിരുന്നു.
നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണം
മൂഴിയാർ ഡാമിലെ ജലനിരപ്പ് 10ന് റെഡ് അലർട്ട് ലവലായ 190 മീറ്ററിൽ എത്തിയതായും പരമാവധി ജലനിരപ്പായ 192.63 മീറ്ററിൽ എത്തിയാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി ജലം കക്കാട്ടിലേക്ക് ഒഴുക്കി വിടുമെന്നും ജില്ലാ കലക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു.
ഇതോടെ ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയർന്നേക്കാം. മൂഴിയാർ ഡാം മുതൽ കക്കാട് പവർഹൗസ് വരെയുള്ള ഇരുകരകളിൽ താമസിക്കുന്നവരും ശബരിമല ദർശനത്തിന് എത്തുന്നവരും പൊതുജനങ്ങളും ജാഗ്രതാ പാലിക്കണം.
നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി.
ശബരിഗിരി പദ്ധതിയിൽനിന്നു പുറംതള്ളുന്ന വെള്ളം മൂഴിയാറിൽ തടഞ്ഞുനിർത്തി പവർ ടണലിലൂടെ സീതത്തോട്ടിൽ എത്തിച്ചാണ് പദ്ധതിയിലെ വൈദ്യുതോൽപാദനം. ശബരിഗിരി പദ്ധതിയിലെ 6 ജനറേറ്ററുകളിൽ 4 ജനറേറ്ററുകളും പ്രവർത്തന സജ്ജമാണ്.
ഇവ പ്രവർത്തിക്കുമ്പോൾ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരും. മൂഴിയാർ അണക്കെട്ട് വഴി വെള്ളം തുറന്നുവിടുന്നത് ഒഴിവാക്കാൻ ശബരിഗിരി പദ്ധതിയിലെ വൈദ്യുതോൽപാദം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.
കക്കാട് പദ്ധതിയിൽ നിന്നു തുറന്നുവിടുന്ന വെള്ളമാണ് മണിയാർ ജലസേചന പദ്ധതിക്കു ഉപയോഗിക്കുന്നത്.
കക്കാട്ടാറ്റിൽ ജല നിരപ്പ് താഴ്ന്നതോടെ മണിയാർ ജലസേചന പദ്ധതിയിൽ നിന്നുള്ള വിതരണം പ്രതിസന്ധിയിലായി ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മൂഴിയാർ അണക്കെട്ട് തുറക്കാൻ തീരുമാനിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

