മുളങ്കുന്നത്തുകാവ്∙ ഗുരുതര രോഗം മൂലം ജീവിതം വഴിമുട്ടിയ നിരാലംബ കുടുംബത്തിന് പ്രത്യാശയുടെ കൈ കൊടുത്ത് ഒരു നാട് ചേർത്ത് പിടിക്കുന്നു. വർഷങ്ങളായി രോഗ ബാധിതരായി കിടപ്പിലായ മുണ്ടത്തിക്കോട് പാമ്പുങ്ങൽ രങ്കൻ– സന്ധ്യ ദമ്പതികൾക്കാണ് നാട്ടുകാരുടെ സ്നേഹ സ്പർശം പ്രതീക്ഷയുടെ രക്ഷാ കവചമൊരുക്കുന്നത്.
10 വർഷത്തിൽ അധികമായി വാടക വീട്ടിൽ കഴിയുന്ന രങ്കൻ ഗുരുതരമായ വൃക്ക രോഗം മൂലവും ഭാര്യ സന്ധ്യ കാൻസർ രോഗം മൂലവും വലിയ ദുരിതം നേരിടുകയാണ്. വിദ്യാർഥികളായ രണ്ട് കുട്ടികൾ അടങ്ങുന്നതാണ് ഇവരുടെ കുടുംബം. പുതിയ വീട്വച്ചു നൽകിയും തുടർ ചികിത്സയ്ക്കു സൗകര്യം ഒരുക്കിയുമാണ് നാട്ടുകാർ കുടുംബത്തിന്റെ രക്ഷകരാകുന്നത്.
രങ്കനും സന്ധ്യയും കൂലിപ്പണി ചെയ്താണ് കഴിഞ്ഞു വന്നത്.
രോഗം മൂർഛിച്ചതോടെ രങ്കനു പണിക്കു പോകാൻ കഴിയാതായി. ആഴ്ചയിൽ 3 വീതം ഡയാലിസിസ് ആവശ്യമായി വന്ന സമയത്താണ് സന്ധ്യ കാൻസർ ബാധിതയായി കിടപ്പിലാകുന്നത്.
തുടക്കത്തിൽ സ്വന്തമായി ഉണ്ടായിരുന്ന വീടും പറമ്പും വിറ്റാണ് ചികിത്സയ്ക്കു പണം കണ്ടെത്തിയിരുന്നത്. രണ്ട് പേരും സ്ഥിരമായി കിടപ്പിലായതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. മരുന്നിന് പണം കണ്ടെത്താൻ കഴിയാതായി.
കുട്ടികൾക്ക് പഠിപ്പു നിർത്തേണ്ടി വന്നു. ഭക്ഷണത്തിനു പോലും കുടുംബം ബുദ്ധിമുട്ടിലായി.
ഈ സാഹചര്യത്തിലാണ് നാട്ടുകാർ ഒന്നാകെ കുടുംബത്തെ സഹായിക്കാൻ രംഗത്തെത്തുന്നത്. ജനകീയ സമിതി രൂപീകരിച്ച് പണം സ്വരൂപിച്ചാണ് കുടുംബത്തിന് സ്വന്തമായി വീട് നിർമിച്ചു നൽകാൻ നാട്ടുകാർ തീരുമാനിച്ചത്.
കുറഞ്ഞ സമയത്തിനുള്ളിൽ ഉദാരമതികളിൽ നിന്ന് 15 ലക്ഷം രൂപ ഇതിനായി സമാഹരിക്കാൻ സമിതിക്ക് കഴിഞ്ഞു. വർഷങ്ങളായി തർക്കത്തിൽ കിടന്ന സ്ഥലം കുടുംബാംഗങ്ങളുമായി സംസാരിച്ച് 5 സെന്റ് വീട് നിർമിക്കാനായി കണ്ടെത്തി.
ഈ സ്ഥലത്ത് 650 ചതുരശ്ര അടി വിസ്തീർണത്തിൽ വീട് നിർമിച്ചു. കുടിവെള്ളവും അനുബന്ധ സൗകര്യവും ഒരുക്കി.
കുടുംബത്തെ അതിദരിദ്ര പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ ആനുകൂല്യങ്ങൾ ഉറപ്പാക്കി. ദമ്പതികളുടെ തുടർ ചികിത്സയുടെ ചുമതലയും സമിതിയാണ് നിർവഹിച്ചു വരുന്നത്.
നിർമാണം പൂർത്തിയായ വീടിന്റെ താക്കോൽ നാളെ കുടുംബത്തിന് കൈമാറുമെന്ന് സമിതി ചെയർമാൻ കെ.അജിത് കുമാർ കൺവീനർ അനിൽ കൂനൂർ, കോ ഓർഡിനേറ്റർ ടി.എസ് പത്മനാഭൻ എന്നിവർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

