പനമരം∙ കർഷകന്റെ അന്നത്തിനുള്ള വക തിന്നു തീർത്തതിന് പുറമേ പിണ്ടമിട്ടും മൂത്രമൊഴിച്ചു നശിപ്പിച്ചും കാട്ടാനയുടെ വിളയാട്ടം. നീർവാരം കല്ലുവയലിൽ വീട്ടുമുറ്റത്ത് ഉണക്കാനിട്ട
നെല്ലാണ് തിന്നത്. പുറമേ പിണ്ടമിട്ടും മൂത്രമൊഴിച്ചു നെല്ല് നശിപ്പിച്ചു.
കല്ലുവയൽ വരമ്പിനകത്ത് റെജിയുടെ വീട്ടുമുറ്റത്ത് ഉണക്കാനായി നിരത്തിയിട്ട ക്വിന്റൽ കണക്കിന് നെല്ലാണ് പാതിരി സൗത്ത് സെക്ഷൻ വനത്തിൽ നിന്നിറങ്ങിയ കാട്ടാന നശിപ്പിച്ചത്.
കഴിഞ്ഞ രാത്രി വീടിന്റെ ഒരു വശത്തെ ചുറ്റുമതിലിന് മുകളിലൂടെ ചാടിക്കടന്നെത്തിയ കാട്ടാനയാണു വീടിന്റെ മുൻവശത്തെ മുറ്റത്ത് ഉണക്കാനിട്ട
നെല്ല് തിന്നുതീർത്തത്. കാട്ടാന തിന്നതും വാരിയെറിഞ്ഞു നശിപ്പിച്ചതും അടക്കം 15 ക്വിന്റലോളം നെല്ല് നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു.
രാത്രി രണ്ടുമണിക്ക് ശേഷമാണ് കാട്ടാന വീട്ടുമുറ്റത്ത് എത്തി നെല്ല് നശിപ്പിച്ചത്. പകൽ ഉണക്കാനിട്ടിരുന്ന നെല്ല് അതേ പോലെ രാത്രിയും മുറ്റത്തു കിടക്കുകയായിരുന്നു.
കൂടാതെ വീടിനു സമീപത്തെ തെങ്ങ്, കപ്പ അടക്കമുള്ള മറ്റു കൃഷിവിളകളും കാട്ടാന വ്യാപകമായി നശിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകരെ പഞ്ചായത്തംഗം സാബു നീർവാരത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരും വീട്ടുകാരും ചേർന്ന് ഒരു മണിക്കൂറോളം തടഞ്ഞു വച്ചത് പ്രദേശത്ത് ചെറിയ തോതിൽ സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി. കാട്ടാന നശിപ്പിച്ച നെല്ലിന്റെ മുഴുവൻ തുകയും നൽകണമെന്ന് ആവശ്യപ്പെട്ടാണ് വനപാലകരെ തടഞ്ഞു വച്ചത്.
തുടർന്ന് ഡപ്യൂട്ടി റേഞ്ച് ഓഫിസർ എ.നികേഷ് എത്തി നാട്ടുകാരും വീട്ടുകാരും ജനപ്രതിനിധികളുമായി സംസാരിച്ചതിനെ തുടർന്ന് ഒരു മാസത്തിനുള്ളിൽ കൃഷി വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നെല്ല് നഷ്ടപ്പെട്ടതിനുള്ള നഷ്ടപരിഹാരം നൽകുമെന്നും പ്രദേശത്ത് കൂടുതൽ വാച്ചർമാരെയും ഫോറസ്റ്റ് ഓഫിസർമാരെയും രാത്രി കാവലിനും മറ്റുമായി നിയമിച്ച് നിരീക്ഷണം ശക്തമാക്കുമെന്നും രേഖാമൂലം ഉറപ്പു നൽകിയ ശേഷമാണ് പോകാൻ അനുവദിച്ചത്.
എങ്ങുമെത്താതെ ക്രാഷ് ഗാർഡ് വേലി
നീർവാരം∙ കോടികൾ വകയിരുത്തി വർഷങ്ങൾക്ക് മുൻപ് നിർമാണ പ്രവൃത്തി ആരംഭിച്ച ക്രാഷ് ഗാർഡ് വേലിയുടെ പണി പൂർത്തീകരിക്കാത്തതും, വേലി നിർമാണത്തിന് വേണ്ടി നിലവിലുള്ള കിടങ്ങുകളും വൈദ്യുത വേലിയും തകർത്തിട്ടതുമാണ് പ്രദേശത്ത് കാട്ടാനശല്യം അതിരൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
2023 ൽ ആണ് മന്ത്രി ഒ.ആർ.കേളുവിന്റെ മണ്ഡലത്തിൽ 8 കോടിയോളം രൂപ നിർമാണ ചെലവ് കണക്കാക്കി ക്രാഷ് ഗാർഡ് വേലിയുടെ പണി ആരംഭിച്ചത്.
എന്നാൽ ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്ന് മാത്രമല്ല തകർത്ത കിടങ്ങോ വേലിയോ പൂർവസ്ഥിതിയിലാക്കിയിട്ടുമില്ല. ഇത് കാട്ടാന നിരന്തരം ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ കാരണമാകുന്നു.
മാങ്കുളത്തു പൈലറ്റ് ആയി നടപ്പിലാക്കി പരാജയപ്പെട്ട
അശാസ്ത്രീയമായ പദ്ധതിയാണ് ക്രാഷ് ഗാർഡ് വേലി എന്നാണ് നാട്ടുകാരുടെ ആരോപണം. കരാറുകാരന് മൂന്ന് തവണ കാലാവധി നീട്ടി ഈ കഴിഞ്ഞ ഡിസംബർ 31 വരെ പണി തീർക്കാൻ സമയം നൽകിയിരുന്നു.
എന്നാൽ പകുതി പണി പോലും പൂർത്തീകരിച്ചിട്ടില്ല .
കഴിഞ്ഞ രണ്ടു വർഷമായി ഈ വിഷയം ചൂണ്ടിക്കാണിച്ച് കലക്ടർക്കും വനംവകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും ഉയർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്കും രേഖാമൂലം പരാതികൾ നൽകിയിട്ടും വനംവകുപ്പും സർക്കാരും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.
പണി തീർക്കേണ്ട കാലാവധി കഴിഞ്ഞിട്ടും പണി തീർക്കാത്ത കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തി മറ്റു കരാറുകാരെ ഏൽപിച്ച് എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കി കാട്ടാനശല്യം തടയാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

