ശബരിമല/ തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിലായതോടെ ശബരിമല തന്ത്രിമാരെ നിശ്ചയിക്കുന്നതും അവർ വഹിച്ചുവരുന്ന ചുമതലകളും ചർച്ചയാകുകയാണ്. ശബരിമലയിലെ താന്ത്രിക അവകാശം സംബന്ധിച്ചും അവരുടെ ചുമതലകളും എന്താണെന്ന് പരിശോധിക്കാം.
താഴമൺ മഠത്തിനു പാരമ്പര്യമായി ലഭിച്ചതാണ് ശബരിമലയിലെ താന്ത്രിക അവകാശം.
കുടുംബത്തിലെ പുരുഷന്മാർക്കാണ് താന്ത്രികാവകാശം. ഇവർ ‘കണ്ഠര്’ എന്ന സ്ഥാനപ്പേര് വഹിക്കുന്നു.
താഴമൺ മഠത്തിലെ 2 കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഓരോ വർഷം വീതം മാറിമാറി തന്ത്രിയുടെ പദവി വഹിക്കുന്നത്. വലിയ തന്ത്രി ആയിരുന്ന അന്തരിച്ച കണ്ഠര് മഹേശ്വരരുടെ മകനാണ് കണ്ഠര് മോഹനര്.
അദ്ദേഹത്തിന്റെ മകൻ കണ്ഠര് മഹേഷ് മോഹനരും തന്ത്രിപദവിയിലെത്തി. മഹേശ്വരരുടെ സഹോദരനായ കണ്ഠര് കൃഷ്ണരുടെ മകനാണ് കണ്ഠര് രാജീവര്.
അദ്ദേഹത്തിന്റെ മകനായ കണ്ഠര് ബ്രഹ്മദത്തനും തന്ത്രിയുടെ ചുമതല വഹിച്ചു. ഈ വർഷം ചുമതല കണ്ഠര് മഹേഷ് മോഹനർക്കാണ്.
മുഖ്യചുമതലകൾ
∙ താന്ത്രിക അധികാരങ്ങൾ: ക്ഷേത്രത്തിലെ പരമോന്നത ആചാര അധികാരി.
∙ പൂജാ നിർവഹണത്തിൽ പ്രധാന പങ്ക്: പടിപൂജ, ഉദയാസ്തമന പൂജ, കലശപൂജ, മറ്റു മഹാപൂജകൾ തുടങ്ങിയവ നടക്കുമ്പോഴെല്ലാം തന്ത്രി ഉണ്ടാകണം, നട തുറക്കുമ്പോഴും അടയ്ക്കുമ്പോഴും സന്നിഹിതനായിരിക്കണം.
പൂജാ ക്രമങ്ങളിൽ മാറ്റം വരുത്താനാകുമോ എന്നതിൽ തീരുമാനമെടുക്കാം. ∙ മൂലവിഗ്രഹ സംബന്ധമായ എല്ലാക്കാര്യങ്ങളിലും അന്തിമ അധികാരം തന്ത്രിയുടെ വാക്കാണ്.
∙ ദോഷപരിഹാര ക്രിയകൾ, ശാന്തി, പുനഃപ്രതിഷ്ഠ, ക്ഷേത്ര, ശ്രീകോവിൽ അറ്റകുറ്റപ്പണികൾ തുടങ്ങിയവ തന്ത്രിയാണ് നിർദേശിക്കുന്നത്. ∙ ആചാര ലംഘനം സംഭവിച്ചാൽ പരിഹാരമാർഗം നിർദേശിക്കൽ.
കണ്ഠര് രാജീവര് മുൻപ് നടത്തിയ പ്രതികരണങ്ങൾ-
2025 ഒക്ടോബർ 10 (ശബരിമലയിലെ സ്വർണം നഷ്ടമായെന്ന വാർത്ത പുറത്തുവന്നതിനു ശേഷം)
ശബരിമലയിൽ ഇത്രയധികം സ്വർണം നഷ്ടപ്പെട്ടുവെന്ന വാർത്ത ഞെട്ടലോടെയാണു ശ്രവിച്ചത്.
വിശ്വാസികളെ സംബന്ധിച്ചു വളരെയധികം വേദനാജനകമായ കാര്യമാണത്. കോടതി ഉത്തരവിനെ ബഹുമാനിക്കുന്നു.
ഭംഗിയായി അന്വേഷണം നടക്കും എന്നു തന്നെയാണു കരുതുന്നത്.
നവംബർ 26 ന് (എസ്ഐടിക്കു മൊഴി നൽകിയ ശേഷം)
എസ്ഐടിയെ കണ്ടു. കൂടുതൽ വിശദാംശങ്ങൾ നൽകാനാകില്ല.
നിയന്ത്രണങ്ങളുണ്ട്. താന്ത്രിക വിധിപ്രകാരമുള്ള കാര്യങ്ങൾ മാത്രമേ ശബരിമലയിൽ നടന്നിട്ടുള്ളൂ.
അനുജ്ഞ കൊടുക്കുക എന്ന ഉത്തരവാദിത്തം മാത്രമേ തന്ത്രിക്കുള്ളൂ. സ്ഥാവര ജംഗമ വസ്തുക്കളൊക്കെ ദേവസ്വം ബോർഡിന്റെ കസ്റ്റഡിയിലാണ്.
അതുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിൽ ജോലി ചെയ്ത ആളെന്ന നിലയിൽ അറിയാം.
ഞാനല്ല അദ്ദേഹത്തെ അവിടെ കൊണ്ടുവന്നത്. അക്കാര്യങ്ങളെല്ലാം എസ്ഐടിയെ അറിയിച്ചിട്ടുണ്ട്.
(ദൈവതുല്യരായ ആളുകൾ സംഭവത്തിനു പിന്നിലുണ്ടെന്ന പത്മകുമാറിന്റെ പരാമർശത്തെക്കുറിച്ച്) അതെങ്ങനെ ഞാനറിയാനാ, ദൈവതുല്യരായ എത്രയോ പേരുണ്ട്.
സർക്കാരിനെ പ്രകോപിപ്പിച്ച് തന്ത്രിയുടെ ശുദ്ധികലശം
പത്തനംതിട്ട ∙ ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ആചാരലംഘനം നടന്നതായി സ്ഥിരീകരിച്ചതോടെ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ ശുദ്ധികലശം നടത്തിയത് സർക്കാരിനെ പ്രകോപിപ്പിച്ചിരുന്നു.
മുഖ്യമന്ത്രി കണ്ഠര് രാജീവരെ രൂക്ഷമായി വിമർശിച്ചു. 2019 ജനുവരിയിലായിരുന്നു ഇത്.
സുപ്രീം കോടതി വിധി അംഗീകരിക്കില്ലെങ്കിൽ തന്ത്രി സ്ഥാനമൊഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രം പൊതുഇടമാണെന്നും തന്ത്രി ദേവസ്വം ബോർഡിന്റെ ജീവനക്കാരനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ടയിൽ സിപിഎം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുണ്ടിന്റെ കോന്തലയിൽ കെട്ടിയിടുന്ന താക്കോൽ വലിയ അധികാര സ്ഥാനമാണെന്ന് തന്ത്രിമാർ ധരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
തന്ത്രിയെ പുറത്താക്കാനുള്ള നീക്കങ്ങൾ സർക്കാർ തലത്തിൽ നടത്തിയെങ്കിലും വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചു. അന്ന് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാർ തന്ത്രിയെ വിമർശിച്ചിരുന്നില്ല.
യുവതീ പ്രവേശത്തോട് അനുകൂല നിലപാട് അല്ലാത്തതായിരുന്നു കാരണം. ബോർഡ് അംഗമായിരുന്ന കെ.പി.ശങ്കരദാസ്, ദേവസ്വം കമ്മിഷണറായിരുന്ന എൻ.വാസു എന്നിവരാണ് സർക്കാർ നിലപാടിനൊപ്പം തന്ത്രിക്കെതിരെ നിലകൊണ്ടത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

