ആലപ്പുഴ ∙ നാടിന്റെ സ്വാതന്ത്ര്യസമരത്തിനും വളർച്ചയ്ക്കും കരുത്ത് പകരാൻ അറിവിന്റെ വാതിലുകൾ തുറന്നിട്ട പൂങ്കാവ് ജ്ഞാനദീപഗൃഹം വായനശാല–ഗ്രന്ഥശാലയ്ക്കു ഇനി സ്വന്തം കെട്ടിട
സമുച്ചയം.നാട്ടിൽ ഗ്രന്ഥശാലാ പ്രസ്ഥാനം തുടങ്ങുന്നതിന് വർഷങ്ങൾക്കു മുൻപേ 1938ൽ പൂങ്കാവ് തീരഭൂമിയിൽ വായനയുടെ ലോകം ജ്ഞാനദീപഗൃഹത്തിലൂടെ വിശാലമായി.കർഷകർക്കും കയർ തൊഴിലാളികൾക്കും വായിക്കാൻ മാത്രമായിരുന്നില്ല അക്ഷരങ്ങൾ എഴുതി പഠിക്കാനുമുള്ള ഇടവുമായിരുന്നു ജ്ഞാനദീപഗൃഹം. തൊഴിലാളി നേതാക്കൾ കൂടിയായ മുൻ എംപി എസ്.കുമാരൻ, കെ.കെ ജോസഫ്, മുൻ എംഎൽഎ എസ്.ദാമോദരൻ, കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.വി.പത്രോസ് (കുന്തക്കാരൻ പത്രോസ്) തുടങ്ങിയവർ സ്ഥാപകരിൽ പ്രമുഖർ ആയിരുന്നു.
ഇവർ പുന്നപ്ര– വയലാർ സമരത്തിനു പോകുകയും ജയിലഴിക്കുള്ളിൽ ആകുകയും ചെയ്തതോടെ ജ്ഞാനദീപഗ്യഹത്തിന്റെ പ്രവർത്തനം മന്ദഗതിയിലായി.സ്വാതന്ത്ര്യാനന്തരം ഗ്രന്ഥശാല വീണ്ടും ജനങ്ങളുടെ അറിവിന്റെ വീടായി വളർന്നു. ഇന്നിപ്പോൾ സ്വന്തമായുള്ള 25 സെന്റ് സ്ഥലത്ത് 10000 ചതുരശ്രയടി വിസ്തൃതിയിൽ കെട്ടിടം ഉയർന്നു.
പി.പി.ചിത്തരഞ്ജൻ എംഎൽഎ ഫണ്ടിൽ നിന്നു 35 ലക്ഷം രൂപ നൽകി. ജ്ഞാനദീപഗൃഹത്തിന്റെ 55 ലക്ഷം രൂപയും ഉൾപ്പെടെ 90 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്.
600 അംഗങ്ങളും പതിനാലായിരത്തിലേറെ പുസ്തകങ്ങളും ജ്ഞാനദീപഗൃഹത്തിനു സ്വന്തം.
കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും 88–ാമത് വാർഷികാഘോഷവും 11 മുതൽ 18 വരെ വിവിധ പരിപാടികളോടെ നടത്തും.കെട്ടിട
ഉദ്ഘാടനം 11ന് വൈകിട്ട് 5ന് മന്ത്രി പി.പ്രസാദും സാംസ്കാരിക സമ്മേളനം ഉദ്ഘാടനം 18ന് വൈകിട്ട് 5ന് മന്ത്രി സജി ചെറിയാനും നിർവഹിക്കും. ദിവസവും വിവിധ കലാപരിപാടികളും മത്സരങ്ങളും ഉണ്ടാകുമെന്നു പ്രസിഡന്റ് എ.വി.ജോയി, സെക്രട്ടറി വി.ജെ.സജി, ജനറൽ കൺവീനർ പി.എൽ.റാഫേൽ എന്നിവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

