ചൈന, സൗദി അറേബ്യ, ഹോങ്കോങ്, ബ്രസീൽ എന്നിവയ്ക്ക് പിന്നാലെ യുഎസ് സർക്കാരിന്റെ ട്രഷറിയിൽ നിന്ന് നിക്ഷേപം വൻതോതിൽ പിൻവലിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. കഴിഞ്ഞ 4 വർഷത്തിനിടെ ഇതാദ്യമായി യുഎസ് ട്രഷറിയിലെ ഇന്ത്യൻ നിക്ഷേപം 200 ബില്യൻ ഡോളറിന് താഴെയുമെത്തി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച താരിഫ് യുദ്ധം, ലോകത്തിന്റെ വിവിധ മേഖലകളിൽ ഇനിയും ശമനമില്ലാതെ നിൽക്കുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ കറൻസികളുടെ വിനിമയനിരക്ക് അസ്ഥിരപ്പെടുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് ഉൾപ്പെടെ യുഎസ് ട്രഷറിയിൽ നിന്ന് നിക്ഷേപം വലിയതോതിൽ കുറച്ചതെന്നാണ് വിലയിരുത്തൽ.
കരുതൽ വിദേശ നാണയ ശേഖരത്തിന്റെ ഭാഗമാണ് ഇത്തരം നിക്ഷേപങ്ങൾ.
കറൻസികളുടെ മൂല്യം അസ്ഥിരമായതിനാൽ വിദേശ നാണയശേഖരത്തിൽ ഡോളറും മറ്റും വാങ്ങിക്കൂട്ടുന്നതിന് പകരം ഇപ്പോൾ ‘സുരക്ഷിത നിക്ഷേപം’ എന്നനിലയിൽ സ്വർണം വാങ്ങിവയ്ക്കാനാണ് റിസർവ് ബാങ്ക് ഉൾപ്പെടെ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമാണ് യുഎസ് ട്രഷറിയിലെ നിക്ഷേപം വെട്ടിക്കുറയ്ക്കലെന്നാണ് സൂചന.
2025 ഒക്ടോബർ 25 പ്രകാരമുള്ള കണക്കനുസരിച്ച് യുഎസ് ട്രഷറിയിൽ ഇന്ത്യയുടെ നിക്ഷേപം 190 ബില്യൻ ഡോളറാണ്.
മുൻവർഷത്തെ സമാനകാലയളവിനേക്കാൾ 50.7 ബില്യൻ ഡോളർ കുറഞ്ഞു. ഇതേകാലയളവിൽ റിസർവ് ബാങ്കിന്റെ സ്വർണശേഖരം 866.8 മെട്രിക് ടണ്ണിൽ നിന്ന് 880.18 മെട്രിക് ടൺ ആയെന്നത്, സ്വർണത്തോടുള്ള താൽപ്പര്യവും വ്യക്തമാക്കുന്നു.
യുഎസ് ട്രഷറിയിൽ ചൈനയുടെ നിക്ഷേപം 760.1 ബില്യനിൽ നിന്ന് 688.7 ബില്യനിലേക്കും ബ്രസീലിന്റേത് 228.8 ബില്യനിൽ നിന്ന് 167.7 ബില്യനിലേക്കും കുറഞ്ഞിട്ടുണ്ട്.
അതേസമയം ജപ്പാൻ, യുകെ, ബെൽജിയം, കാനഡ, ഫ്രാൻസ്, യുഎഇ എന്നിവ നിക്ഷേപം കൂട്ടുകയാണുണ്ടായത്.
യുഎസ് നേരിടുന്ന സാമ്പത്തികഞെരുക്കം മൂലം കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് ഇനിയും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ട്. ഇത് ട്രഷറി നിക്ഷേപത്തെ അനാകർഷകമാക്കുമെന്നതും ഇന്ത്യയും ചൈനയും ആശങ്കയോടെ കാണുന്നുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

